ADVERTISEMENT

ന്യൂഡൽഹി∙ സ്മാർട് സിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വകാര്യ വ്യക്തികൾക്ക് സ്മാർട്സിറ്റിയുടെ ഭൂമി നൽകില്ല. സർക്കാരിന്റെ നിയന്ത്രണത്തിലാകും ഭൂമി. നാടിന്റെ കുതിച്ചു ചാട്ടത്തിന് സഹായകരമായ രൂപത്തിൽ പദ്ധതിയെ ഉപയോഗിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്മാർട് സിറ്റി പദ്ധതിക്കായി ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിന് പാട്ടത്തിനു നൽകിയ 246 ഏക്കര്‍ തിരിച്ചു പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതി പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞും കാര്യമായ നിക്ഷേപം ആകർഷിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു നടപടി. സ്മാർട്സിറ്റി പദ്ധതിയിൽനിന്ന് പിൻവാങ്ങാൻ ടീകോം അഭ്യർഥിച്ചപ്പോൾ സർക്കാർ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാട്. ഇപ്പോഴത്തെ വിലയിൽ ഭൂമി എറ്റെടുക്കില്ല. 91.52 കോടിരൂപയാണ് അന്നത്തെ വില. അത് അതുപോലെ നിൽക്കും. അല്ലെങ്കിൽ ടീകോമിന് ഉയർന്ന വില കൊടുക്കേണ്ടിവരും. 

സ്മാർട്സിറ്റി ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ പോകുന്നു എന്നാണ് മറ്റൊരു പ്രചാരണം. സ്മാർട്സിറ്റി ഭൂമിയിൽ ഇൻഫോപാർക്കൊക്കെയായിരിക്കും ഷെയർ എടുക്കുക. ഇൻഫോപാർക്കിലും ടെക്നോപാർക്കിലും സർക്കാർ നേരിട്ടല്ല കമ്പനികൾ നടത്തുന്നത്. പക്ഷേ, നിയന്ത്രണം സർക്കാരിനാണ്. ഇൻഫോ പാർക്കോ ടെക്നോപാർക്കോ പൊതുമേഖലാ സ്ഥാപനങ്ങളോ ആണ് പണം കൊടുത്ത് സ്മാർട്സിറ്റി പദ്ധതിയുടെ ഭാഗമാകേണ്ടത്. പദ്ധതി ഇനിയും അനന്തമായി നീളാൻ കഴിയില്ല. ഭൂമിക്ക് വലിയ ആവശ്യക്കാരുണ്ട്. 

നിലവിലെ കരാറിന്റെ അകത്തു നിന്നായിരിക്കും തീരുമാനങ്ങളെടുക്കുക. എന്നാൽ കരാറിൽ പറയുന്നപോലെ വേണമെങ്കിൽ ഒരു പുതിയ കരാർ ഉണ്ടാക്കാം. അങ്ങനെ വന്നാൽ മറ്റു മധ്യസ്ഥ ചർച്ചകളുടെ കാലതാമസം ഒഴിവാക്കാം. കരാറിൽ പറഞ്ഞ കാര്യങ്ങൾക്ക് അകത്തുനിന്നേ കാര്യങ്ങൾ ചെയ്യാൻ കഴിയൂ. സ്മാർട്സിറ്റിക്ക് നഷ്ടപരിഹാരമല്ല നൽകുന്നത്. അവർക്കുള്ള 84 ശതമാനം ഓഹരി കൊടുക്കും. അങ്ങനെ വന്നാൽ കാലതാമസം ഒഴിവാക്കാൻ കഴിയും. തർക്കത്തിലേക്ക് പോയാൽ ഭൂമി ഉപയോഗിക്കാൻ കഴിയാതെ വരുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Kerala Government Asserts Control Over Smart City Land : Kerala Smart City Project land will remain under government control, as confirmed by Industries Minister P. Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com