2024ൽ സാമ്പത്തിക മാന്ദ്യമോ? ജപ്പാനിലും യുകെയിലും എത്തി, ലോകസമ്പദ് വ്യവസ്ഥ തകിടം മറിയുമോ?
Mail This Article
രണ്ടു വലിയ സാമ്പത്തിക ശക്തികളായ ജപ്പാനും യുകെയും 2024 ന്റെ ആദ്യത്തിൽ തന്നെ പരുങ്ങലിലാണ്. ജപ്പാനിലെയും യുകെയിലെയും മൊത്ത ആഭ്യന്തര ഉൽപ്പാദനം തുടർച്ചയായി രണ്ട് പാദങ്ങളിൽ ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പണപ്പെരുപ്പത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് ഉയർത്താൻ ശ്രമിക്കുന്നില്ല. ജപ്പാൻ കറൻസിയായ യെന്നിലുണ്ടാകുന്ന ഇടിവ് മൂലം, രാജ്യാന്തര തലത്തിൽ ഡോളർ മൂല്യത്തിൽ ജപ്പാൻ സമ്പദ്‌വ്യവസ്ഥ ജർമനിക്ക് പിന്നിലേക്ക് പോയിരിക്കുന്നു. യുകെയിലും സമ്പദ് വ്യവസ്ഥയുടെ സ്ഥിതി ഒട്ടും നല്ലതല്ല.
എങ്ങനെ മാന്ദ്യം വരുന്നു?
ജപ്പാന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) മുൻ പാദത്തിലെ 3.3 ശതമാനം ഇടിവിന് ശേഷം ഒക്ടോബർ-ഡിസംബർ കാലയളവിൽ വാർഷിക 0.4 ശതമാനം ഇടിഞ്ഞതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾ ചെലവ് വെട്ടിക്കുറച്ചത് അവരുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ യുകെയും ജപ്പാനും കഴിഞ്ഞ വർഷം അവസാനത്തോടെ മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. മാന്ദ്യം പതുക്കെ പിടിമുറുക്കുന്നതോടെ ആളുകൾ ചെലവുകൾ ഇനിയും വെട്ടി ചുരുക്കിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഡിമാൻഡ് കുറയുന്നതോടെ കമ്പനികളുടെ വളർച്ച കുറയും തൊഴിലാഴികളുടെ എണ്ണം കുറയ്ക്കും. ഇതു വീണ്ടും ഉപഭോഗവസ്തുക്കങ്ങളുടെ വാങ്ങലുകളെ ബാധിക്കും. മാത്രമല്ല ഡിമാൻഡ് കുറയുമ്പോൾ കമ്പനി ബിസിനസ് വിപുലീകരിക്കാൻ പണം മുടക്കില്ല. ഇത് വീണ്ടും പുതിയ ജോലികളെ ബാധിക്കും. ജീവിത ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നതോടെ വീണ്ടും കാര്യങ്ങൾ അവതാളത്തിലാകും. ജപ്പാനിൽ വേതനം കൂടുന്നത് ഡിമാൻഡ് കൂട്ടും എന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും ഇപ്പോഴും ഉപഭോഗം കൂടുന്നില്ല എന്ന അവസ്ഥയിലാണ്. ജപ്പാനും യുകെയും ഊർജ ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് സമ്പദ് വ്യവസ്ഥയിൽ നിന്നു പണം പുറത്തേക്ക് ഒഴുകാനും കാരണമാകുന്നു.
ജപ്പാൻ ഓഹരി വിപണിയിൽ 40 % ഉയർച്ച
എന്നാൽ ജപ്പാനിലെ മാന്ദ്യം ഓഹരി വിപണികളെ ബാധിച്ചിട്ടില്ല. നിക്കായ് സൂചിക ഒരു മാസത്തിൽ 8ഉം ആറ് മാസത്തിൽ 22ഉം ഒരു വർഷത്തിൽ 40 ശതമാനവും ഉയർന്നിട്ടുണ്ട്. പലിശ ഉയർത്താതെ നിർത്തുന്നത് ജപ്പാൻ കമ്പനികളെ സഹായിക്കുന്നുണ്ടെന്നാണ് കരുതുന്നത് .എന്നാൽ ഓഹരി വിപണിയിലും യുകെയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. FTSE ഒരു മാസത്തിൽ 0.5 ശതമാനം മാത്രമാണ് ഉയർന്നത്. ആറു മാസത്തിൽ 3.27 ശതമാനം. ഒരു വർഷത്തിൽ വളർച്ച നെഗറ്റീവ് 5 ശതമാനമാണ്.
സാധാരണക്കാരെ എങ്ങനെ ബാധിക്കും?
മാന്ദ്യം സാധാരണക്കാർക്ക് ദോഷമാണ്. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതോടെ തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് ബിബിസി പറയുന്നു. വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളും കുടിയേറ്റക്കാരും കൂടുന്നതും യുകെയിലും ജപ്പാനിലും ജോലികൾ ലഭിക്കാൻ ബുദ്ധിമുട്ട് കൂട്ടുന്നുണ്ട്. ജോലി ലഭിച്ചാൽ പോലും സ്ഥാനക്കയറ്റം മാന്ദ്യ കാലത്ത് ബുദ്ധിമുട്ടാണ്. മാന്ദ്യമായതിനാൽ ശമ്പളം കൂട്ടികൊടുക്കാനും കമ്പനികൾ മടിക്കും. മാനസിക സമ്മർദ്ദം കൂടുന്നതും ജീവിതം ദുസ്സഹമാകുന്നതും കണക്കുകളിൽ പെടാത്ത പ്രശ്നങ്ങളാണ്.
ബ്രെക്സിറ്റിനു ശേഷം യുകെ സമ്പദ് വ്യവസ്ഥയുടെ കിതപ്പ് ഇതുവരെ മാറിയിട്ടില്ല. സമ്പദ്‌വ്യവസ്ഥയെ വളർത്തുമെന്ന പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വാഗ്ദാനങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ജപ്പാനിൽ വയസാകുന്നവരുടെ എണ്ണം കൂടുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് തിരിച്ചടിയാണ്. എന്നാൽ അമേരിക്കയിൽ കാര്യങ്ങൾ വിചാരിച്ച അത്ര മോശമല്ല. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും മറ്റ് രാജ്യങ്ങളെ വെച്ച് കുതിപ്പിലാണ്. മാന്ദ്യം എല്ലാ രാജ്യങ്ങളെയും ഒരുപോലെയല്ല ബാധിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.