ഇരിക്കും തോറും രുചി കൂടുന്ന നല്ല നാടൻ കോഴിക്കറി
Mail This Article
തേങ്ങ അരയ്ക്കാതെ തന്നെ നല്ല നാടൻ കോഴിക്കറി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
750 ഗ്രാം ചിക്കൻ ഉപ്പു പുരട്ടി മാറ്റി വയ്ക്കുക.
വറുക്കാൻ ആവശ്യമുള്ള മസാലകൾ:
- പച്ചമല്ലി – കാൽകപ്പ് + ഒരു ടേബിൾ സ്പൂൺ
- ചുവന്ന മുളക് - 6
- ഗ്രാമ്പൂ 6
- ഏലക്കായ - 3
- പട്ട - 2 ചെറിയ കഷ്ണം
- കുരുമുളക് – 8
- പെരുംജീരകം അര ടീസ്പൂൺ, ഇത്രയും സാധനങ്ങൾ ചെറുതീയിൽ വറുത്ത് ചൂട് കുറഞ്ഞശേഷം മഷി പോലെ അരച്ചെടുക്കുക.
തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പത്ത് വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിച്ചതിനുശേഷം രണ്ട് മീഡിയം സവാള പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും അര ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഒരു ചെറിയ തക്കാളി കൂടി ചേർത്ത് അടച്ചു വച്ച് ചെറു തീയിൽ പാകം ചെയ്യുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും നേരത്തെ തയാറാക്കിയ അരപ്പും ചേർക്കുക. കോഴിക്കഷണങ്ങൾ ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് ചെറുതീയിൽ വേവിക്കുക. അതിനു ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ പകുതി വേവാകുന്നത് വരെ പാകം ചെയ്യുക. ശേഷം ഒരു ഉരുളക്കിഴങ്ങ് ചതുരക്കഷണങ്ങളായി മുറിച്ചതും രണ്ട് പച്ചമുളകും ചേർത്ത് അടച്ചുവെച്ച് 10 മിനിറ്റ് കുക്ക് ചെയ്യുക. അടുപ്പ് ഓഫ് ചെയ്തതിനുശേഷം 1/4- 1/2 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ചാൽ നാടൻ ചിക്കൻ കറി തയാർ. അടുത്ത ദിവസം കഴിക്കുമ്പോൾ ഇതിന്റെ രുചി കൂടും.
English Summary : Naadan Kozhi Curry Recipe