‘ലൈഫ് മിഷൻ കെട്ടിട ബലപരിശോധനയ്ക്ക് ഇനിയും സമയം ചോദിച്ചാൽ കോടതി ഏജൻസിയെ വയ്ക്കും; ചെലവ് സർക്കാർ വഹിക്കണം’

Mail This Article
കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിന്റെ ബലപരിശോധനയ്ക്ക് കൂടുതൽ സമയം ചോദിച്ച സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ബലപരിശോധന സംബന്ധിച്ച് ഉത്തരവ് ജനുവരിയിൽ പുറപ്പെടുവിച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന് ഇനിയും സമയം വേണമെന്നാണു പറയുന്നതെങ്കിൽ കോടതി തന്നെ ഒരു ഏജൻസിയെ നിയോഗിക്കും. സർക്കാർ അതിന്റെ ചെലവ് വഹിക്കേണ്ടി വരും. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ പാലക്കാട് ഐഐടി ബലപരിശോധന നടത്തുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് എന്ന് പൂർത്തിയാകുമെന്ന് കോടതി ആരായുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ബലപരിശോധന സംബന്ധിച്ച പഠനത്തിൽനിന്നു പാലക്കാട് ഐഐടി പിന്മാറിയെന്ന് സർക്കാർ വ്യക്തമാക്കി. മദ്രാസ് ഐഐടി പോലെയുള്ള ഏജൻസികളെ ഏൽപിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന് ആറു മാസത്തെ സമയം കൂടി ആവശ്യമാണെന്നും സർക്കാർ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ വിമർശനം.
സർക്കാരിന്റ ആവശ്യം പൂർണമായി തള്ളുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇത് ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവാണ്. സർക്കാരിനു താൽപര്യമില്ലെങ്കിൽ പരിശോധനയ്ക്കുള്ള ഏജൻസിയെ തങ്ങൾ നിയോഗിക്കാം. ഇതിനുള്ള പണം സർക്കാർ നൽകണം. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം സർക്കാർ നിലപാടറിയിക്കണം. കൃത്യമായി മറുപടിയില്ലെങ്കിൽ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബലപരിശോധന സംബന്ധിച്ച് ജനുവരിയിയിൽ ഉത്തരവ് വന്നെങ്കിലും മാർച്ച് ആദ്യമാണ് പാലക്കാട് ഐഐടിയെ സർക്കാര്‍ നിയോഗിച്ചത്.