ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗിന്റെ രണ്ടാം സീസണ് മുംബൈയിൽ തുടക്ക; വിവിധ ടീമുകളിലായി ഇത്തവണ 4 മലയാളികൾ

Mail This Article
തൃശൂർ ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റ് ടീമുകളിൽ ഇത്തവണ 4 മലയാളികൾ. ആഷിഖ് അലി (കാസർകോട്), ഫിറാസ് മുഹമ്മദ് (കണ്ണൂർ), കെ.എൽ. മൻസൂർ, വിവേക് കെ.മോഹൻ (ഇരുവരും തൃശൂർ) എന്നിവരാണു താരലേലം വഴി മൂന്നു ടീമുകളിലെത്തിയത്. സ്ട്രീറ്റ് പ്രിമിയർ ലീഗിന്റെ രണ്ടാം സീസണ് റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ തുടക്കമായി. ആഷിഖ് അലിയെ രണ്ടാം സീസണിലും ബാംഗ്ലൂർ സ്ട്രൈക്കേഴ്സ് നിലനിർത്തി. ദക്ഷിണേന്ത്യയിൽ നിന്നുള്ളവരിൽ, ബോളറായ ആഷിഖ് അലിക്കാണ് താര്യമൂല്യം കൂടുതൽ. ആറരലക്ഷം രൂപയ്ക്കാണ് ആഷിഖിനെ ടീം നിലനിർത്തിയത്.
ആദ്യ സീസണിൽ ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദിലായിരുന്ന ഓൾറൗണ്ടർ വിവേക് മോഹൻ ഇത്തവണ ടൈഗേഴ്സ് ഓഫ് കൊൽക്കത്തയിലെത്തി. 5 ലക്ഷം രൂപയ്ക്കാണു വിവേകിനെ കൊൽക്കത്ത സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ സ്ട്രൈക്കേഴ്സിലായിരുന്ന ഓൾറൗണ്ടർ മൻസൂറിനെ ഫാൽക്കൺ റൈഡേഴ്സ് ഹൈദരാബാദ് ലേലത്തിൽ വാങ്ങി. ആദ്യമായി ലീഗിലെത്തിയ ഓൾറൗണ്ടർ ഫിറാസ് മുഹമ്മദിനെ ടൈഗേഴ്സ് ഓഫ് കൊൽക്കത്തയും വാങ്ങി. ഇരുവരെയും അടിസ്ഥാന മൂല്യമായ 3 ലക്ഷം രൂപയ്ക്കാണു ടീമുകൾ ഒപ്പം കൂട്ടിയത്. കാസർകോട് ബേക്കൽ ഫോർട്ട് സന മൻസിലിൽ ഷംസു സലാമിന്റെയും ഫൗസിയയുടെയും മകനാണ് ആഷിഖ് അലി. 15 വയസ്സു മുതൽ ക്രിക്കറ്റ് കളിയുമായി സജീവമാണ്. ഷമീനയാണു ഭാര്യ.
കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫിസറാണ് (സിപിഒ) മുളങ്കുന്നത്തുകാവ് തടപ്പറമ്പ് കോരാംവീട്ടിൽ വിവേക് കെ.മോഹൻ. തൃശൂർ എആർ ക്യാംപിലായിരുന്നു. 5 വർഷത്തേക്കു അവധിയെടുത്താണ് സ്ട്രീറ്റ് ക്രിക്കറ്റിൽ സജീവമായത്. മാള പുത്തൻചിറ കൊള്ളിക്കത്തറ ലിയാഖത്ത് അലിയുടെയും സുലേഖയുടെയും മകനായ മൻസൂർ ചെറുപ്പം മുതൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പഠനകാലത്ത് കാലിക്കറ്റ് സർവകലാശാല ക്രിക്കറ്റ് ടീം അംഗമായിരുന്നു. കണ്ണൂർ സ്വദേശിയായ ഫിറാസ് മുഹമ്മദിന്റെ ആദ്യ സ്ട്രീറ്റ് ലീഗ് സീസണാണിത്.
∙ എന്താണ് സ്ട്രീറ്റ് ലീഗ് ?
യഥാർഥ ഐപിഎലിന്റെ മാതൃകയിൽ ഒരു നാടൻ ടെന്നിസ് ബോൾ ക്രിക്കറ്റ് കളിയാണ് സ്ട്രീറ്റ് പ്രിമിയർ ലീഗിലേത്. 10 ഓവറാണ് മത്സരങ്ങൾ. മത്സരം സ്റ്റേഡിയത്തിലായിരിക്കും എന്നു മാത്രം. മ്യൂസിക് ഷോ, ഡിജെ എന്നിവ മത്സര ഭാഗമായുണ്ട്. അമിതാഭ് ബച്ചൻ മുതൽ സൂര്യ വരെയുള്ള സിനിമ സൂപ്പർ താരങ്ങളാണ് ടീമുകളുടെ ഉടമകൾ. ലീഗിന്റെ സംപ്രേഷണവകാശം ഇത്തവണ സ്റ്റാർ നെറ്റ്‌വർക്കിനാണ്. ഫെബ്രുവരി 15നാണ് ഫൈനൽ.
ടീമുകൾ: മാജി മുംബൈ, ബാംഗ്ലൂർ സ്ട്രൈക്കേഴ്സ്, ടൈഗേഴ്സ് ഓഫ് കൊൽക്കത്ത, ചെന്നൈ സിങ്കംസ്, ഫാൽക്കൺ റൈഡേഴ്സ് ഹൈദരാബാദ്, ശ്രീനഗർ കെ വീർ.