ADVERTISEMENT

ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ പറ്റിയ മൂന്ന് രുചികരമായ ചട്നി രുചികളാണ് ലക്ഷ്മി നായർ ഇവിടെ പരിചയപ്പെടുത്തുന്നത്. തക്കാളി ചട്ണി, തേങ്ങാചമ്മന്തി, റസ്റ്ററന്റ് സ്റ്റൈൽ തേങ്ങാചമ്മന്തി എന്നീ രുചികൾ പ്രഭാത ഭക്ഷണത്തിന്റെ രുചികൂട്ടും.

തക്കാളി ചട്ണി

  • തക്കാളി(പഴുത്തത്) – 2 എണ്ണം
  • സവോള – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • വെളുത്തുള്ളി– 3 വലിയ അല്ലി
  • വെളിച്ചെണ്ണ(നല്ലെണ്ണയും ഉപയോഗിക്കാം) – ആവശ്യത്തിന്
  • കായപ്പൊടി – ½ ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – അരകപ്പ്

താളിക്കാൻ

  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂണ്‍
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ – ½ ടീസ്പൂൺ
  • വറ്റൽമുളക് –3–4 എണ്ണം
  • കറിവേപ്പില

തയാറാക്കുന്ന വിധം

ഒരു ഫ്രൈപാനിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി വെളുത്തുള്ളി പച്ചമുളക് സവാള ഇതെല്ലാം കൂടി ഒരുമിച്ച് ഇട്ട് വേവിക്കുക. ഒന്നു വഴന്നു വരുമ്പോൾ കായപ്പൊടി ചേർക്കുക. ഇവയെല്ലാം ഒന്നു വാടിക്കഴിയുമ്പോൾ 1 ടേബിൾ സ്പൂൺ പിരിയൻ മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. അതിന്റെ പച്ചചുവ മാറിക്കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഇത് ഒന്നു തണുത്തു കഴിയുമ്പോൾ ഒരു മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുക്കുക (രണ്ടു വട്ടം കറക്കി യാൽ മതിയാവും). ഇനി ഇതൊന്നു താളിച്ചെടുക്കുക. വെളിച്ചെണ്ണയോ നല്ലെണ്ണയോ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് മുളക് മൂത്ത് കഴിയുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി ഉപയോഗിക്കുക.

തേങ്ങാചമ്മന്തി

  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ഇഞ്ചി (വേണമെങ്കിൽ) – 1 ചെറിയ കഷണം
  • ചെറിയ ഉള്ളി – 3 എണ്ണം
  • മുളകുപൊടി– 1 ½ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പച്ചമുളക് – 1 എണ്ണം
  • വെള്ളം– അര കപ്പ്


താളിക്കാൻ

  • കടുക് – 1 ടീസ്പൂൺ
  • വറ്റല്‍മുളക് – 2 എണ്ണം
  • ചെറിയ ഉള്ളി – 3 എണ്ണം
  • ഇഞ്ചി
  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

മിക്സിയുടെ ചെറിയ ജാറിൽ തേങ്ങയും ഇഞ്ചിയും ഉപ്പും ചെറിയ ഉള്ളിയും മുളകുപൊടിയും എല്ലാം കൂടി ചേർത്ത് ആദ്യം വെള്ളം ചേർക്കാതെ ഒന്ന് അടിച്ചെടുക്കുക. അതിനു ശേഷം കുറച്ച് വെള്ളം ചേർത്ത് ഒന്നു കൂടി അരയ്ക്കുക. നല്ല പേസ്റ്റ് പോലെ അരയണം. ഇങ്ങനെ അരഞ്ഞതിലേക്ക് പച്ചമുളക് (1 എണ്ണം) കൂടി ചേർത്ത് വീണ്ടും അരയ്ക്കുക.

ഇനി ഇത് കടുക് താളിച്ച് ഉപയോഗിക്കാം.

ഒരു ഫ്രൈ പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് ചെറിയ ഉള്ളി ഇട്ട് അത് ഒന്നു വഴന്നു കഴിയുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് ഇതിലേക്ക് ചമ്മന്തിയുടെ കൂട്ടും വെള്ളവും (മുക്കാൽ കപ്പ്) ചേർത്ത് നന്നായി ഇളക്കുക. തിളയ്ക്കരുത്.

തേങ്ങാചമ്മന്തി (റസ്റ്റൊറന്റ് സ്റ്റൈൽ)

  • തേങ്ങ – മുക്കാൽ കപ്പ്
  • ചെറിയ ഉള്ളി – 2 എണ്ണം
  • വലിയ പച്ചമുളക് – 2 എണ്ണം
  • പൊട്ടുകടല – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം

താളിക്കാൻ

  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • വറ്റൽമുളക് – 5 എണ്ണം
  • കറിവേപ്പില
  • വെള്ളം – 1 ½ കപ്പ്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ചിരകിയ തേങ്ങ, പൊട്ടുകടല (മിക്സ്ചറിൽ ഇടുന്ന കടല), പച്ചമുളക്, ചെറിയ ഉള്ളി, ഉപ്പ് ഇതെല്ലാം കൂടി ആദ്യം ഒന്ന് വെള്ളം ചേർക്കാതെ അരയ്ക്കുക. അതിനുശേഷം വെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക. ഇത് താളിക്കാനായി ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും (രണ്ട് വറ്റൽ മുളക് ചമ്മന്തിയിൽ മുഴുവനോടെ ഇടാം  മൂന്നെണ്ണം താളിക്കുമ്പോൾ മുറിച്ചിടാം) കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് അരച്ചു വച്ചിരിക്കുന്ന തേങ്ങായുടെ മിക്സ് ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് ചൂടാക്കി വാങ്ങുക. (ഇതിൽ ചെറിയ ഉള്ളി ചേർക്കേണ്ട ആവശ്യം ഇല്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com