ഉപ്പും മുളകുമുള്ള ജീവിതാനുഭവങ്ങൾ എന്നെ നടനാക്കി: ബിജു സോപാനം
Mail This Article
മിനിസ്‌ക്രീനിലെ സൂപ്പർസ്റ്റാർ എന്നുവിളിക്കാം ബിജു സോപാനത്തെ. സ്വാഭാവിക അഭിനയത്തിലൂടെ ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബാലു എന്നറിയപ്പെടുന്ന ബിജു സോപാനം. ഉപ്പും മുളക് എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ ജനപ്രിയനായ ഇദ്ദേഹത്തിന് സമൂഹമാധ്യങ്ങളിൽ നിരവധി ഫാൻസ് അസോസിയേഷനുകൾ വരെയുണ്ട്. നാടകത്തിന്റെ തട്ടിൽ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തിയ ജീവിതകഥ ബിജു സോപാനം മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.
അഭിനയം വന്ന വഴി...
എന്റെ നാട് തിരുവനന്തപുരം കാഞ്ഞിരപ്പാറയാണ്. അച്ഛന്റെ നാട് നെയ്യാറ്റിൻകര. അവിടെ കണ്ടു വളരാനോ അനുകരിക്കാനോ അങ്ങനെ നടന്മാരൊന്നുമില്ലായിരുന്നു. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. ചെറുപ്പത്തിലേ അമ്മൂമ്മ ഒരുപാട് കഥകൾ പറഞ്ഞു തന്നിരുന്നു. ഞാൻ ആ കഥകളിലെ കഥാപാത്രങ്ങളായി വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ അഭിനയിച്ചു കാണിക്കും. അപ്പോൾ അവർ പറയും 'നീ നന്നായി അഭിനിയിക്കുന്നുണ്ടല്ലോ' അങ്ങനെ കേട്ടാണ് കുട്ടികാലം മുതൽ അഭിനയമോഹം മനസ്സിൽ വളർന്നത്.
സ്കൂളിൽ മിമിക്രിയും മോണോആക്റ്റുമൊക്കെ ചെയ്യുമായിരുന്നു. പക്ഷേ അഭിനയം മനസ്സിൽ ഉണ്ടെങ്കിലും ഇതിൽ എങ്ങനെ മുന്നോട്ട് വരണം എന്നൊന്നും അറിയില്ലായിരുന്നു. എന്റെ വീടിനടുത്തുള്ള ഒരു ചേട്ടൻ കാവാലം സാറിന്റെ (കാവാലം നാരായണപ്പണിക്കർ) കൂടെ വീണ വായിക്കുന്ന ഒരാളാണ്. അദ്ദേഹം നടൻ നെടുമുടി വേണുവിന്റെയും അധ്യാപകനായിരുന്നു. എന്റെ അഭിനയമോഹം അറിഞ്ഞപ്പോൾ അദ്ദേഹം മുൻകയ്യെടുത്താണ് എന്നെ സോപാനത്തിൽ ചേർക്കുന്നത്.
കല പഠിപ്പിച്ച സോപാനം: ജീവിതം പഠിപ്പിച്ച കാവാലം...
ബിജു എന്ന കലാകാരനേയും വ്യക്തിയെയും രൂപപ്പെടുത്തിയത് സോപാനം എന്ന പ്രസ്ഥാനമാണ്. എങ്ങനെ ജീവിക്കണമെന്നും കാവാലം സാർ പഠിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെ ആയിരുന്നു ഞങ്ങൾ എല്ലാവരും. അഭിനയത്തോടൊപ്പം വാദ്യോപകരണങ്ങൾ വായിക്കാന്‍ പഠിച്ചതും അവിടെ നിന്നാണ്. ഒരുപാട് യാത്ര ചെയ്തു. ധാരാളം കലാകാരന്മാരെ പരിചയപ്പെടാൻ കഴിഞ്ഞു.
കാവാലം സാറിനൊപ്പമുള്ള ഒരു യാത്ര 10 പുസ്തകം വായിക്കുന്നതിന് തുല്യമാണ്. ചില സിനിമാ പാട്ടുകൾ സാർ എഴുതുന്നത് യാത്രയ്ക്കിടയിൽ ട്രെയിനിൽ വച്ചാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ' എന്ന പാട്ട് അദ്ദേഹം ട്രെയിനിൽ ഇരുന്ന് എഴുതിയതാണ്. എന്റെ ആദ്യ ഇഷ്ടം സിനിമയായിരുന്നു എങ്കിലും നാടകത്തിൽ 22 വര്‍ഷം പിടിച്ചു നിൽക്കാൻ കാരണം അദ്ദേഹവുമായുള്ള ആത്മബന്ധമാണ്.
നാടകവേദിയിലെ അബദ്ധം...
കഠിനപരിശീലനങ്ങൾ എല്ലാം കഴിഞ്ഞശേഷം വിക്രമോർവശീയം എന്ന സംസ്കൃതനാടകമാണ് ആദ്യം ചെയ്തത്. പിന്നെ ശാകുന്തളം. ആ നാടകത്തിൽ ഞാൻ ശകുന്തളയെ ആശ്രമത്തിൽ നിന്ന് രാജധാനിയിലേക്ക് ആനയിച്ചു കൊണ്ടുവരുന്ന ഒരു ഭാഗം ഉണ്ട്. ആ ഭാഗം അഭിനയിച്ചപ്പോൾ ഞാൻ ശകുന്തളയെ നോക്കി പറയേണ്ട ഡയലോഗ് മറന്നു പോയി. കുറച്ചു നേരം ആകെ നിശബ്ദത..
കുറച്ചു സമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഡയലോഗ് ഓർമ വന്നു. അങ്ങനെ ആ രംഗം കുഴപ്പമില്ലാതെ പോയി. ഞാൻ കരുതിയത് സാറിന്റെ വഴക്ക് കിട്ടുമെന്നാണ്. പക്ഷേ അവിടെ കാണാനിരുന്ന ത്രിപാഠ്ജി എന്നു പറയുന്ന ഒരു വലിയ കലാകാരൻ സാറിനോട് ചോദിച്ചു: ഏതാണ് ആ പയ്യൻ. സാറ് പറഞ്ഞു, പുതിയ ആളാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: ആ പയ്യൻ സൈലൻസിന് ഭയങ്കര ഫീലിങ് കൊടുത്തു കൊണ്ടാണ് അഭിനയിച്ചത് എന്ന്.
സത്യം പറഞ്ഞാൽ ഞാൻ ആ സമയം ഡയലോഗ് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീടിത് ഞാൻ സാറിനോട് പറഞ്ഞപ്പോൾ സാർ ഭയങ്കരമായി ചിരിച്ചു. പിന്നീട് സംസ്കൃത നാടകങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളൊക്കെ ചെയ്യാൻ സാധിച്ചു.
മോഹൻലാലിനൊപ്പം കർണഭാരം...
മോഹൻലാൽ ഞങ്ങളോടൊപ്പം നാടകത്തിൽ അഭിനയിക്കാൻ വരുന്നു എന്നുകേട്ടപ്പോൾ സോപാനത്തിൽ ആകെ ആവേശമായി. പക്ഷേ കാവാലം സാർ ആദ്യമേ അതിനു പൂട്ടിട്ടു.
മോഹൻലാൽ വരുന്നത് സിനിമാക്കാരനായിട്ടല്ല. നിങ്ങളെപ്പോലെ ഒരു നാടകവിദ്യാർഥിയായാണ് വരുന്നത്. സിനിമയുടെ കാര്യങ്ങൾ ചോദിക്കുകയോ പറയുകയോ ചെയ്ത് അദ്ദേഹത്തെ ശല്യം ചെയ്യരുത് എന്ന് താക്കീത് തന്നിരുന്നു. അതുകൊണ്ട് സിനിമയെപ്പറ്റി ഒന്നും പറയാൻ പറ്റിയില്ല.
ലാലേട്ടൻ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. അദ്ദേഹം വന്നതുതന്നെ എല്ലാ മനഃപാഠമാക്കിയാണ്. പിന്നെ കളരിയും കാര്യങ്ങളുമെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. രണ്ടു മാസം കൊണ്ട് അദ്ദേഹം കർണഭാരം ഗംഭീരമായിട്ട് ചെയ്തു.
പിന്നീട് വർഷങ്ങൾക്ക് ശേഷം മഞ്ജുവാര്യരും ശാകുന്തളം ചെയ്യാൻ സോപാനത്തിലെത്തി. ആ സമയത്ത് ഉപ്പും മുളകിന്റെ തിരക്കിലായിരുന്നതുകൊണ്ട് എനിക്ക് കൂടെ അഭിനയിക്കാൻ കഴിഞ്ഞില്ല.
ഉപ്പും മുളകും വന്ന വഴി...
എനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത മറ്റൊരാളാണ് ശിവകുമാർജി. നാടകീയ അഭിനയം മാറ്റി എങ്ങനെ സ്വാഭാവിക അഭിനയം ചെയ്യാം എന്നതിനെക്കുറിച്ച് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്താണ് ഉപ്പും മുളകിന്റെ സ്ക്രിപ്റ്റ് റൈറ്ററായ കണ്ണൻ.
കണ്ണൻ വഴി ഉണ്ണിക്കൃഷ്ണൻ സാറിനെ പരിചയപ്പെടുകയും അമൃത ടിവിയിലെ ബാക്ക് ബഞ്ചേഴ്സ് എന്ന ഷോയിൽ ചെറിയൊരു വേഷം ചെയ്തു. അതിനു ശേഷമാണ് ഉപ്പും മുളകിലെ ബാലു എന്ന വേഷം ലഭിച്ചത്. തുടക്കത്തിൽ ഇതിന് ഇത്രയും റീച്ച് കിട്ടുമെന്ന് കരുതിയിരുന്നില്ല. ഉപ്പും മുളകിലെ അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയാണ് അതിനെ ഇത്രയും ജനപ്രിയമാക്കിയത്. പിന്നെ നമുക്ക് മേക്കോവറിനും അവസരമുണ്ട്. വൃദ്ധനായും, പള്ളീലച്ചനായും, വൈദ്യനായും അങ്ങനെ മുന്നൂറോളം േവഷങ്ങൾ ചെയ്യാൻ പറ്റി.
തേടി വന്ന സിനിമകൾ..
2005ൽ എന്റെ കല്യാണം കഴിഞ്ഞ സമയത്താണ് എന്റെ സുഹൃത്ത് ആർട്ട് ഡയറക്ടറായ ബോബൻ ചേട്ടൻ വിളിക്കുന്നതും രാജമാണിക്യം എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തതും. ആദ്യപടം മമ്മൂക്കയുടെ ചിത്രത്തിൽ ആയതിൽ വളരെ സന്തോഷം ഉണ്ട്. പിന്നീട് മമ്മൂക്കയുടെ രണ്ട് സിനിമകളിൽ കൂടി അഭിനയിക്കാൻ സാധിച്ചു.
പേരുള്ള കഥാപാത്രം ചെയ്തുതുടങ്ങിയത് 2017 ൽ സൈറാബാനു മുതലാണ്. തുടർന്ന് കുട്ടൻപിള്ളയുടെ ശിവരാത്രി, കമല അങ്ങനെ കുറച്ച് ചിത്രങ്ങളിൽ അഭിനയിക്കാൻ പറ്റി. ഇപ്പോൾ ചെയ്യാൻ പോകുന്നത് ജിബൂട്ടി എന്ന പടമാണ്.
പ്രേക്ഷകരോട് പറയാനുള്ളത്...
ബാലു എന്ന കഥാപാത്രത്തെ നിങ്ങൾ ഇഷ്ടപ്പെട്ടതിലൂടെയാണ് എനിക്ക് സിനിമയിലും മറ്റും അവസരങ്ങൾ ലഭിച്ചത്. ബിജു സോപാനം എന്ന പേര് ഇപ്പോഴും പലർക്കും അറിയില്ല.
ഇതിനോടകം10–15 സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമയിൽ ഞാൻ ഒരു തുടക്കക്കാരനാണ്. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. അതിനെല്ലാം നിങ്ങളുടെ സപ്പോർട്ട് വേണം. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും എന്നും ഉണ്ടായിരിക്കണം.
English Summary : Actor Biju Sopanam life story