ടെസ്റ്റ് ക്രിക്കറ്റിൽ 6,000 റൺസും 200 വിക്കറ്റും, അപൂർവ റെക്കോർഡിൽ ഇതിഹാസങ്ങൾക്കൊപ്പം സ്റ്റോക്സ്
Mail This Article
ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ 6,000 റൺസും 200ൽ അധികം വിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സും ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസുമാണ് മുൻപ് അപൂര്‍വ നേട്ടത്തിലെത്തിയ താരങ്ങൾ. ലോര്‍ഡ്സിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ബെൻ സ്റ്റോക്സ് ഈ റെക്കോർഡിലെത്തിയത്.
രണ്ടാം ഇന്നിങ്സില്‍ വിൻഡീസ് ബാറ്റർ കിര്‍ക്ക് മക്കെൻസിയെ പുറത്താക്കി സ്റ്റോക്സ് 200 വിക്കറ്റ് പൂർത്തിയാക്കി. ടെസ്റ്റിൽ 6,320 റൺസ് സ്റ്റോക്സ് സ്വന്തമാക്കിയിട്ടുണ്ട്. 13 സെഞ്ചറികളും 31 അർധ സെഞ്ചറികളും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് താരം അടിച്ചെടുത്തു. 258 റൺസാണ് ടോപ് സ്കോർ. ഗാരി സോബേഴ്സ് ടെസ്റ്റിൽ 8,032 റൺസും 235 വിക്കറ്റുകളും നേടിയിട്ടുണ്ട്. 13,289 റണ്‍സും 292 വിക്കറ്റുകളാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് കാലിസ് സ്വന്തമാക്കിയത്.
40,000 പന്തുകൾ എറിഞ്ഞ ആൻഡേഴ്സൻ
ആദ്യ ടെസ്റ്റിനിടെ ഇംഗ്ലിഷ് താരം ജെയിംസ് ആന്‍ഡേഴ്സൻ മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 40,000 പന്തുകൾ പൂർത്തിയാക്കുന്ന പേസ് ബോളറാണ് ആൻഡേഴ്സൻ. സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരൻ (44,039), അനിൽ കുംബ്ലെ (40850), ഷെയിൻ വോൺ (40705) എന്നിവര്‍ 40,000 പന്തുകൾ എറിഞ്ഞ താരങ്ങളാണ്. ഇംഗ്ലണ്ടിനായി 188 ടെസ്റ്റ് മത്സരങ്ങൾ കളിക്കാനിറങ്ങിയ ആൻഡേഴ്സൻ 703 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്.