കർദാഷിയാനും അരിയാനയും അടക്കം പ്രമുഖർ കാമുകിമാർ; നൂറിലധികം ടാറ്റൂകൾ നീക്കി; ഡേവിഡ്സൺ ചെലവാക്കിയത് 2 കോടി
Mail This Article
സ്റ്റൈലിന്റെ ഭാഗമായി ശരീരം മൊത്തം ടാറ്റൂ ചെയ്യുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളായിരുന്നു യുഎസ് നടൻ പീറ്റ് ഡേവിഡ്സൺ. എന്നാലിപ്പോള്‍ ശരീരത്തിൽ ഒരു ടാറ്റൂ പോലും ഇല്ലാതെ പീറ്റ് ഡേവിഡ്സൺ നടത്തിയ പരസ്യ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. നൂറിലധികം ടാറ്റൂകൾ ശരീരത്തിലുണ്ടായിരുന്ന ഡേവിഡ്സൺ തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.
വസ്ത്ര ബ്രാൻഡായ റിഫോർമേഷനു വേണ്ടിയായിരുന്നു താരത്തിന്റെ പുതിയ പരസ്യ ഷൂട്ട്. റിഫോർമേഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ശരീരത്തിൽ ഒരു ടാറ്റൂ പോലും ഇല്ലാത്ത ഡേവിഡ്സണിന്റെ ചിത്രങ്ങൾ എത്തിയത്. തുടർന്ന് തന്‍റെ ശരീരത്തിലുണ്ടായിരുന്ന നൂറിലധികം ടാറ്റൂകൾ നീക്കം ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു. ഏകദേശം നാലുവർഷമെടുത്താണ് ടാറ്റൂകൾ നീക്കം ചെയ്തത്. ‘ഇത്രയും ടാറ്റൂകളുമായി കണ്ണാടിയിൽ നോക്കിയപ്പോൾ മറ്റൊരാളായി തോന്നി. അതുകൊണ്ടു തന്നെ ഒരു മാറ്റം ആഗ്രഹിച്ചു. അങ്ങനെയാണ് ടാറ്റൂകൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്.’– ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പീറ്റ് ഡേവിഡ്സൺ വ്യക്തമാക്കി.
ശരീരത്തിലെ ടാറ്റൂ നിക്കം ചെയ്യാന്‍ രണ്ടുകോടിയോളം രൂപയാണ് പീറ്റ് ഡേവിഡ്സൺ ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2020 ലാണ് ടാറ്റൂകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. ലേസർ വഴിയാണ് ടാറ്റൂകള്‍ നീക്കം ചെയ്തത്. ശാരീരികമായും സാമ്പത്തികമായും വേദനാജനകമായ ഒരു പ്രക്രിയയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
2010 തുടക്കത്തിൽ ബ്രൂക്ലിൻ നയൻ-നൈൻ, ഫ്രണ്ട്‌സ് ഓഫ് ദ് പീപ്പിൾ, ഗായ് കോഡ് തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലൂടെയാണ് പീറ്റ് ഡേവിഡ്സൺ ശ്രദ്ധനേടുന്നത്. 2014 മുതൽ 2022 വരെ എട്ട് സീസണുകളായി പുറത്തിറങ്ങിയ എൻബിസിയുടെ ലേറ്റ്-നൈറ്റ് സ്കെച്ച് കോമഡി പരമ്പരയായ ‘സാറ്റർഡേ നൈറ്റ് ലൈവി’ലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഹോളിവുഡിലെ പ്രശസ്ത ഗായികയും അഭിനേത്രിയുമായ അരിയാന ഗ്രാൻഡെ, അഭിനേത്രിയും മോഡലുമായ കിം കർദാഷിയാൻ, കേറ്റ് ബെക്കിൻസാലെ, ഫോബ് ഡൈനവർ എന്നിവരുമായുള്ള ബന്ധം എന്നും പീറ്റ് ഡേവിഡ്‌സണിനെ പൊതുയിടത്തിൽ വിവാദനായകനാക്കി.