രാത്രികളിൽ ഇന്നും കേൾക്കുന്ന കുതിരക്കുളമ്പടി; ഇരണിയിൽ കൊട്ടാരം പുനർ ജനിക്കുമ്പോൾ...

Mail This Article
തിരുവനന്തപുരം–കന്യാകുമാരി പാതയിൽ തക്കലയ്ക്കു സമീപത്തെ ഇരണിയൽ കൊട്ടാരം. വേണാട് രാജവംശത്തിന്റെ ഉദയത്തിനും വളർച്ചയ്ക്കും സാക്ഷിയാണ് ഈ കൊട്ടാരം. പക്ഷേ ചരിത്രത്തിന്റെ പടയോട്ടത്തിനിടെ, അവഗണിക്കപ്പെട്ട് വിസ്മൃതിയിലേക്കു നൂണ്ടു പോയിരുന്നു കൊട്ടാരവും അതുമായി ബന്ധപ്പെട്ട കാഴ്ചകളുമെല്ലാം. എന്നാൽ നാഞ്ചിനാടിന്റെ മണ്ണിൽ ഇരണിയൽ കൊട്ടാരം വീണ്ടും പുനർജനിക്കുകയാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോഴാണ് നാഞ്ചിനാട് എന്നറിയപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെടുന്ന കന്യാകുമാരി ജില്ല കേരളത്തിനു പുറത്തായത്. അതിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ഇരണിയൽ കൊട്ടാരം പുനർജനിക്കുമ്പോൾ അത് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനതയുടെ സാംസ്കാരികവും വൈകാരികവുമായ ഐക്യത്തിന്റെ സാധ്യത കൂടിയാണ് തുറക്കുന്നത്. നാമാവശേഷമായിപ്പോകുമായിരുന്ന ഒരു കൊട്ടാരത്തിന് കേരളവും തമിഴ്‌നാടും ഒന്നു ചേർന്ന് ഉയിർ കൊടുത്ത കഥ കൂടിയാണിത്. 2014ൽ കന്യാകുമാരി ജില്ലാ കലക്ടർ എസ്. നാഗരാജനാണ് കൊട്ടാരത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോർട്ട് അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിനു പിന്നിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടേറെ സംഘടനകളുടെയും വ്യക്തികളുടെയും പരിശ്രമമുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു വനിത ജയലളിതയെ നേരിട്ടു കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. അതിന്റെയൊക്കെ അനന്തരഫലമായിട്ടാണ് കൊട്ടാരം നവീകരിക്കുന്നതിന് 3.85 കോടി രൂപ അനുവദിച്ചത്. 2018 സെപ്റ്റംബറിൽ, മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമി നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എന്നാൽ ചില നിയമക്കുരുക്കുകൾ ഉയർന്നു വന്നതിനാൽ നിർമാണം മുന്നോട്ടു പോയില്ല. പിന്നീട്, ഇപ്പോഴത്തെ കുളച്ചൽ എംഎൽഎ കെ.ജി പ്രിൻസ് മുൻകൈയെടുത്തതിനെത്തുടർന്നാണു നിർമാണം പുരോഗമിക്കുന്നത്.