ബ്ലാസ്റ്റേഴ്സ് അകലെയല്ല, അടുത്താണ്; ‘ചേർത്തുപിടിച്ച്’ മഞ്ഞപ്പടയുണ്ട്!
Mail This Article
കോട്ടയം ∙ ഐഎസ്എൽ ഏഴാം സീസണിന് ഇന്നു ഗോവയിൽ പന്തുരുളുമ്പോൾ ഏറ്റവും വലിയ നഷ്ടം കൊച്ചിയിലെ ആരവമായിരിക്കും. ഗാലറിയിൽ ആർത്തലയ്ക്കുന്ന മഞ്ഞക്കടൽ ഇത്തവണയില്ല. ഈ കുറവ് പരിഹരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കാണിക്കൂട്ടമായ മഞ്ഞപ്പട രംഗത്ത്. കൊച്ചി സ്റ്റേഡിയത്തിലെ ആരവം വീടുകളിലേക്ക് എത്തിക്കുക എന്ന വൈകാരിക ആശയവുമായാണു മഞ്ഞപ്പട എത്തുന്നത്. 2500 മഞ്ഞക്കൊടികൾ മഞ്ഞപ്പട അംഗങ്ങൾക്കായി സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകി. ‘ബ്ലാസ്റ്റേഴ്സ് അകലെയല്ല അടുത്താണ്’ എന്ന ആവേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മഞ്ഞപ്പട ഭാരവാഹികൾ പറയുന്നു.
ഇതു കൂടാതെ ബാനറുകൾ എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കാനും മഞ്ഞപ്പട ലക്ഷ്യമിടുന്നു. ഏകദേശം 600 ബാനറുകളോളം ഇതുവരെ തയാറാക്കി. ഇത് ഇനിയും വർധിക്കുമെന്നാണ് ഭാരവാഹികൾ പറയുന്നത്.
മലയാളികളുടെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സും നമ്മുടെ താരങ്ങളായ സഹൽ അബ്ദുൽ സമദ്, അർജുൻ, അബ്ദുൽ ഹക്കു, കെ.പി. രാഹുൽ, കെ. പ്രശാന്ത് തുടങ്ങിയവർ നിറഞ്ഞു നിൽക്കുന്ന ബാനറുകൾ ഓരോ തെരുവിലും തലയുയർത്തി നിൽക്കുമ്പോൾ അതു കേരളത്തിന്റെ അഭിമാനമായി മാറുമെന്നും മഞ്ഞപ്പട പറയുന്നു. ഇത് വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക്ക് പ്രചോദനവുമാകും. തുണിയിൽ പ്രിന്റ് ചെയ്ത പരിസ്ഥിതി സൗഹൃദ ബാനറുകളാണ് എല്ലായിടത്തും എത്തിച്ചിരിക്കുന്നത്. ചാലക്കുടിയിൽ സ്ഥാപിച്ച 400 ചതുരശ്ര അടിയുടെ ബാനറാണ് നിലവിലുള്ളതിൽ ഏറ്റവും വലുത്. വെർച്വൽ മീറ്റിങ്ങുകളും മഞ്ഞപ്പടയുടെ എല്ലാ വിങ്ങുകളും നടത്തുന്നുണ്ട്.
ഐഎസ്എൽ കാണിക്കൂട്ടങ്ങളിൽ ഏറ്റവും വലുത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക സമൂഹമായ മഞ്ഞപ്പടയാണ്. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സിന്റെ മികച്ച ഫാൻ ക്ലബ് അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.
English Summary: KBFC Fan Group Manjappada's Plans for ISL 2020-21