ടിക്കറ്റ് മുതൽ പാഴ്സൽ ബുക്കിങ് വരെ ഒരുകുടക്കീഴിൽ, റെയിൽവേ ‘സൂപ്പർ ആപ്’ ഉടൻ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘സൂപ്പർ ആപ്’ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ടിക്കറ്റ് മുതൽ പാഴ്സൽ ബുക്കിങ് വരെ ഒരു ആപ് വഴി ചെയ്യാനാവും. 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിങ് നൽകുന്ന സംവിധാനവും ആപ്പിലുണ്ടാകും.
ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർസിടിസി) സഹകരിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് സൂപ്പർ ആപ് തയാറാക്കുന്നത്.
ആപ് തുറക്കുമ്പോൾ തന്നെ പാസഞ്ചർ, ചരക്ക് എന്നിങ്ങനെ 2 ഓപ്ഷനുകൾ ലഭിക്കും. ടിക്കറ്റ് ബുക്കിങ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എടുക്കൽ, പിഎൻആർ സ്ഥിതി, ട്രെയിൻ ട്രാക്കിങ്, ഭക്ഷണം എന്നിവയെല്ലാം പാസഞ്ചർ ഓപ്ഷനിലും ബൾക്ക് ബുക്കിങ്, പാഴ്സൽ ബുക്കിങ്, പാക്കേജുകൾ ട്രാക്ക് ചെയ്യൽ തുടങ്ങിയ ഓപ്ഷനുകൾ ചരക്ക് വിഭാഗത്തിലും ലഭിക്കും. കൂടാതെ ടൂർ പാക്കേജുകൾ, ടാക്സി ബുക്കിങ്, വിമാനടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, യാത്രയ്ക്കിടയിലുള്ള ഭക്ഷണ ഓർഡറുകൾ എന്നിവയും ലഭ്യമാകും. ബുക്കിങ്ങിന് അടക്കമുള്ള പണമിടപാടുകളും ആപ്പിനുള്ളിൽതന്നെ ചെയ്യാനാകും. അടുത്ത മാസത്തോടെ ആപ്പ് റിലീസ് ചെയ്യും.