തേങ്ങ ‘മുഴുവനായും’വിൽക്കാൻ കയർഫെഡ്
Mail This Article
ആലപ്പുഴ∙ തേങ്ങയുടെ തൊണ്ടു മുതൽ േതങ്ങാവെള്ളം വരെ എല്ലാ ഘടകങ്ങളും വിൽക്കാൻ കയർഫെഡ്. തൊണ്ട്, ചിരട്ട, തേങ്ങാവെള്ളം, കൊപ്ര, പിണ്ണാക്ക് എന്നിവയിൽ നിന്ന് ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാനാണു കയർഫെഡിന്റെ തീരുമാനം. 2.5 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി അനുമതിക്കായി ഉടൻ സർക്കാരിനു സമർപ്പിക്കുമെന്നു കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു.
മലബാർ മേഖലയിൽ നിന്ന് ഓരോ ദിവസവും 10,000 തേങ്ങ സംഭരിക്കും. ഇവയുടെ തൊണ്ട് കയർഫെഡിന്റെ തന്നെ മില്ലുകളിൽ ചകിരിയാക്കാൻ നൽകും. ഈ ചകിരിയിൽ നിന്നു കയർ ഭൂവസ്ത്രം ഉൽപാദിപ്പിക്കും. ചിരട്ടയിൽ നിന്നു ചാർക്കോൾ ഉൽപാദിപ്പിക്കാൻ കയർഫെഡ് സ്വന്തം യൂണിറ്റ് തുടങ്ങും. തേങ്ങാവെള്ളം ശീതളപാനീയം, വിനാഗിരി എന്നിവ നിർമിക്കുന്ന കമ്പനികൾക്കു നൽകും. കയർഫെഡ് സ്വന്തമായി വിനാഗിരി നിർമാണ യൂണിറ്റ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ 90 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു വെളിച്ചെണ്ണ നിർമാണ ഫാക്ടറി സ്ഥാപിക്കും. വെളിച്ചെണ്ണ കയർഫെഡ് ഷോറൂമുകൾ വഴി ബ്രാൻഡ് ചെയ്തു വിൽക്കും. വെളിച്ചെണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് കാലിത്തീറ്റ നിർമാണത്തിനും നൽകും.
നാളികേര വികസന ബോർഡ്, കേന്ദ്ര സർക്കാരിന്റെ അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്കീം എന്നിവയുടെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.