ടൗൺഷിപ്പിന്റെ കൂടെ കോൺഗ്രസിന്റെ വീടുമുണ്ടാകുമെന്ന് സതീശൻ; സർക്കാർ സ്ഥലം അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധി

Mail This Article
കൽപറ്റ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പ്രിയങ്ക ഗാന്ധി. ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. എന്നാൽ ടൗൺഷിപ്പിന്റെ കൂടെ കോൺഗ്രസിന്റെ വീടുമുണ്ടാകുമെന്നാണ് ആദ്യം പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്.
രാഹുല്‍ ഗാന്ധി എംപി നൂറു വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വീടുകളും ഈ പദ്ധതിക്കൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധി കൂടി ഇടപെട്ടിട്ടാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൂറു വീടുകള്‍ വാഗ്ദാനം ചെയ്തതെന്നും സതീശൻ പ്രസംഗിച്ചു. എന്നാൽ എവിടെ വീടുകൾ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു സതീശൻ പിന്നീട് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ നിർമിക്കും. സ്ഥലം വാങ്ങി നിർമിക്കണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. വീടുകളുടെ നിർമാണത്തിനായി സ്പോൺസർമാരിൽ നിന്ന് സർക്കാർ ആവശ്യപ്പെട്ട തുകയിൽ മാറ്റം വന്നു. ഇതോടെയാണ് വീടുകൾ നിർമിക്കുന്ന കാര്യം അന്തിമ തീരുമാനത്തിൽ എത്താതിരുന്നത്.
ഗുണഭോക്താക്കളുടെ ലിസ്റ്റ് മൂന്നു മണിക്കൂറുകൊണ്ട് തയാറാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അത് എട്ടുമാസമായിട്ടും പൂർത്തിയായില്ല. അക്കാര്യത്തിൽ അനാവശ്യമായ കാലതാമസം വന്നു. വാടക കൊടുക്കുന്ന കാര്യത്തിൽ മുടക്കം വന്നു. 300 രൂപ വീതം പ്രതിദിനം കൊടുക്കുന്നത് നിർത്തിവച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് ചികിത്സാ സഹായം മുടങ്ങി. നിരവധി പാളിച്ചകളുണ്ടായി. അതെല്ലാം ചൂണ്ടിക്കാണിക്കുകയും പരിഹരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അളക്കാൻ കഴിയാത്ത ദുരന്തമാണുണ്ടായതെന്നു പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. ഒരു വശത്തു ദുരന്തമുണ്ടായപ്പോൾ മറുവശത്ത് ഒരുമയാണുണ്ടായത്. നമ്മുടെ കൂടെ ഇല്ലാതായവരെ ഓർക്കാനുള്ള ചടങ്ങ് കൂടിയാണിത്. ടൗൺഷിപ് ഒരുമയുടെ വലിയ ചുവടുവയ്പ്പാണ്. സമയബന്ധിതമായി ടൗൺഷിപ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത സ്ഥലം സന്ദർശിച്ചിട്ടും ഒന്നും ചെയ്തില്ല. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമ്മിക്കുന്നതിനു സ്ഥലം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുരന്ത ബാധിതർക്ക് വീട് തിരിച്ചുകിട്ടുന്നതു വരെ കൂടെയുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.