‘മാർകോ കണ്ടത് രണ്ടു കമ്മിറ്റികൾ, കുറേ സീനുകൾ ഒഴിവാക്കി’: ഒടിടിയിൽ ‘കട്ട്’ ഇല്ല; എന്താണ് സെൻസർ ബോർഡ് ചെയ്യുന്നത്?

Mail This Article
തിരുവനന്തപുര∙ മാര്‍കോ പോലുള്ള സിനിമകള്‍ കേരളത്തിലെ യുവതയെ അക്രമികളാക്കി മാറ്റിമറിച്ചോ എന്നതാണ് സംസ്ഥാനത്തു കുറച്ചു ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ച. സിനിമ വലിയ തോതിലുള്ള ദുസ്വാധീനം കുട്ടികളില്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നുവെന്നും വയലന്‍സ് ആഘോഷിക്കപ്പെടുന്ന രീതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും അവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. അതുതന്നെയാണ് യഥാര്‍ഥ പ്രശ്നമെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പക്ഷെ അതിന് സെന്‍സര്‍ ബോര്‍ഡ് എന്നു പരക്കെ അറിയപ്പെടുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) എന്ന സ്ഥാപനത്തെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ഓരോ സിനിമയും കണ്ട് കഥാതന്തുവിന് ആവശ്യമില്ലാത്തതായി ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി സിനിമയ്ക്ക് സര്ട്ടിഫിക്കേഷന് നല്‍കുക മാത്രമാണ് സിബിഎഫ്സി ചെയ്യുന്നത്. ഇത്ര പ്രായത്തിലുള്ളവര്‍ക്കു കാണാന്‍ കഴിയുന്ന സിനിമ എന്നു തരംതിരിച്ചാണ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്. സിനിമയുടെ പോസ്റ്ററില്‍ ഉള്‍പ്പെടെ അതു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഏതു സര്ട്ടിഫിക്കേഷനാണെന്നു തിരിച്ചറിഞ്ഞ് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം അതു കാണണോ വേണ്ടയോ എന്നു വിവേചനപരമായി തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്. സിഗരറ്റിനും മദ്യത്തിനും നല്കുന്ന മുന്നറിയിപ്പു പോലെ തന്നെയാണ് സിനിമയ്ക്കുള്ള സര്‍ട്ടിഫിക്കേഷനും. മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സ്വയം ഉത്തരവാദിത്തവും ഏല്ക്കേണ്ടിവരുമെന്നും സിനിമാ രംഗത്തുള്ളവര്‍ പറയുന്നു. രണ്ടു മണിക്കൂര്‍ തിയറ്ററില്‍ പോയിരുന്നു കാണുന്ന സിനിമയാണ് കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതെന്ന വാദം ബാലിശമാണെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു പല ഘടകങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്നും ഇവര്‍ വിമര്‍ശിക്കുന്നു.
1951ലെ സിനിമോട്ടോഗ്രാഫ് നിയമം, 2024ലെ സിനിമോട്ടോഗ്രാഫ് (സര്ട്ടിഫിക്കേഷന്) നിയമം, സിനിമോട്ടോഗ്രാഫ് നിയമത്തിലെ സെക്ഷന്‍ 5ബി അനുസരിച്ച് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍, 1994ലെയും 1995ലെയും കേബിള്‍ ടിവി നെറ്റ്വര്‍ക്ക് നിയമം, 2003,2004 സിഗരറ്റ് ആന്‍ഡ് ടൊബാക്കോ പ്രോഡക്ട്സ് നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം, ചിഹ്നങ്ങളും പേരുകളും ദുരുപയോഗിക്കുന്നത് തടയല്‍ നിയമം, ഡ്രഗ് ആനഡ് മാജിക് റെമഡീസ് നിയമം, പിന്നാക്ക, ഗോത്ര വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം തടയല്‍ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമം മുതലായ നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫിലിം സര്ട്ടിഫിക്കേഷന് നടത്തുന്നത്.
സമൂഹത്തിന്റെ മൂല്യങ്ങളോടും ആദര്‍ശങ്ങളോടും സിനിമകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിബിഎഫ്സി വ്യക്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് അത്യാവശ്യമെങ്കില്‍ മാത്രം കുട്ടികള്‍ക്കെതിരായ അക്രമം, ലൈംഗികരംഗങ്ങള്‍, മയക്കുമരുന്നു ഉപയോഗ സീനുകള്‍ എന്നിവ ഏറ്റവും മിതമായ തരത്തില്‍ ഉള്‍പ്പെടുത്തുക എന്ന മാനദണ്ഡം സര്ട്ടിഫിക്കേഷന് സമയത്തു പാലിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പൊതുപ്രദര്‍ശനത്തിനുള്ള സിനിമകള്‍ക്കു മാത്രമായി എ, യു, യുഎ 7 പ്ലസ്, 13 പ്ലസ്, 16 പ്ലസ്, എസ് എന്നീ തരത്തിലാണ് സിബിഎഫ്സി സര്ട്ടഫിക്കേഷന് നല്‍കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ പ്രായപൂര്ത്തിയാവര്ക്കു മാത്രമേ കാണാന്‍ അനുവാദമുള്ളു. ഇതില്‍ അക്രമം, ലൈംഗികത തുടങ്ങിയ സീനുകള്‍ ഉണ്ടാകും. എന്നാല്‍ സ്ത്രീകളെയോ ഒരു വിഭാഗത്തെയോ അപമാനിക്കുന്ന വാക്കുകള്‍ അനുവദിക്കില്ല. ഡോക്ടര്‍മാര്‍, ഗവേഷകര്‍ തുടങ്ങി പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രം കാണാവുന്നതാണ് എസ് സര്ട്ടിഫിക്കേഷന് ചിത്രങ്ങള്‍.
മാര്‍കോ എന്ന ചിത്രം രണ്ടു കമ്മറ്റികള്‍ കണ്ടതിനു ശേഷമാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സിബിഎഫ്സി തിരുവനന്തപുരം റിജനല് ഓഫിസര്‍ നദീം തുഫൈല്‍ പറഞ്ഞു. 'സിനിമ കേരളത്തിലെ 5 അംഗ എക്സാമിനേഷന് കമ്മിറ്റി കണ്ടതിനു ശേഷം അതില്‍ വയലന്‍സിന്റെ അതിപ്രസരം ഉണ്ടെന്നു ചൂണ്ടിക്കാട്ടി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് ചെയര്‍പേഴ്സണ്‍ 10 പേരടങ്ങുന്ന റിവൈസിങ് സമതിക്കു നല്‍കിയിരുന്നു. സിബിഎഫ്സി ബോര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ച കേരളത്തില്‍നിന്നു തന്നെയുള്ള റിവൈസിങ് സമിതി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കുറേയേറെ വയലന്‍സ് സീനുകള്‍ ഒഴിവാക്കി സിനിമയുടെ തുടക്കത്തിലും ഉടനീളവും മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എ സര്‍ട്ടിഫിക്കറ്റ് ശുപാര്‍ശ ചെയ്തത്. അതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.' - നദീം പറഞ്ഞു.
മുന്നിലെത്തുന്ന ചിത്രങ്ങള്‍ ഏതു വിഭാഗത്തില്‍പെടുന്ന പ്രേക്ഷകര്‍ക്ക് അനുയോജ്യമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് സിബിഎഫ്സി പ്രധാനമായും ചെയ്യുന്നതെന്ന് നദീം തുഫൈല്‍ പറയുന്നു. 'കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്ട്ടിഫിക്കേഷന് നടത്തുക. ഏല്ലാ സിനിമകളും കണ്ണുമടച്ച് വേര്‍തിരിക്കുക അല്ല ചെയ്യുന്നത്. കഥ പറയുന്നതിന് ആവശ്യമായ ഉള്ളടക്കം മാത്രം അനുവദിച്ചുകൊണ്ട്, ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കും. കഥയ്ക്ക് അത്രയേറെ ആവശ്യമുള്ളവ ഉള്‍പ്പെടുത്തി ഏത് പ്രായവിഭാഗത്തിനാണ് അനുയോജ്യം എന്ന് നോക്കും. സെന്‍സറിങ് എന്ന വാക്കാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിട്ടാണ് ഏതു സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു ശുപാര്‍ശ ചെയ്യുന്നത്. ചര്‍ച്ചയില്‍ എ സര്‍ട്ടിഫിക്കറ്റില്‍ താഴെയുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നു നിര്‍മാതാവ് പറഞ്ഞാല്‍ അത്തരം സീനുകള്‍ ഒഴിവാക്കി താഴ്ന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യാറുണ്ട്. മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ത്രികോണ ചിഹ്നം ഉണ്ടാകും. എന്തൊക്കെ മാറ്റങ്ങളാണ് ശുപാര്‍ശ ചെയ്തതെന്ന് സര്‍ട്ടിഫിക്കറ്റിലുള്ള ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്കു തന്നെ അറിയാന്‍ കഴിയും.' - നദീം പറഞ്ഞു.

തിയറ്ററിലേക്കു കുടുംബമായി സിനിമാ കാണാന്‍ പോകുമ്പോള്‍ പ്രേക്ഷകര്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും നദീം തുഫൈല്‍ ചൂണ്ടിക്കാട്ടുന്നു. 'ഏതു സര്ട്ടിഫിക്കേഷന് ഉള്ള സിനിമയാണ് കാണാന്‍ പോകുന്നതെന്ന് എപ്പോഴും ശ്രദ്ധിക്കണം. അതുപോലെ തന്നെ തിയറ്റര്‍ ഉടമയ്ക്കും ഉത്തരവാദിത്തമുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ക്ക് 18 വയസില്‍ താഴെയുള്ള ആരെയും തിയറ്ററിനുള്ളില്‍ കടത്താന്‍ പാടില്ലെന്നും കര്‍ശനമായ നിയമമുണ്ട്. പ്രവേശിച്ചതായി കണ്ടെത്തിയാല്‍ ഒരാള്‍ക്ക് 10000 രൂപ വീതം പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു ശുപാര്‍ശ നല്‍കും. പലപ്പോഴും മാതാപിതാക്കള്‍ തന്നെ കുട്ടികളുമായി എത്തി വഴക്കടിച്ച് അവരെ കൂടി കയറ്റുകയാണ് ചെയ്യുന്നത്. യുഎ 7 പ്ലസ്, 13 പ്ലസ്, 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണെങ്കില്‍ അതില്‍ ഇന്നയിന്ന ഉള്ളടക്കമുണ്ടെന്നതിന്റെ മുന്നറിയിപ്പാണ്. അതത് പ്രായപരിധിയിലുള്ള കുട്ടിയാണെങ്കില്‍ അതു കാണിക്കണോ എന്നതു മാതാപിതാക്കളുടെ തീരുമാനമാണ്. പലപ്പോഴും അതു ശ്രദ്ധിക്കപ്പെടാറില്ല.' - നദീം ചൂണ്ടിക്കാട്ടുന്നു.
പൊതുപ്രദര്‍ശനത്തിനുള്ള സിനിമകള്‍ക്കു മാത്രമാണ് സിബിഎഫ്സി സര്ട്ടിഫിക്കേഷന് നടത്തുന്നതെന്നും ഒടിടി പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് അതു ബാധകമല്ലെന്നും നദീം തുഫൈല്‍ പറഞ്ഞു. 'ഒടിടി പൊതുപ്രദര്‍ശന മീഡിയ അല്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തില്‍ 2021ല്‍ ഉള്‍പ്പെടുത്തി ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍ ആന്‍ഡ് ഡിജിറ്റല്‍മീഡിയ എത്തിക്സ് റൂള്‍ പ്രകാരം സ്വയം നിയന്ത്രണത്തിനുള്ള ത്രിതലസംവിധാനമാണ് ഇപ്പോഴുള്ളത്. അതില്‍ വരുന്ന ഉള്ളടക്കം സംബന്ധിച്ച് പരാതി നല്കിയ നടപടി സ്വീകരിക്കാന്‍ കഴിയും. പക്ഷെ പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍ക്കു മുന്‍കൂട്ടി നിയന്ത്രണമോ സര്‍ട്ടിഫിക്കേഷനോ ഒന്നുമില്ല. ഇത്തരം മീഡിയത്തില്‍ വരുന്ന ഉള്ളടക്കം സംബന്ധിച്ച് നിയന്ത്രണം വരേണ്ടതു വീടുകളില്‍നിന്നാണ്. സര്‍ക്കാരിന് അതു നിയന്ത്രിക്കാന്‍ കഴിയില്ല. കുട്ടികള്‍ എന്താണ് കാണുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ നിരീക്ഷിക്കണം. ഒടിടിയിലും ഏതു തരം ഉള്ളടക്കമാണുള്ളതെന്ന് കൃത്യമായി സൂചിപ്പിച്ച് പ്രായപരിധി ചൂണ്ടിക്കാട്ടാറുണ്ട്. ഒടിടികള്‍ സംബന്ധിച്ച് പ്രാഥമികമായ ഉത്തരവാദിത്തം വീടുകളിലുള്ള മുതിര്‍ന്നവര്‍ക്കു തന്നെയാണ്. സിനിമകളേക്കാള്‍ അപകടകരമാണ് ഇന്റാക്ടീവ് ഗെയിമുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ ലഭ്യമായ കാര്യങ്ങള്‍. ആ സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ടെക്നോളജിയുടെ കൃത്യമായ ഉപയോഗം കുട്ടികളെ പറഞ്ഞു മനസിലാക്കി നിയന്ത്രിക്കുകയാണ് വേണ്ടത്. ' - നദീം പറഞ്ഞു.