ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ പരിശോധിക്കാം, എങ്ങനെ?
Mail This Article
കോവിഡിന്റെ സമയത്താണ് രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിന് വലിയ തോതില്‍ പ്രചാരം ലഭിച്ചത്. ശ്വാസംമുട്ട് മുതല്‍ കോവിഡ് വരെയുള്ള പല രോഗങ്ങള്‍ക്കും രക്തത്തിലെ ഓക്‌സിജന്റെ നില പരിശോധിക്കുന്നത് നിര്‍ണായകമാണ്. പള്‍സ് ഓക്‌സിമീറ്ററൊന്നുമില്ലാതെ സ്മാര്‍ട് ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ കണക്കുകൂട്ടാനാകുമെന്നാണ് ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. വാഷിങ്ടണ്‍ സര്‍വകലാശാലയിലേയും കലിഫോര്‍ണിയ സര്‍വകലാശാലയിലേയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
പരമാവധി 70 ശതമാനം കുറവില്‍ വരെ ഓക്‌സിജന്റെ രക്തത്തിലെ അളവ് പരിശോധിക്കാന്‍ ഈ ആപ്ലിക്കേഷന് സാധിക്കും. പള്‍സ് ഓക്‌സിമീറ്ററിനും പരമാവധി കുറവില്‍ രേഖപ്പെടുത്താവുന്ന അളവാണിത്. സ്മാര്‍ട് ഫോണിന്റെ ഫ്‌ളാഷ് ഓണാക്കിയ ശേഷം ക്യാമറയില്‍ വിഡിയോ എടുത്താണ് രക്തത്തിലെ ഓക്‌സിജന്റെ അളവ് തിട്ടപ്പെടുത്തുന്നത്.
ഡീപ് ലേണിങ് അല്‍ഗരിതമാണ് ഇങ്ങനെയൊരു കണക്കുകൂട്ടലിന് സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനെ സഹായിക്കുന്നത്. 20 മുതല്‍ 34 വയസു വരെ പ്രായമുള്ള ആറ് പേരില്‍ ഗവേഷകര്‍ ഇതിന്റെ പരീക്ഷണം നടത്തുകയും ചെയ്തു. ഒരു വിരലില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ചും മറ്റൊരു വിരലില്‍ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുമായിരുന്നു പരീക്ഷണം. 80 ശതമാനം കൃത്യതയില്‍ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ രക്തത്തിലെ ഓക്‌സിജന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. കൂടുതല്‍ പേരിലേക്ക് പരീക്ഷണം നടത്തുന്നതോടെ ഡീപ് ലേണിങ് അല്‍ഗരിതത്തിന്റെ കൃത്യത കൂടുകയും ചെയ്യും.
ഏതാണ്ടെല്ലാവര്‍ക്കും സ്മാര്‍ട് ഫോണ്‍ ഉള്ളതുകൊണ്ടുതന്നെ പള്‍സ് ഓക്‌സി മീറ്ററിന്റെ ആവശ്യമില്ലാതെ തന്നെ ആര്‍ക്കും എളുപ്പം രക്തത്തിലെ ഓക്‌സിന്‍ പരിശോധിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വിവരം ആവശ്യമെങ്കില്‍ ഡോക്ടര്‍ക്ക് കൈമാറാനുള്ള സംവിധാനവും ആപ്ലിക്കേഷനില്‍ സജ്ജമാണ്.
അടുത്തിടെ വാവെയ് ബ്ലഡ് പ്രഷര്‍ അളക്കാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട് വാച്ച് പുറത്തിറക്കിയിരുന്നു. ഇതിന്റെ ബാന്‍ഡില്‍ വായു നിറഞ്ഞാണ് രക്തസമ്മര്‍ദം അളക്കുന്നത്. ഡോക്ടര്‍ക്കരികില്‍ പോയി രക്തസമ്മര്‍ദം നോക്കുമ്പോള്‍ പലര്‍ക്കും അനാവശ്യസമ്മര്‍ദം കാരണം രക്തസമ്മര്‍ദം കൂടാറുണ്ട്. ഇത് ഒഴിവാക്കാന്‍ ഇത്തരം കണ്ടെത്തലുകളും ഉപകരണങ്ങളും സഹായിക്കുകയും ചെയ്യും.
English Summary: Smartphone app can measure blood oxygen levels with 70% accuracy by shining the phone's flash