ADVERTISEMENT

ചെന്നൈ ∙ ആൾദൈവം നിത്യാനന്ദ ഒളിവിലിരുന്നു നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഒട്ടേറെ കേസുകളിൽ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും അദ്ദേഹം ഹാജരാകുന്നില്ലെന്നു പറഞ്ഞ കോടതി, ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടോയെന്നും ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ബലാത്സംഗം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ നിത്യാനന്ദ ഏറെക്കാലമായി ഒളിവിലാണ്. 2010ൽ നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം കിട്ടി. നിത്യാനന്ദ രാജ്യം വിട്ടതായി 2020ൽ ഇതേ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. നിത്യാനന്ദ എവിടെയാണുള്ളതെന്നു വ്യക്തമല്ല. കഴിഞ്ഞവർഷം, നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാജ്യമായ കൈലാസയുമായി കരാർ ഒപ്പിട്ട് പാരഗ്വായ് കൃഷിമന്ത്രാലയം പുലിവാലു പിടിച്ചിരുന്നു. സംഭവം വിവാദമായതോടെ വകുപ്പു തലവൻ അർനാൾഡോ ചമോറോയെ നീക്കി.

നേരത്തേ, കൈലാസയുടെ പ്രതിനിധി ജനീവയിലെ യുഎൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം കിട്ടിയെന്നു നിത്യാനന്ദ സമൂഹമാധ്യമത്തിൽ പങ്കുവച്ചതു ചർച്ചയായി. മരിച്ച ശേഷം തന്റെ സമ്പത്തും മൃതദേഹവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്നു നിത്യാനന്ദ പറഞ്ഞിരുന്നു. ഹിന്ദുത്വം സംരക്ഷിക്കാൻ എന്തും ചെയ്യുമെന്നും മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തിൽ സംസ്കരിക്കണമെന്നും സമ്പത്ത് ഇന്ത്യയ്ക്കു നൽകണമെന്നുമാണു പറഞ്ഞത്.

‘കൈലാസ’ത്തിൽ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേർക്ക് വീസ നൽകുമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ ആശ്രമത്തിൽനിന്ന് പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണു നിത്യാനന്ദ 2019ൽ നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നത്. ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് നിലവിലുണ്ട്. ഇതിനു ശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ടു കൊണ്ട് ‘കൈലാസ’ എന്ന പേരില്‍ സ്വകാര്യദ്വീപ്‌ വാങ്ങി അത് സ്വന്തം രാജ്യമായി പ്രഖ്യാപിച്ചത്.

English Summary:

Madras HighCourt Against Self-Proclaimed Godman Nithyananda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com