ചെളിയില്‍ പുതഞ്ഞ ഒരു എല്ലിന്‍കഷണം, പിന്നീട് 74 എല്ലുകള്‍; 'ലൂസി'യെന്ന് ശാസ്ത്രലോകം പേരിട്ട ജീവി
Mail This Article
1974 നവംബര്‍ 24ന് അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജൊഹാന്‍സനും സഹായിയും എത്തോപ്യയിലെ ഹാദറില്‍ പര്യവേഷണം നടത്തുകയായിരുന്നു. ഒരു നീര്‍ച്ചാലിനു ചേര്‍ന്നുള്ള ചെളിയില്‍ നിന്നു അവര്‍ക്ക് കൈമുട്ടിന്റെ ഒരു എല്ലിന്‍കഷണം കിട്ടി. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഇതേ ജീവിയുടെ 47 എല്ലുകള്‍ ഈ പ്രദേശത്തു നിന്നും ലഭിച്ചു. 'ലൂസി'യെന്ന് പിന്നീട് ശാസ്ത്രലോകം പേരിട്ട ജീവി മനുഷ്യന്റെ പരിണാമത്തിലെ വിട്ടുപോയ നിര്‍ണായക ഭാഗമാണ് പൂരിപ്പിച്ചത്. കണ്ടെത്തി അരനൂറ്റാണ്ടു പൂര്‍ത്തിയായിട്ടും ഇന്നും ലൂസി നിരവധി നിര്‍ണായക വിവരങ്ങള്‍ ശാസ്ത്രത്തിന് നല്‍കിക്കൊണ്ടേയിരിക്കുകയാണ്.
മനുഷ്യ പൂര്‍വിക ജീവിവര്‍ഗമായി കണക്കാക്കപ്പെടുന്ന അസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസ് വിഭാഗത്തിലാണ് ലൂസി ഉള്‍പ്പെടുന്നത്. 38 ലക്ഷം വര്‍ഷം മുതല്‍ 29 ലക്ഷം വര്‍ഷം വരെയുള്ള കാലയളവിലാണ് ഈ ജീവിവര്‍ഗം ഭൂമിയിലുണ്ടായിരുന്നത്. ആഫ്രിക്കയിലെ ഇന്നത്തെ എത്തോപ്യ, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്തായിരുന്നു ഇവയുടെ വാസം. അസ്ഥികൂടം ലഭിച്ച ലൂസി ഏകദേശം 32 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലൂസിയെ കണ്ടെത്തിയ കാലത്ത് ഏറ്റവും പഴക്കമുള്ളതും സമ്പൂര്‍ണവുമായ മനുഷ്യ പൂര്‍വിക ജീവിയുടെ അവശിഷ്ടമായിരുന്നു അത്.
മനുഷ്യനും കുരങ്ങുകളും അടങ്ങിയ പ്രൈമേറ്റ് ഗോത്രത്തില്‍ മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അതില്‍ ആദ്യത്തേത് വലിയ തലച്ചോറാണെങ്കില്‍ രണ്ടാമത്തേത് രണ്ടു കാലില്‍ നില്‍ക്കാനും നടക്കാനുമുള്ള കഴിവാണ്. ലൂസിയെ കണ്ടെത്തുന്നതിനു മുമ്പ് നമ്മള്‍ ധരിച്ചിരുന്നത് മനുഷ്യ പൂര്‍വികര്‍ക്ക് ആദ്യം വലിയ മസ്തിഷ്‌കമുണ്ടായെന്നായിരുന്നു. കാരണം അന്നുവരെ നമുക്ക് ലഭ്യമായിരുന്ന മനുഷ്യ ഫോസിലുകളിലെല്ലാം തന്നെ വലിയ മസിഷ്‌കമുണ്ടായിരുന്നു. എന്നാല്‍ രണ്ടുകാലില്‍ നിവര്‍ന്നു നിന്നിരുന്ന ലൂസിയുടെ മസ്തിഷ്‌കം ചെറുതായിരുന്നു.
ഒഹിയോയിലെ ക്ലീവ് ലാന്‍ഡിലെത്തിച്ച് ലൂസിയുടെ ലഭ്യമായ ഫോസില്‍ ഭാഗങ്ങള്‍ ചേര്‍ത്ത് പരിശോധിച്ചപ്പോള്‍ തന്നെ ഇക്കാര്യം തെളിഞ്ഞിരുന്നു. ലൂസിയുടെ ലഭ്യമായ ഫോസില്‍ ഭാഗങ്ങള്‍ക്ക് പുറമേയുള്ളവ കൃത്രിമമായി ചേര്‍ത്തുകൊണ്ട് ശാസ്ത്രജ്ഞര്‍ ലൂസിയുടെ പൂര്‍ണമായ അസ്ഥികൂടവും നിര്‍മിച്ചിരുന്നു. ലൂസിയുടെ ഈ അസ്ഥികൂടത്തിനടുത്തു നില്‍കുന്ന നാലു വയസുകാരിയുടെ ചിത്രവും പ്രസിദ്ധമാണ്. നാലുവയസുകാരിയായ കുട്ടിയുടേതിന് തുല്യമായ വലിപ്പമാണ് ലൂസിക്കുമുള്ളത്. എന്നാല്‍ ലൂസി മരിക്കുമ്പോള്‍ പൂര്‍ണവളര്‍ച്ചയെത്തിയ ജീവിയായിരുന്നു.
മരിക്കുന്ന സമയത്ത് ലൂസിക്ക് 11നും 13നും ഇടക്കായിരുന്നു പ്രായം. ലൂസിയുടെ ജീവിവര്‍ഗത്തെ സംബന്ധിച്ച് ഇത് പൂര്‍ണ വളര്‍ച്ചയെത്തിയ പ്രായമായിരുന്നു. ഉയരം 3.6 അടിയും ഭാരം 29 കീലോഗ്രാമും ഉണ്ടായിരുന്നു ലൂസിക്ക്. ലൂസി ജീവിച്ചിരുന്ന കാലത്തിനു ശേഷം കുറഞ്ഞത് പത്തു ലക്ഷം വര്‍ഷം കഴിഞ്ഞാണ് മനുഷ്യ പൂര്‍വികര്‍ക്ക് വലിയ മസ്തിഷ്‌കം വികസിച്ചതെന്നാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
2016ല്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നും ലൂസി അതിന്റെ ജീവിതകാലത്തില്‍ മൂന്നിലൊന്നു സമയവും മരങ്ങളിലാണ് കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു പഠനം ലൂസിയുടെ മരണകാരണം മരത്തിനു മുകളില്‍ നിന്നും വീണതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ലൂസിയുടെ ഇടുപ്പിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ നിന്നും ഈ വിഭാഗത്തില്‍ പെട്ട ജീവികളുടെ കുഞ്ഞുങ്ങളുടെ മസ്തിഷ്‌കം ജനനസമയത്ത് ചെറുതാണെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനം 2022ല്‍ നാച്ചുര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. മനുഷ്യരെ പോലെ മസ്തിഷ്‌കം വികസിക്കുന്നതുവരെ ലൂസിയുടെ ജീവിവര്‍ഗത്തിന് കുഞ്ഞുങ്ങളെ പരിചരിക്കേണ്ടി വന്നിരുന്നുവെന്നും തെളിഞ്ഞതാണ്. ഇന്നും അവസാനിക്കാത്ത ഇത്തരം കണ്ടെത്തലുകളാണ് 50 വര്‍ഷം കഴിഞ്ഞിട്ടും ലൂസിക്ക് മനുഷ്യ പൂര്‍വികരെക്കുറിച്ചുള്ള പഠനത്തില്‍ സവിശേഷ സ്ഥാനം നല്‍കുന്നത്.