ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോട്ടയം∙ ഒരു കുഞ്ഞൻ വൈറസ് ഇന്ത്യയെന്ന മഹാരാജ്യത്തെ നിശ്ചലമാക്കിയിട്ട് ഇന്ന് അഞ്ചു വർഷം തികഞ്ഞു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് 2020 മാർച്ച് 24നാണ്. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പുറകിലേക്കു പോകുമെന്നായിരുന്നു പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ. പക്ഷേ പിന്നീട് പല ഘട്ടങ്ങളിലായി മേയ് 31 വരെ ലോക്ഡൗൺ നീട്ടി. അതിനു ശേഷവും പല സംസ്ഥാനങ്ങളിലും പല സോണുകളിലായി അതു തുടർന്നു. ലോക്ഡൗൺ പ്രഖ്യാപന സമയത്ത് ഇന്ത്യയിൽ 500 പേരായിരുന്നു കോവിഡ് ബാധിതർ. പക്ഷേ ഏപ്രിൽ ആദ്യം തന്നെ അത് ആയിരങ്ങളിലേക്ക് ഉയർന്നതാണ് ലോക്ഡൗൺ നീളാൻ കാരണമായത്. 

ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം അടച്ചുപൂട്ടി. വീടുകളിൽനിന്നു പുറത്തിറങ്ങാനോ മറ്റുള്ളവരെ കാണാനോ കഴിയാതെ ജനങ്ങൾക്ക് അടച്ചിരിക്കേണ്ടിവന്നു. മറ്റു നാടുകളിൽ ജോലി ചെയ്തിരുന്ന പലർക്കും സ്വന്തം നാട്ടിലേക്കു മടങ്ങാനായില്ല. രാജ്യമാകെ 1.20 കോടിയോളം അതിഥിത്തൊഴിലാളികൾക്കു ജോലി നഷ്ടപ്പെട്ടു. സ്വന്തം സംസ്ഥാനങ്ങളിലേക്ക് അവർ കാൽനടയായി നടത്തിയ കൂട്ടപ്പലായനത്തിനു രാജ്യം സാക്ഷിയായി. മാസ്കും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണയും കോവിഡും ലോക്ഡൗണുമൊക്കെ പരിചിതമായ വാക്കുകളായി.  

വീടുകൾ ഓഫിസും ക്ലാസ്മുറിയുമൊക്കെയായി. ക്ലാസുകൾ ഓൺലൈനായി. വർക്ക് ഫ്രം ഹോം ഇന്ത്യക്കാർക്കു ശീലമായി. ഓൺലൈൻ ക്ലാസുകൾക്കൊപ്പം എജ്യുക്കേഷൻ ആപ്പുകൾക്കും വലിയ പ്രചാരം ലഭിച്ചു. സ്മാർട് ഫോൺ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി. സിനിമ തിയറ്ററുകൾ അട​ഞ്ഞുകിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ സമയം തെളിഞ്ഞു. അത് സിനിമാ വ്യവസായത്തിലുണ്ടാക്കിയ സ്വാധീനം വളരെവലുതായിരുന്നു. ലോക സിനിമയുടെ വിശാലമായ ലോകത്തേക്ക് സിനിമാപ്രേമികളെത്തി. നമ്മുടെ സിനിമയുടെ കണ്ടന്റും മേക്കിങ്ങും അടക്കമുള്ള ഘടകങ്ങളെ അതു സ്വാധീനിച്ചു.

വീടിനുള്ളിൽ ഒതുങ്ങിയ മനുഷ്യർ സാമൂഹ്യമാധ്യമങ്ങളിലൂടെ വിനോദം കണ്ടെത്താൻ ശ്രമിച്ചതും അവരുടെ കഴിവുകൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കാൻ തുടങ്ങിയതും പുതിയ തൊഴിൽ സാധ്യതകളിലേക്കു വഴി തുറന്നു. യൂട്യൂബർ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ തുടങ്ങിയ പുതിയ തൊഴിലുകൾ വളർന്നുവന്നു. മറ്റു മനുഷ്യരുമായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ താൽപര്യം ക്ലബ്ഹൗസ് പോലുള്ള ആപ്പുകളുടെ വളർച്ചയ്ക്കും കാരണമായി. 

ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചൈനയിൽ ഏതോ വൈറസ് ബാധിച്ച് ആളുകൾ മരിക്കുന്നുണ്ടെന്ന വാർത്ത വായിച്ചിരുന്ന മലയാളിയുടെ ഇടയിലേക്ക് കൊറോണ വൈറസ് എത്തിയത് വളരെ പെട്ടെന്നായിരുന്നു. നിപ വൈറസിനെ പ്രതിരോധിച്ച അനുഭവസമ്പത്തിന്റെ കരുത്തിൽ കൊറോണ വൈറസിനെയും കേരളം പ്രതിരോധിച്ചു. അഞ്ചുവര്‍ഷത്തിനിപ്പുറം മാസ്‌കും സാനിറ്റൈസറുമെല്ലാം നമ്മുടെ ജീവിതത്തിൽനിന്നു ഇല്ലാതായി. കൊറോണ സാധാരണ വൈറസുമായി മാറി. എങ്കിലും 2024 ൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ നമുക്കുമുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള കരുതൽ തുടരേണ്ടതുണ്ട്.

English Summary:

Five Years Since India's COVID-19 Lockdown: A Story of Resilience and Loss

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com