ഷാഹി ജുമാ മസ്ജിദിന്റെ സർവേയ്ക്കിടെ സംഘർഷം: 3 മരണം; പൊലീസ് വാഹനത്തിന് തീയിട്ട് പ്രതിഷേധക്കാർ
Mail This Article
ബറേലി∙ യുപി സംബാലിൽ ഷാഹി ജുമാ മസ്ജിദിന്റെ സർവേയ്ക്കിടെ വ്യാപക സംഘർഷം. മൂന്നുപേർ മരിച്ചു. 30 പൊലീസുകാർക്ക് പരുക്കേറ്റു. പൊലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ നടന്ന സർവേയ്ക്കിടെയാണ് സംഭവം. രാവിലെ ആറുമണിയോടെയാണ് സർവേ സംഘം മസ്ജിദിൽ എത്തിയത്. സർവേ ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം, സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ പൊലീസിന് നേർക്ക് കല്ലെറിയുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരെ നേരിടാൻ അയൽ ജില്ലകളിൽ നിന്ന് അധിക സേനയെ വിളിച്ചു വരുത്തി. മൊറാദാബാദ് ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംബാലിലേക്ക് എത്തിയിട്ടുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. സർവേ തടയാൻ ശ്രമിച്ച 10 പേരെ പൊലീസ് ബലപ്രയോഗത്തിലൂെട കസ്റ്റഡിയിൽ എടുത്തു. ചന്ദൗസിയിലെ സിവിൽ സീനിയർ ഡിവിഷൻ കോടതിയിൽ നവംബർ 19ന് കേള ദേവി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ നൽകിയ ഹർജിയെ തുടർന്നാണ് സർവേ നടപടിയിലേക്ക് കടന്നത്. സംബാലിലെ ഷാഹി ജുമാ മസ്ജിദ് യഥാർഥത്തിൽ ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നും 1529ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ഭരണകാലത്ത് ഇത് മുസ്‌ലിം പള്ളിയായി മാറ്റിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.