യെമനിൽ വ്യോമാക്രമണം കടുപ്പിച്ച് യുഎസ്: മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു; സനയിൽ ബോംബ് വർഷം

Mail This Article
സന∙ യെമനിൽ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്ര വ്യാപാരത്തിൽ നിർണായകമായ ചെങ്കടലിൽ ഹൂതി ആക്രമണം വർധിച്ചതോടെയാണ് യുഎസ് സനയിൽ വ്യോമാക്രമണം കടുപ്പിച്ചത്. സനയിൽ രാത്രി മുഴുവൻ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ച് ആക്രമണം കടുപ്പിച്ചതോടെ ചെങ്കടലിലൂടെ വരുന്ന കപ്പലുകളെ ഹൂതികൾ ലക്ഷ്യംവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഇറാൻ പിന്തുണയുള്ള സായുധ സംഘത്തിനെ ലക്ഷ്യമിട്ട് സനയിൽ യുഎസ് ആക്രമണം കടുപ്പിച്ചത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള മാരിബ് പ്രവിശ്യ, ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദ, സാദ നഗരം എന്നിവിടങ്ങളിലും യുഎസ് വ്യോമാക്രമണം നടത്തുന്നുണ്ട്. ഹൂതി ഭീഷണി കാരണം യുഎസ് കപ്പലുകള്‍ സൂയസ് കനാൽ ഒഴിവാക്കാൻ നിർബന്ധിതരാകുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഞായറാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ഐഡിഎഫ് വിജയകരമായി തകർത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച യുഎസ് വ്യോമാക്രമണത്തിൽ യമനിൽ 79 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.