‘ജഡ്ജിമാര്‍ നിയമത്തിന് മുകളിലല്ല’: റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

Mail This Article
കൊച്ചി∙ പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തുടർനടപടിക്രമങ്ങൾ പാലിക്കുമെന്നും ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം പോലും നടത്താതെയാണു ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതി ചേർത്തതെന്ന് കാട്ടി ഒരുകൂട്ടം അഭിഭാഷകർ നൽകിയ ഹർജിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മുദ്രവച്ച കവറിൽ കോടതിക്ക് വിവരങ്ങൾ കൈമാറിയത്. തുടർന്ന് ഇക്കാര്യം പരിഗണിച്ച കോടതി കേസ് തീർപ്പാക്കി. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന കാര്യം പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനോടും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും കേസ് പരിഗണിച്ചപ്പോൾ ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയിൽ വ്യക്തമാക്കി. അത്തരമൊരു കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനു പരിഹാരം കാണാനുള്ള സംവിധാനവും ആ ‘സിസ്റ്റ’ത്തിലുണ്ട് എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ജഡ്ജിമാര്‍ നിയമത്തിന് മുകളിലല്ലെന്ന് പൊതുസമൂഹം വിമര്‍ശിക്കുമെന്നും ആ വിമര്‍ശനം പരിഗണിക്കപ്പെടേണ്ടതാണെന്നും കോടതി ഇതിനിടയിൽ നിരീക്ഷിച്ചു. എന്നാൽ ഒരു ജഡ്ജിക്കെതിരെ കേസെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ടാകും. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. തുടർന്നാണ് രാമചന്ദ്രൻ നായർക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയത്.
പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണ പൊലീസാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത്. ഭരണഘടനാ പദവിയിലിരുന്ന ഒരാൾക്കെതിരെ കേസ് എടുക്കുമ്പോൾ മനസ്സിരുത്തിയാണോ അതു ചെയ്തതെന്ന് നേരത്തേ കോടതി ചോദിച്ചിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലാവണം ഇത്തരം നടപടികളെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ മൂന്നാം പ്രതിയാക്കിയതെന്ന് ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പെരിന്തൽമണ്ണ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എൻ.ജി.ഒ. കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദ കുമാർ ഒന്നാം പ്രതിയും കോഓർഡിനേറ്റർ അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്. ഈ സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ മൂന്നാം പ്രതിയാക്കിയത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിഷൻ കൂടിയാണ് ജസ്റ്റിസ് രാമചന്ദ്രൻ നായര്‍.