ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വഴി ഇന്ത്യയ്ക്ക് ഇനി കടുപ്പം; ഓസീസിനെതിരെ അടുത്ത 2 ടെസ്റ്റും ജയിക്കണം
Mail This Article
ബ്രിസ്ബെയ്ൻ ∙ ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ വീണ്ടും മാറിമറിഞ്ഞു. തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് അതിലേക്കുള്ള വഴി കൂടുതൽ കടുപ്പമായി. ബോർഡർ–ഗാവസ്കർ ട്രോഫി പരമ്പരയിലെ അടുത്ത 2 മത്സരങ്ങളും വിജയിച്ചാൽ മാത്രമേ മറ്റു ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാനാകൂ.
മറിച്ചെങ്കിൽ ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മത്സരഫലങ്ങൾ അനുകൂലമായാൽ മാത്രമേ ഇന്ത്യയ്ക്കു സാധ്യതയുള്ളൂ. ഓസീസ് പരമ്പര നഷ്ടപ്പെട്ടാൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ പൂർണമായും അവസാനിക്കും.
ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നിലവിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. പാക്കിസ്ഥാനെതിരെ 26ന് ആരംഭിക്കുന്ന 2 ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം ജയിച്ചാൽ ദക്ഷിണാഫ്രിക്ക ഫൈനൽ സ്ഥാനമുറപ്പിക്കും. 2023–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ് സീസണിൽ ഇനി 8 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
∙ ഇന്ത്യയുടെ സാധ്യത
3–1
ബോർഡർ–ഗാവസ്കർ ട്രോഫി പരമ്പരയിലെ അടുത്ത 2 മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയാൽ (3–1) മറ്റു ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്കു ഫൈനൽ സ്ഥാനമുറപ്പിക്കാം
2–1
അടുത്ത 2 മത്സരങ്ങളിൽ ഒരു വിജയവും സമനിലയും നേടിയാൽ (2–1) പരമ്പര ഇന്ത്യയ്ക്കു സ്വന്തം. തുടർന്ന് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ 2 മത്സര പരമ്പര ഓസ്ട്രേലിയ 1–0ന് വിജയിക്കുകയോ പാക്കിസ്ഥാനെതിരായ പരമ്പരയിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെടുകയോ ചെയ്താൽ ഇന്ത്യ ഫൈനൽ കളിക്കും.
2–2
പരമ്പര 2–2, 1–1 എന്നീ മാർജിനുകളിൽ സമനിലയായാലും ഇന്ത്യയ്ക്കു സാധ്യത. അതിനു ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഓസ്ട്രേലിയ തോൽക്കുകയോ പാക്കിസ്ഥാനതിരായ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2–0ന് കീഴടങ്ങുകയോ വേണം.