ഗാസയിൽ ഒഴിപ്പിക്കൽ വീണ്ടും; ബോംബിങ്ങിൽ മരണം 23

Mail This Article
ജറുസലം ∙ ഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ, കൂടുതൽ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 24 മണിക്കൂറിനിടെ 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ, ഷെജയ്യ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിൽനിന്നാണ് ഒഴിപ്പിക്കുന്നത്. യുദ്ധത്തിൽ തകർന്ന ഈ പ്രദേശങ്ങളിലേക്ക് ജനുവരിയിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിനു പലസ്തീൻകാർ താൽക്കാലിക പാർപ്പിടകേന്ദ്രങ്ങളിലാണു താമസിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഗാസയിൽ 270 കുട്ടികൾ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ സേവ് ദ് ചിൽഡ്രൻ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അൽ ജസീറ റിപ്പോർട്ടറായ ഹസം ഷബത് കൊല്ലപ്പെട്ടു.ഇതേസമയം, ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ പൂർണമായും പിടിച്ചെടുക്കുമെന്ന ഭീഷണി പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ആവർത്തിച്ചു.ഇതിനിടെ, സിറിയയിലെ 2 സൈനികത്താവളങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ സിറിയയിൽ ഹിസ്ബുല്ല ബന്ധമുള്ള സായുധവിഭാഗങ്ങളും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ വെടിവയ്പുണ്ടായി.യെമനിൽ യുഎസ് ആക്രമണം തുടരുന്നതിനിടെ, ഇസ്രയേലിലേക്ക് ഇന്നലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി.