അമേരിക്കയിൽ ആദ്യ 'അടി' തുടങ്ങി; ട്രംപ് പറഞ്ഞാലും രാജിവയ്ക്കില്ലെന്ന് പവൽ, പലിശയിൽ വീണ്ടും വെട്ട്
Mail This Article
പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം (0.25%) കുറച്ച് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നവംബറിലെ പണനയ പ്രഖ്യാപനം. 4.50-4.75 ശതമാനത്തിലേക്കാണ് പലിശനിരക്ക് കുറച്ചത്. പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ നിയന്ത്രണലക്ഷ്യമായ 2 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ ഇക്കുറിയും പലിശ കുറയ്ക്കുമെന്ന് ഉറപ്പായിരുന്നു. നിലവിൽ പണപ്പെരുപ്പം 2.1 ശതമാനമാണ്. സെപ്റ്റംബറിലെ യോഗത്തിൽ അരശതമാനം (0.50%) ബമ്പർ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പലിശ കുറച്ചത്.
അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതോടെ അമേരിക്കയിൽ വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയും. അതേസമയം സേവിങ്സ് ഡെപ്പോസിറ്റ്, എഫ്ഡി പലിശനിരക്കും താഴും ഇത് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക് തിരിച്ചടിയാണ്. 2020 ഫെബ്രുവരി മുതൽ 2022 ഫെബ്രുവരി വരെ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമായിരുന്നു. പണപ്പെരുപ്പം കുത്തനെ കൂടിയതിന് തടയിടാനായി, തുടർന്ന് 2023 ഓഗസ്റ്റ് വരെ ഘട്ടംഘട്ടമായി പലിശകൂട്ടി 5.25-5.50% ആക്കി. ഇതാണ് ഇപ്പോൾ പടിപടിയായി കുറയ്ക്കുന്നത്.
പണപ്പെരുപ്പം കുറഞ്ഞതിന് പുറമേ രാജ്യത്തെ തൊഴിൽ വിപണിക്ക് കരുത്തേകുക ലക്ഷ്യമിട്ട് കൂടിയാണ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതെന്ന് യുഎസ് ഫെഡ് അധികൃതർ വ്യക്തമാക്കി. പണപ്പെരുപ്പം കൂട്ടുന്ന സാമ്പത്തികനയങ്ങളാണ് ട്രംപിനുള്ളതെന്നിരിക്കേ, യുഎസ് ഫെഡ് പലിശകുറയ്ക്കൽ നിലപാടിൽ നിന്ന് പിന്മാറിയേക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ, പലിശ കുറയ്ക്കുകയെന്ന സെപ്റ്റംബറിലെ നിലപാട് തന്നെ ഇക്കുറിയും യുഎസ് ഫെഡ് തുടരുകയായിരുന്നു.
ആദ്യ 'അടിക്ക്' തുടക്കമായി
അമേരിക്കൻ പ്രസിഡന്റ് പദത്തിലേറുന്ന ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടാലും യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കില്ലെന്ന് ജെറോം പവൽ പറഞ്ഞു. 2017ൽ ട്രംപ് പ്രസിഡന്റ് ആയിരിക്കേയാണ് ജെറോം പവലിന്റെ നിയമനം. 2026 വരെ കാലാവധിയുമുണ്ട്. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് പരസ്യവുമാണ്.
ട്രംപ് ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു പവലിന്റെ പ്രതികരണം. അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്ന് പവൽ പറഞ്ഞു. പലിശഭാരം കുറച്ചുനിർത്തുകയെന്ന ആവശ്യമാണ് ട്രംപ് നിരന്തരം ഉയർത്തുന്നത്. ഇതിനോട് പവൽ യോജിക്കാതിരുന്നതാണ് ട്രംപിന്റെ കഴിഞ്ഞ പ്രസിഡന്റ് കാലയളവിൽ ഇരുവരും തമ്മിലെ പിണക്കത്തിന് വഴിവച്ചത്.
പവലിനെ പുറത്താക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും പുറത്താക്കൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ട്രംപ് വീണ്ടും പ്രസിഡന്റ് ആകുന്നത് യുഎസ് ഫെഡിന്റെ നയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പവൽ വ്യക്തമാക്കി.
പലിശകുറച്ച് സൗദിയും യുഎഇയും
അമേരിക്ക പലിശ കുറച്ചതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളായ യുഎഇ, സൗദി അറേബ്യ എന്നിവയുടെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചു. ഖത്തർ, ബഹ്റൈൻ കേന്ദ്രബാങ്കുകളും പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പണനയം, കറൻസിയുടെ മൂല്യം എന്നിവ യുഎസിന്റെ നയത്തെ അടിസ്ഥാനമായാണ് നിശ്ചയിക്കുന്നത്. സ്വന്തമായതോ സ്വന്തം രാജ്യത്തെ സമ്പദ്‍വ്യവസ്ഥയ്ക്ക് അനുസൃതമായതോ ആയ നയം ഇല്ല.
അമേരിക്ക പലിശ കുറച്ചാൽ ഇവയും കുറയ്ക്കും. കൂട്ടിയാൽ ഇവയും കൂട്ടും. ഡോളർ ദുർബലമായാൽ ഈ രാജ്യങ്ങളിലെ കറൻസികളും തളരും. ഡോളർ കുതിച്ചാൽ ഇവയും കുതിക്കും. കുവൈറ്റ് മാത്രമാണ് അപവാദം. കുവൈറ്റ് ദിനാർ പക്ഷേ, ഡോളറിൽ മാത്രമല്ല, മറ്റ് ചില കറൻസികളെയും ആശ്രയിക്കുന്നുണ്ടെന്ന് മാത്രം.