ചോദ്യചിഹ്നമായി പിഴവുകൾ; ആര് ഉത്തരം നൽകും?
Mail This Article
വിവിധ പിഎസ്‌സി പരീക്ഷകൾക്കായി തയാറാക്കുന്ന ചോദ്യ പേപ്പറുകളിലും ഉത്തരസൂചികകളിലും അടിക്കടി പിഴവുകൾ ഉണ്ടാകുന്ന സാഹചര്യം ഏറിവരികയാണ്. കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഒരു പരീക്ഷയിലെ ചോദ്യങ്ങൾ തൊട്ടടുത്ത പരീക്ഷയിൽ ആവർത്തിക്കുക, അന്തിമ ഉത്തരസൂചികയിൽ തെറ്റായ ഉത്തരത്തിനും മാർക്ക് നൽകുക തുടങ്ങിയ പരാതികളും ഉയരുന്നതു ഗൗരവത്തോടെ കാണണം.
സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് പരീക്ഷകളുടെ അന്തിമ ഉത്തരസൂചികയ്ക്കെതിരെ ഉയർന്ന പരാതികൾ ഏറെ ഗൗരവമുള്ളതാണ്. ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ സെപ്റ്റംബർ 5നു നടത്തിയ പരീക്ഷയിലെ 7 ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു. 6 ചോദ്യങ്ങൾക്ക് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തുകയും ചെയ്തു. പല ചോദ്യങ്ങൾക്കും ഓപ്ഷനിൽ ശരിയുത്തരമുണ്ടായിട്ടും ചോദ്യം ഒഴിവാക്കിയെന്ന പരാതിയുമുണ്ട്. ചില ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരത്തിനാണു മാർക്ക് നൽകിയിരിക്കുന്നത്.
സബ് ഇൻസ്പെക്ടർ തസ്തികയിൽ സെപ്റ്റംബർ 26നു നടത്തിയ മെയിൻ പരീക്ഷയിലെ 3 ചോദ്യങ്ങൾ ഒഴിവാക്കുകയും ഒരു ഉത്തരം തിരുത്തുകയും ചെയ്തിരുന്നു. ജനറൽ ഇംഗ്ലിഷ് വിഭാഗത്തിലെ 2 ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരത്തിനാണു മാർക്ക് നൽകിയതെന്നും ശരിയുത്തരമുള്ള ചോദ്യങ്ങൾ ഒഴിവാക്കിയെന്നും ആരോപണമുണ്ടായി. അന്തിമ ഉത്തരസൂചിക തിരുത്തിയ ശേഷമേ ഈ തസ്തികകളിൽ മൂല്യനിർണയം ആരംഭിക്കാവൂ എന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പിഎസ്‌സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഒക്ടോബർ 5ന് എറണാകുളം, വയനാട് ജില്ലകളിൽ നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷയിലെ ചോദ്യങ്ങൾ ഒക്ടോബർ 8നു നടത്തിയ ഓഫിസ് അറ്റൻഡർ ഗ്രേഡ്–2 പരീക്ഷയിൽ ആവർത്തിച്ചതും സമീപകാലത്തെ പിഎസ്‌സിയുടെ നിരുത്തരവാദ സമീപനങ്ങൾക്ക് ഉദാഹരണമാണ്.
പരീക്ഷയിൽനിന്ന് ചോദ്യങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവരാവകാശ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാതിരിക്കുക, നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സാങ്കേതികതയുടെ പേരിൽ വ്യക്തമായ മറുപടി നൽകാതിരിക്കുക തുടങ്ങിയ സംഭവങ്ങളും അടുത്തിടെയുണ്ടായി. പ്രവർത്തനങ്ങളിലെ സുതാര്യത എടുത്തുപറയുന്ന സ്ഥാപനത്തിൽനിന്ന് ഈ രീതിയിലുള്ള സമീപനമല്ല പ്രതീക്ഷിക്കുന്നത്. മൈനസ് മാർക്ക്കൂടി ഉള്ളതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള ധാരാളം പേരുടെ അവസരമാണ് ഇത്തരം നിരുത്തരവാദ നിലപാടിൽ ഇരുളിലാവുന്നത് എന്നുകൂടി മനസ്സിലാക്കി, കുറേക്കൂടി ഗൗരവത്തോടെയുള്ള ഇടപെടൽ പിഎസ്‍സിയിൽനിന്ന് ഉണ്ടാകേണ്ടതാണ്.