ദുരിതങ്ങളിൽ നിന്നെല്ലാം മോചനം എങ്ങനെ? ആ സംശയത്തിനുള്ള ഉത്തരമാണു രാമായണം. മുക്തി അഥവാ മോക്ഷം എന്നതു ജീവിതത്തിനു ശേഷം മാത്രം കിട്ടുന്ന ഒന്നല്ല. ഈ ലോകത്തു ജീവിച്ചുകൊണ്ടു തന്നെ മോക്ഷം അഥവാ ദുരിതമോചനം സാധ്യമാണെന്നു രാമായണത്തിൽ പല സന്ദർഭങ്ങളിലും പറയുന്നു.
അധ്യാത്മജ്ഞാനത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോയാൽ ദുരിതങ്ങളിൽ നിന്നെല്ലാം മോചനം ഉറപ്പാണെന്നാണു രാമകഥ നമ്മോടു പറയുന്നത്. ഈ ലോകത്തെ ഭൌതികമായ അഭിവൃദ്ധിക്കും ഇതു തന്നെ വഴിയെന്നു കൂടി പൈങ്കിളി പാടുന്നു
ശത്രുവിനാശനം, ആരോഗ്യം, ദീർഘായുസ്സ്, സമ്പത്ത്, സുഖം എന്നിവ മാത്രമല്ല അഭീഷ്ടകാര്യങ്ങൾ മുഴുവൻ നേടാൻ ഈ ആധ്യാത്മികജ്ഞാനത്തിലൂടെ കഴിയും എന്നാണു പൈങ്കിളി പറയുന്നത്. ലൗകികതയെ തള്ളിപ്പറയുന്നില്ല രാമായണം. ഭൌതിക സുഖഭോഗങ്ങൾക്കു വേണ്ടി മാത്രമായി പരസ്പരം പോരാടി സ്വയം നശിക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ച് ഓർമപ്പെടുത്തുകയാണു രാമകഥ.