റോസ്മലയും ഇടിമുഴങ്ങാന്‍ പാറയും; കാടിനുള്ളിൽ താമസിക്കാം
Mail This Article
തലയ്ക്ക് മീതെ കുട നിവര്‍ത്തുന്ന വന്‍മരങ്ങള്‍ക്കും പല വര്‍ണങ്ങളില്‍ പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്കും കുളിരു വീശുന്ന ഇലച്ചാര്‍ത്തിനും കിളികളുടെ കൊഞ്ചല്‍വിളികള്‍ക്കുമിടയിലൂടെ നടക്കാന്‍ കൊതിയില്ലാത്തവരുണ്ടോ? നമ്മുടെ കേരളത്തില്‍ അത്തരമിടങ്ങള്‍ക്ക് തീരെ പഞ്ഞമില്ല. വനത്തിനുള്ളിലൂടെയുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതം.
ശെന്തുരുണിയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് റോസ്മല ഗ്രാമം. റോസാപ്പൂവിന്‍റെ ഇതളുകളുടെ ആകൃതിയില്‍ പച്ചതുരുത്തുകള്‍ നിറഞ്ഞ ഈ പ്രദേശത്തേക്ക് ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്താറുണ്ട്. റോസ് മലയിലെ കാഴ്ചകള്‍ കാണാന്‍ ഒരു വ്യൂ ടവറും സ്ഥാപിച്ചിട്ടുണ്ട്. 'പരപ്പാര്‍ വ്യൂ പോയിന്‍റ്' എന്നാണ് ഈ വ്യൂ ടവറിന്‍റെ പേര്. ചുറ്റുമുള്ള മലനിരകളെ തഴുകിവരുന്ന തണുത്ത കാറ്റേറ്റ് ഇവിടെ നില്‍ക്കാം. വ്യൂ ടവറിന് മുകളിലേക്ക് കയറാന്‍ ചെറിയൊരു ഫീസുണ്ട്. ആര്യങ്കാവിൽനിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്തു വേണം റോസ്മലയില്‍ എത്താൻ. ഓഫ്റോഡ് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു യാത്രയായിരിക്കും ഇത് എന്നതില്‍ സംശയമില്ല.
റോസ് മല പോലെ തന്നെ പ്രശസ്തമായ മറ്റൊരു കാഴ്ചയാണ് ഇടിമുഴങ്ങാൻ പാറ. ശെന്തുരുണി വന്യ ജീവിസങ്കേതത്തിലെ കളം കുന്ന് സെക്ഷനിൽപ്പെട്ട ഈ വിനോദസഞ്ചാരകേന്ദ്രത്തിൽ, ഒരിക്കല്‍ എത്തിയവര്‍ തന്നെ വീണ്ടും എത്തുന്നു. ഇടിമുഴങ്ങാൻ പാറയിലെ ക്യാംപ് ഷെഡ്ഡിനടുത്തായി ഒരു കൂറ്റന്‍ പാറയുണ്ട്. തുലാവർഷക്കാലത്ത് മേഘഗർജനങ്ങൾ ഈ പാറയിൽത്തട്ടി പ്രതിധ്വനിക്കുന്നതു കാരണമാണ് ഈ പ്രദേശത്തിന് ഇടിമുഴങ്ങാൻ പാറ എന്ന് പേരു വീണതത്രേ.
തിരുവനന്തപുരത്ത് നിന്നും 75 കിലോമീറ്ററും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 65 കിലോമീറ്ററുമാണ് ശെന്തുരുണിയിലേക്കുള്ള ദൂരം. 1984 ല്‍ സ്ഥാപിതമായ ശെന്തുരുണി വന്യജീവി സങ്കേതം, 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്നു. ഗ്ലൂട്ടാ ട്രാവന്‍കോറിക എന്ന ശാസ്ത്രനാമമുള്ള ‘ചെങ്കുറിഞ്ഞി’ എന്ന അപൂര്‍വ്വ സസ്യ ഇനം കാണുന്ന ഇടമായതിനാലാണ് ശെന്തുരുണിക്ക് ആ പേര് ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്ന് 600 –1200 അടി ഉയരത്തിൽ മാത്രം വളരുന്ന ചെങ്കുറിഞ്ഞി മരങ്ങൾ സംരക്ഷിക്കാനാണ് ശെന്തുരുണിയുടെ ഒരു ഭാഗം സംരക്ഷിത വനമായി പ്രഖ്യാപിച്ചതുതന്നെ. ശെന്തുരുണിയിലെ വനപ്രദേശത്ത് ഏകദേശം നാലായിരത്തോളം ചെങ്കുറിഞ്ഞി വൃക്ഷങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
സഞ്ചാരികള്‍ക്കായി ശെന്തുരുണി ഇക്കോടൂറിസം ഇവിടെ ഇടിമുഴങ്ങൻ നൈറ്റ്സ് എന്ന പേരില്‍, ജംഗിള്‍ ക്യാംപിങ് പാക്കേജ് ഒരുക്കുന്നുണ്ട്. ബോട്ടിങ്, ട്രെക്കിങ്, ക്യാംപ് ഫയർ, അരുവികളില്‍ പ്രകൃതിദത്ത സ്പാ, സൗജന്യ ഭക്ഷണം, താമസത്തിനായി പൂർണമായും സജ്ജീകരിച്ച 2 മുറികൾ, ഗൈഡിന്‍റെ സേവനം എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളോടെ ഒരുക്കുന്ന ഈ പാക്കേജിനും ആവശ്യക്കാരേറെയാണ്.
ശെന്തുരുണി റിസര്‍വോയറില്‍ കുട്ട വഞ്ചി സവാരിയും ബോട്ടിങ്ങുമുണ്ട്. പരപ്പാറില്‍ നല്ല വെള്ളമുള്ള സമയത്ത് ബോട്ടുകളിലാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കാറുള്ളത്. ഇവിടെ നിന്ന് നോക്കിയാല്‍ അണക്കെട്ടും വൃഷ്ടിപ്രദേശവും കൂടാതെ കാട്ടാന, കാട്ടുപോത്ത്,തുടങ്ങിയ വന്യമൃഗങ്ങളെയും കാണാം. ശെന്തുരുണിയിലേക്ക് യാത്ര ചെയ്യാന്‍ keralaforestecotourism.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
English Summary: Stay in Forest Shenduruny Wildlife Sanctuary Eco Tourism