മീൻതട്ട് ഇടുന്നതില്‍ തർക്കം, നടുറോഡിൽ ഏറ്റുമുട്ടി ഗുണ്ടകൾ; മീൻ മുറിക്കുന്ന കത്തി കൊണ്ട് ആക്രമണം - വിഡിയോ

Mail This Article
ആലപ്പുഴ∙ ഗുണ്ടകൾ തമ്മിൽ നടുറോഡിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി ബിനുവും ജോൺകുട്ടിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഗുരുതര പരുക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ചെട്ടികാട് ജംക്‌ഷനിൽ ഇന്നു ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് സംഭവം.
ജോൺകുട്ടിയും ബിനുവും മത്സ്യവിൽപന നടത്തിയാണ് ജീവിക്കുന്നത്. മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്റെ മീൻതട്ടിനു സമീപം മറ്റൊരാൾ മീൻതട്ട് വച്ചത് നേരത്തെ ജോൺകുട്ടി ചോദ്യം ചെയ്തിരുന്നു. ജോൺകുട്ടി എത്തി തട്ട് മറിച്ചിട്ടതിനു തുടർന്ന് ഇയാൾ വിൽപന അവസാനിപ്പിച്ചിരുന്നു. ഇന്ന് ജോൺകുട്ടിയുടെ വിൽപന സ്ഥലത്തെത്തി ബിനു ഇക്കാര്യം ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു.
ഇതിനു ശേഷം സ്കൂട്ടറിൽ തിരിച്ചുപോയ ബിനുവിനെ മീൻ മുറിക്കുന്ന കത്തി ഉപയോഗിച്ച് ജോൺകുട്ടി പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിന്നിലാണ് ബിനു ഇരുന്നിരുന്നത്. ആക്രമണത്തിനു പിന്നാലെ സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഇറങ്ങി മറ്റൊരു കത്തിയുമായി ജോൺകുട്ടിയെയും ആക്രമിച്ചു. തുടർന്ന് നടുറോഡിൽ വൻ സംഘർഷം ഉടലെടുക്കുകയായിരുന്നു. പൊലീസെത്തിയാണ് ജോൺകുട്ടിയെയും ബിനുവിനെയും ആശുപത്രിയിലെത്തിച്ചത്. ഇവിടെവച്ചും ഇരുവരും പരസ്പരം പോർവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു.