കാർ വിൽപന: കുതിപ്പ് 8.4%, കയറ്റുമതിയിൽ ഇടിവ്
Mail This Article
ന്യൂഡൽഹി∙ കാർ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ കുതിപ്പ്. 8.4% ആണ് വർധന. 2023-24 സാമ്പത്തിക വർഷം 42,18,746 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ വിറ്റുപോയതെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം) അറിയിച്ചു. തൊട്ടു മുൻ വർഷം 38,90,114 കാറുകളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ വിൽപന 13.3% ആണ് ഉയർന്നത്. 1,79,74,365 എണ്ണം വിറ്റു. 2022-23 സാമ്പത്തിക വർഷം ഇത് 1,58,62,771 ആയിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി 2.38 കോടി വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷത്തെ (2.12 കോടി) അപേക്ഷിച്ച് 12.5% വർധന.
എന്നാൽ വാഹന കയറ്റുമതിയിൽ കഴിഞ്ഞ വർഷം 5.5% ഇടിവുണ്ടായി. 45,00,492 യൂണിറ്റുകളാണ് കയറ്റിയയച്ചത്. 2022–23 വർഷം ഇത് 47,61,299 യൂണിറ്റുകളായിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുകൂല സമീപനങ്ങളും രാജ്യത്തിന്റെ 7.6% വളർച്ച നിരക്കുമാണ് വാഹന നിർമാണ വ്യവസായത്തിന് കുതിപ്പേകിയതെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗർവാൾ പറഞ്ഞു.
ഏഴു ലക്ഷം യൂണിറ്റുകൾ കയറ്റുമതി നടത്തിയത് ഉൾപ്പെടെ 50 ലക്ഷം കാറുകളാണ് കഴിഞ്ഞവർഷം വിൽക്കാനായത്. ഇവയിൽ ഏറ്റവുമധികം വിൽപന വർധന (25.8%) എസ്‌യുവി വിഭാഗത്തിലാണ്; 25,20,691 യൂണിറ്റുകൾ. മുൻവർഷം 20,03,718 വാഹനങ്ങളായിരുന്നു വിൽപന.