ലൈഫ് ഓഫ് പാട്ടിദാർ! ബെംഗളൂരു ക്യാപ്റ്റനെ ചെന്നൈ ഫീൽഡർമാർ കൈവിട്ടത് മൂന്നു തവണ, തോറ്റത് വെറുതെയല്ല

Mail This Article
ചെന്നൈ∙ ബെംഗളൂരുവിന്റെ ടോപ് സ്കോറർ രജത് പാട്ടിദാറിനെ 3 തവണയാണ് ചെന്നൈ ഫീൽഡർമാർ കൈവിട്ടത്. ജഡേജ എറിഞ്ഞ 12–ാം ഓവറിൽ പാട്ടിദാർ ഉയർത്തിയടിച്ച പന്ത് ലോങ് ഓഫിൽ ദീപക് ഹൂഡയുടെ കയ്യിൽ തട്ടിത്തെറിക്കുമ്പോൾ ബെംഗളൂരു ക്യാപ്റ്റന്റെ വ്യക്തിഗത സ്കോർ 17 മാത്രമായിരുന്നു. അടുത്ത ഓവറിൽ പാട്ടിദാറിന് ജീവൻ കിട്ടിയത് രണ്ടു തവണ.
നൂർ അഹമ്മദിന്റെ ആദ്യ പന്തിൽ പാട്ടിദാറിന്റെ ക്യാച്ചിനായി രാഹുൽ ത്രിപാഠി മുന്നോട്ടു ഡൈവ് ചെയ്തെങ്കിലും കിട്ടിയില്ല. 5–ാം പന്തിൽ പാട്ടിദാറിന്റെ ബാറ്റിൽ നിന്ന് എഡ്ജ് ചെയ്ത പന്തിൽ ക്യാച്ചിനു ശ്രമിക്കാൻ ഖലീൽ അഹമ്മദ് ഒന്ന് അറച്ചുനിന്നു. അവസാനം ഖലീൽ മുന്നോട്ടാഞ്ഞെങ്കിലും ഫലമുണ്ടായതുമില്ല. അടുത്ത ഓവറിൽ ജഡേജയെ ഒരു സിക്സിനും 2 ഫോറിനും പറത്തിയാണ് പാട്ടിദാർ തന്റെ ഭാഗ്യം ആഘോഷിച്ചത്.
മത്സരത്തിൽ 32 പന്തുകൾ നേരിട്ട പാട്ടീദാർ 51 റൺസെടുത്താണു പുറത്തായത്. മതീഷ പതിരാനയുടെ പന്തിൽ സാം കറൻ ക്യാച്ചെടുത്താണ് പാട്ടീദാറിനെ ഒടുവിൽ ഔട്ടാക്കിയത്. മൂന്നു സിക്സുകളും നാലു ഫോറുകളും താരം ബൗണ്ടറി കടത്തി. മത്സരത്തിൽ 50 റൺസ് വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.