പൂവ് പോലെ മൃദുലമായ ഇഡ്ഡലി ഉണ്ടാക്കാം, ദേ ഇങ്ങനെ!

Mail This Article
എണ്ണയൊന്നും ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ആരോഗ്യപരമായി ഇഡ്ഡലിയുടെ സ്ഥാനം വളരെ ഉയർന്നതാണ്. രോഗികൾക്ക് വരെ ഉത്തമമായ ഭക്ഷണമായി ഇത് കണക്കാക്കപ്പെടുന്നു. പൂവ് പോലെയുളള ഇഡ്‌ഡലി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ രുചി പറയാനില്ല.
ചേരുവകൾ
•പച്ചരി – 1 1/2 കപ്പ്
•ഉഴുന്ന് – 1 /2 കപ്പ്
•ചോറ് – 1/2 കപ്പ്
•ഉലുവ – 1/2 ടീ സ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
• പച്ചരി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 6 മണിക്കൂർ കുതിർത്തു വയ്ക്കുക.
• ഉഴുന്നും ഉലുവയും ഒന്നിച്ചാക്കി കഴുകി, നല്ല വെള്ളം ഒഴിച്ച് ( ഈ വെള്ളം ആണ് അരയ്ക്കാൻ എടുക്കുന്നത്) 6 മണിക്കൂർ കുതിർത്തു വയ്ക്കുക.
• 6 മണിക്കൂറിനു ശേഷം ഉഴുന്നു മിക്സിയുടെ വലിയ ജാറിലേക്കു മാറ്റി ഉഴുന്ന് കുതിർത്ത വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം അരി കുതിർത്തതിലെ വെള്ളം ഊറ്റി കളയുക. ഇതിലേക്കു ചോറും ആവശ്യത്തിന് ഉഴുന്ന് കുതിർത്ത വെള്ളവും ചേർത്ത് കുറച്ച് തരിയായി അരച്ചെടുക്കുക.
ഇത് കൈ വച്ച് നന്നായി യോജിപ്പിച്ച് 8 മുതൽ 10 മണിക്കൂർ പൊങ്ങാൻ വയ്ക്കാം.
• പൊങ്ങി വന്ന മാവിൽ നിന്ന് ആവശ്യത്തിനു മാവ് എടുത്ത് ഉപ്പ് ചേർത്ത് ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച്, മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. പത്ത് മിനിറ്റു കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ചു തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി റെഡി. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.