ADVERTISEMENT

ബ്രിട്ടനിൽ നടക്കുന്ന എഐ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറെ കാത്ത് ഒരു കൊച്ചദ്ഭുതമുണ്ടായിരുന്നു.  അവിചാരിതമായാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിനെ രാജീവ് ചന്ദ്രശേഖർ കണ്ടത്. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് പുതിയൊരു വെളിപ്പെടുത്തല്‍ ഉണ്ടായത്: മസ്‌കിന്റെ മകന്റെ മധ്യ നാമവും ചന്ദ്രശേഖര്‍ എന്നാണ്! ഈ യാദൃച്ഛികത്വം മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ലോകത്തെ അറിയിച്ചത്.

പ്രഫ. സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറുടെ ഓർമയ്ക്ക്

മസ്‌കിന് ടെക്‌നോളജി വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ് ആയ ഷിവോണ്‍ സിലിസില്‍ ഉണ്ടായ മകനാണ് ചന്ദ്രശേഖര്‍ എന്ന മധ്യനാമമുള്ളത്. 1983 ല്‍ ഭൗതികശാസ്ത്ര നൊബേല്‍ നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ പ്രഫ. സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറുടെ അനുസ്മരണാർഥമാണ് മസ്ക് മകന് ഈ പേരിട്ടത്. മസ്‌കുമൊത്തു നില്‍ക്കുന്ന ഫോട്ടോ അടക്കമുള്ള ട്വീറ്റിലാണ് മന്ത്രി ഈ പുതിയ അറിവു വെളിപ്പെടുത്തിയത്. മകനെ ശേഖർ എന്നാണു വിളിക്കുന്നതെന്നും അത് ചന്ദ്രശേഖറിനുള്ള ആദരവാണെന്നും ഷിവോണ്‍ മറുപടിയും നൽകിയിട്ടുണ്ട്.

ആരാണീ പ്രഫ. എസ്.ചന്ദ്രശേഖര്‍? നാസ ആദരിച്ചത് എങ്ങനെ?

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

പ്രഫ. എസ്ചന്ദ്രശേഖര്‍ 1910 ഒക്ടോബര്‍ 19നാണ് ഇന്ത്യയിലെ ലഹോറില്‍ (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ജനിച്ചത്. അദ്ദേഹം 1995 ഓഗസ്റ്റ് 21നാണ് അമേരിക്കയിലെ ഷിക്കാഗോയില്‍വച്ച് നിര്യാതനാകുന്നത്. അദ്ദേഹത്തോടുളഅള ആദരസൂചകമായി നാസ എക്‌സ്-റേ ടെലസ്‌കോപ്പിന് ചന്ദ്ര എന്നു പേരു നൽകി. 

മുന്‍പുണ്ടായിരുന്ന എക്‌സ്-റെ ടെലസ്‌കോപ്പുകളെക്കാള്‍എട്ടു മടങ്ങ് റെസലൂഷന്‍ ചന്ദ്രയ്ക്കുണ്ടെന്നും അതിനാല്‍ 20 മടങ്ങ് മങ്ങിയ നക്ഷത്രങ്ങളെപ്പോലും കണ്ടെത്താന്‍ അതിനാകുമെന്നും നാസ പറയുന്നു. ഹബ്ള്‍ ടെലസ്‌കോപ്പിനെക്കാള്‍ ഏകദേശം 200 മടങ്ങ് മുകളിലാണ് ചന്ദ്ര ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുളള വഴിയില്‍ ഏകദേശം മൂന്നിലൊന്ന് അകലെ.

ശാസ്ത്രപ്രേമികള്‍ ആഹ്ലാദിക്കൂ-ദേ വരുന്നു നാസാപ്ലസ് സ്ട്രീമിങ്

s-chandrasekhar - 1
പ്രൊഫസർ.എസ് ചന്ദ്രശേഖര്‍(wikemedia/Nasa)

എക്‌സോപ്ലാനറ്റുകളെക്കുറിച്ചുള്ള ഗവേഷണം മുതല്‍ ഭൂമിയുടെ കാലാവസ്ഥ വരെയുള്ള ഒട്ടനവധി ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വീക്ഷിക്കാന്‍ താൽപര്യമുള്ളവര്‍ക്കായി വരുന്നു പുതിയ നാസാപ്ലസ്. ഈ വിഡിയോ സ്ട്രീമിങ് സേവനം പൂര്‍ണമായും സൗജന്യമാണ്.

നാസയുടെ വെബ്‌സൈറ്റ്, ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍, എന്നിവയ്ക്കു പുറമെ ഫയര്‍ ടിവി, ആപ്പിള്‍ ടിവി തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുലും ഇത് ലഭ്യമായിരിക്കും. നവംബര്‍ ഏഴിനാണ്  ശാസ്ത്ര വിഡിയോകളുടെ പ്രക്ഷേപണം തുടങ്ങുക.

കോളിന്‍സ് ഡിക്‌ഷനറിയുടെ വേഡ് ഓഫ് ദി ഇയര്‍ ‘എഐ’

2023 ലെ വാക്കായി ‘എഐ’യെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത ഡിക്‌ഷനറിയായ കോളിന്‍സ്. ‘മനുഷ്യരുടെ മാനസികപ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍ കേന്ദ്രീകൃതമാകുന്നു’ എന്നതാണ് ഈ വാക്ക് കിരീടം ചൂടാന്‍ കാരണമായത്. ചാറ്റ്ജിപിടി, മിഡ്‌ജേണി തുടങ്ങിയ എഐ പ്രോഗ്രാമുകള്‍ മനുഷ്യരുടെ ചിന്താ രീതിയെ സ്വാധീനിച്ചു തുടങ്ങിയ വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നത്.

ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും വരിസംഖ്യ

യൂറോപ്പില്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരസ്യമില്ലാതെ  ഉപയോഗിക്കേണ്ടവര്‍ വരിസംഖ്യ നല്‍കണമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ. വെബ് ബ്രൗസറിൽ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 9.99 യൂറോ നല്‍കണം. ഐഒഎസ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വരിസംഖ്യ 12.99 യൂറോ ആയിരിക്കും. പുതിയ നീക്കത്തില്‍ ഒട്ടനവധി ഉപയോക്താക്കള്‍ രോഷം പ്രകടിപ്പിച്ചു എന്ന് ഡെയ്‌ലി മെയില്‍ പറയുന്നു. അക്കൗണ്ട് ഡിലീറ്റ് ചെയ്‌തേക്കാമെന്നും ചിലര്‍ പറഞ്ഞുവത്രേ.

വരിസംഖ്യ എന്ന ആശയം പ്രചരിപ്പിച്ചതും മസ്‌ക്

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

ട്വിറ്റര്‍ ഏറ്റെടുത്ത ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സമൂഹ മാധ്യമങ്ങള്‍ക്ക് വരിസംഖ്യ എന്ന ആശയത്തിന് പ്രചാരം വർധിച്ചത്. ഇപ്പോള്‍ എക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ പ്രധാനപ്പെട്ട പല സേവനങ്ങളും വരിസംഖ്യ നല്‍കുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കഴിഞ്ഞു. എക്‌സിനെ ഒരു ഡേറ്റിങ് ആപ്പാക്കാൻ ആഗ്രഹമുണ്ടെന്നും മസ്‌ക് അടുത്തിടെ പറഞ്ഞിട്ടുണ്ട്. മെറ്റാ പോലുള്ള സമൂഹമാധ്യമങ്ങള്‍ ഒരു വരിസംഖ്യയുമില്ലാതെ ബില്യന്‍ കണക്കിന് ഡോളറാണ് പ്രതിവര്‍ഷം നേടുന്നത്.

ലോകത്തെ ഏറ്റവും വലിയ ടിവി ഇന്ത്യയില്‍ വില്‍പനയ്ക്ക്

ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ആയ എല്‍ജി ജി2 97 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഈ 4കെ ഓലെഡ് ടിവിക്ക് 97-ഇഞ്ച് ആണ് വലുപ്പം. വിവിധ എച്ഡിആര്‍ ഫോര്‍മാറ്റുകള്‍ക്കൊപ്പം 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. ജി-സിങ്ക്, ഫ്രീ സിങ്ക് ശേഷി അടക്കം ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടിവിയുടെ വില ഉടനെ പ്രഖ്യാപിക്കും.

ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ അന്ത്യം ഉടന്‍?

ഡിജിറ്റല്‍ സിംഗിൾ ലെന്‍സ് റിഫ്‌ളെക്‌സ് (ഡിഎസ്എല്‍ആര്‍) ക്യാമറകളുടെ നിര്‍മാണം ഉടന്‍ നിർത്തിയേക്കും. യൂറോപ്പിൽ‍ വില്‍ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യുഎസ്ബി-സി കണക്‌ഷന്‍ വേണമെന്ന നിബന്ധന നടപ്പാകുന്നതോടെ ഇവ ഇനി ഒരു പ്രധാന കമ്പനിയും നിര്‍മിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. ക്യാനന്‍, നിക്കോണ്‍ എന്നീ കമ്പനികളാണ് ഇപ്പോള്‍ ഇത്തരം ക്യാമറകള്‍ നിര്‍മിക്കുന്നതില്‍ മുമ്പില്‍. ഈ കമ്പനികള്‍ അടക്കം എല്ലാ ക്യാമറാ നിര്‍മാണ കമ്പനികളും മിറര്‍ലെസ് ക്യാമറാ നിര്‍മാണ മേഖലയിലേക്ക് മാറിക്കഴിഞ്ഞു.

ഞെട്ടിച്ച് ക്യാനന്റെ ആര്‍എഫ് 24-105എംഎം എഫ്2.8 സൂം!

lg-tv - 1

ക്യാമറാ നിര്‍മാതാക്കളെല്ലാ ഇതുവരെ തങ്ങളുടെ ഏറ്റവും പ്രീമിയം പ്രഫഷനല്‍ ലെന്‍സുകളില്‍ ഒന്നായി 24-70 എഫ്2.8 സൂമുകളാണ് വിറ്റുവന്നത്. ഇതില്‍ ഒരു പൊളിച്ചെഴുത്തു നടത്തിയിരിക്കുകയാണ് ജാപ്പനീസ് ക്യാമറാ നിർമാണ ഭീമന്‍ ക്യാനന്‍. ക്യാമറാ നിർമാണ ചരിത്രത്തിലെ ആദ്യത്തെ 24-105എംഎം എഫ്2.8 സൂം ആണ് കമ്പനി ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. ഇതിനെ ഒരു വിഡിയോ/സ്റ്റില്‍ ലെന്‍സായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു.

പ്രഫഷനലുകള്‍, ഫൊട്ടോഗ്രഫിയെ ഗൗരവത്തിലെടുക്കുന്നവര്‍, വിഡിയൊ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇന്റേണല്‍ സൂം, ഫോക്കസ് മെക്കനിസമാണ് ലെന്‍സിന്. ഇമെജ് സ്റ്റബിലൈസേഷനും ഇതിനുണ്ട്. ലെന്‍സിന് അപര്‍ചര്‍ റിങ് ഉണ്ടെങ്കിലും, സ്റ്റില്‍ ഫൊട്ടോഗ്രഫിക്ക് നിലവിലുള്ള ഒരു ക്യാമറയില്‍ ഉപയോഗിച്ചാലും ഇത് പ്രവര്‍ത്തിപ്പിക്കാനാവില്ല. (നിയന്ത്രണം ക്യാമറയ്ക്കുള്ളിലൂടെ മാത്രം.) വില 2,999 ഡോളര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com