സാമ്പത്തിക സംവരണത്തിന് വെവ്വേറെ സർട്ടിഫിക്കറ്റുണ്ടോ?

Mail This Article
ഇഡബ്ല്യുഎസ് സംവരണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പിഎസ്‌സിയുടെ സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് തന്നെയാണോ നിയമനം ലഭിക്കുമ്പോൾ നിയമനാധികാരി മുൻപാകെയും ഹാജരാക്കേണ്ടത്? ഇതിനായി വേറെ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ?
ഇഡബ്ല്യുഎസ് സംവരണത്തിന് റവന്യു അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്. പിഎസ്‌സിയുടെ സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ ഹാജരാക്കുന്ന ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയെ സംവരണാനുകൂല്യം നൽകി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
ജോലിയിൽ പ്രവേശിക്കാനെത്തുമ്പോൾ നിയമനാധികാരിക്കു മുന്നിലും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
പല നിയമനാധികാരികളും ഉദ്യോഗാർഥിയിൽനിന്നു പുതിയ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി 2024 ഡിസംബർ 12നു പ്രത്യേക സർക്കുലർ (നം. റൂൾസ്–3/284/2024–ഉഭപവ) പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതനുസരിച്ച് പിഎസ്‌സിയിൽ സർട്ടിഫിക്കറ്റ് പരിശോധന സമയത്തോ ഇന്റർവ്യൂവിന് ഹാജരാകുമ്പോഴോ ഹാജരാക്കിയ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് തന്നെ നിയമനം ലഭിക്കുന്ന സമയത്ത് നിയമനാധികാരി മുൻപാകെ ഹാജരാക്കിയാൽ മതി. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ ജോലിയിൽ പ്രവേശിപ്പിക്കാവുന്നതാണെന്ന് എല്ലാ നിയമനാധികാരികൾക്കും നിർദേശം നൽകിയിട്ടുമുണ്ട്. അതിനാൽ താങ്കൾക്കു പിഎസ്‌സിയിൽ ഹാജരാക്കിയ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്തന്നെ നിയമനാധികാരിക്കു മുൻപിലും ഹാജരാക്കാം.
∙പിഎസ്‌സി നിയമനം: വിധവകൾക്ക് സംവരണമുണ്ടോ?
പിഎസ്‌സി നിയമനങ്ങളിൽ വിധവകൾക്കു സംവരണം അനുവദിക്കുന്നുണ്ടോ?
പിഎസ്‌സി നിയമനങ്ങളിൽ വിധവകൾക്കു പ്രത്യേക സംവരണം ലഭ്യമല്ല. എന്നാൽ, ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിക്കുന്നുണ്ട്. 29.05.2018നു പ്രസിദ്ധീകരിച്ച GO (P) No. 10/2018/P&ARD നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പരമാവധി പ്രായം 50 വയസ്സു കവിയാൻ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. കേരള സ്റ്റേറ്റ് ആൻഡ് സബോഡിനേറ്റ് സർവീസ് റൂൾസിലും ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്.
ക്ലാർക്ക്: തിയ്യ വിഭാഗം സംവരണമെത്ര?
എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് (കണ്ണൂർ ജില്ല) റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിക്കും? തിയ്യ വിഭാഗക്കാരുടെ സംവരണം എങ്ങനെയാണ്?
ഈ തസ്തികയുടെ സാധ്യതാ ലിസ്റ്റ് കഴിഞ്ഞ നവംബർ 29നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 54 പേരാണു ലിസ്റ്റിലുള്ളത്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതുവരെ 6 ഒഴിവാണു കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിയ്യ വിഭാഗത്തിന് ഈഴവയിൽ ഉൾപ്പെടുത്തിയാണു സംവരണം നൽകുക. സംവരണവിഹിതം–14%.