പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്, ഷൂട്ടിങ്ങിൽ ദക്ഷിണകൊറിയയെ തോൽപിച്ചു

Mail This Article
പാരിസ്∙ 2024 ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഫൈനലിൽ ദക്ഷിണകൊറിയയെ 16–12ന് തോൽപിച്ചാണ് ചൈന മെഡൽ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടിൽ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്.
ദക്ഷിണകൊറിയ വെള്ളിയും കസഖ്സ്ഥാൻ വെങ്കലവും നേടി. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ജർമൻ സഖ്യത്തെയാണ് കസഖ്സ്ഥാൻ തോൽപിച്ചത്. ഈയിനത്തിൽ ഇന്ത്യയ്ക്ക് മെഡൽ റൗണ്ടിൽ കടക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്.
ആദ്യ നാലു സ്ഥാനക്കാരാണ് മെഡൽ റൗണ്ടിലേക്കു യോഗ്യത നേടുക. ആറാമതുള്ള ഇന്ത്യൻ സഖ്യവും നാലാം സ്ഥാനക്കാരായി വെങ്കല മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടിയ ജര്‍മൻ സഖ്യവും തമ്മിൽ 1.2 പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.