ഗോവൻ കാഴ്ച എവിടെ നിന്നു തുടങ്ങണം? 5 ദിവസത്തെ അടിപൊളി യാത്രാ പ്ലാന്‍ അറിയാം
Mail This Article
ട്രിപ്പ് പോകാന്‍ ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് ഗോവ. വെയിലും തിരമാലകളും കിന്നാരം പറയുന്ന പകലുകളും പഞ്ചാരമണല്‍ത്തരികളുടെ സ്വച്ഛതയില്‍ കിടന്നു ആകാശം മുഴുവന്‍ നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയൊരുക്കുന്ന രാത്രികളും എല്ലാം മറന്നാഘോഷിക്കാന്‍ തീരങ്ങളിലെ പാര്‍ട്ടി മൂഡുമെല്ലാമായി ഗോവ എന്ന സുന്ദരി ഏതു സഞ്ചാരിയെയാണ് മോഹിപ്പിക്കാത്തത്!
ആദ്യമായി ഗോവയില്‍ പോകുന്നവരോ സോളോ സഞ്ചാരികളോ ആയവര്‍ക്ക് ഗോവ യാത്ര എവിടെ നിന്നു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നത്ര ധാരണ കാണില്ല. അങ്ങനെയുള്ളവര്‍ക്കായി, അഞ്ചു ദിവസം ഗോവ കറങ്ങാനുള്ള ഫുള്‍ പ്ലാന്‍ ഇതാ.
ഒന്നാം ദിവസം, ഓള്‍ഡ് ഗോവ!
ഗോവയുടെ ചരിത്രവും ഗതകാലസ്മരണകളും ഉറങ്ങുന്ന വഴികളിലൂടെയുള്ള യാത്രയാവട്ടെ തുടക്കം. അതിനു ബെസ്റ്റാണ് ഓള്‍ഡ് ഗോവ. സെൻറ് ഫ്രാൻസിസ് അസ്സീസിയിലെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട പ്രധാന ഇടങ്ങള്‍. ഗോവ കറക്കത്തിനായി സ്കൂട്ടര്‍ വാടകയ്ക്കെടുക്കാം.
യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബോം ജീസസ് ബസിലിക്കയില്‍ നിന്ന് യാത്ര ആരംഭിക്കാം. ഇവിടെ നിന്നും വാസ്തുവിദ്യാ വിസ്മയമായ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസിയിലേക്ക് പോകാം, 1661-ൽ പോർച്ചുഗീസുകാരാണ് ഇത് നിർമിച്ചത്. ഗോവയുടെ വംശപാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നവയാണ് സേ കത്തീഡ്രലും ക്രിസ്ത്യൻ ആർട്ട് മ്യൂസിയവും.
നൈറ്റ് ലൈഫും ബീച്ചുകളും തേടി നോര്‍ത്ത് ഗോവയിലേക്ക്
രണ്ടാം ദിവസം നോര്‍ത്ത് ഗോവയില്‍ അടിച്ചുപൊളിക്കാം. മികച്ച ക്ലബ്ബുകളും ബീച്ചുകളും ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലങ്ങളുമെല്ലാം ഇവിടെയുണ്ട്. മറ്റു ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ധാരാളം പ്രാദേശിക ബസ് സര്‍വീസുകളും എല്ലാം ഉള്ളതിനാല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്.
ലിറ്റിൽ വാഗേറ്റർ ബീച്ച് സന്ദര്‍ശിച്ചുകൊണ്ട് ദിനം ആരംഭിക്കാം. ബനാന ബോട്ട് സവാരി മുതൽ പാരാ സെയിലിങ് വരെ ഇവിടെ ഒരുപാട് വാട്ടർ സ്പോർട്സ് ഇനങ്ങള്‍ ഉണ്ട്. ബോളിവുഡ് ചിത്രമായ 'ദിൽ ചാഹ്താ ഹേ' ഷൂട്ട് ചെയ്ത ചപ്പോര കോട്ടയും ഇവിടെയാണ് ഉള്ളത്. രാത്രി നൃത്തവും മറ്റും ആസ്വദിക്കാന്‍ വടക്കൻ ഗോവയിലെ കൊഹിബയിലേക്ക് പോകാം. അതെല്ലാം കഴിഞ്ഞ് ക്ഷീണമില്ലെങ്കില്‍ അഞ്ജുന ഫ്ലീ മാർക്കറ്റിൽ രാത്രി വൈകി ഷോപ്പിങ് നടത്താം. വളരെ തിരക്കേറിയ ഭാഗമായതിനാല്‍ സ്ത്രീകൾക്ക് സൂര്യാസ്തമയത്തിന് ശേഷം അത്ര സുരക്ഷിതമല്ല വടക്കന്‍ ഗോവ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പനാജിയും ഡോണ പോളയും
ഗോവയുടെ ഹൃദയഭാഗമാണ് പനാജി. മനോഹരമായ കടൽത്തീരങ്ങൾ, ഷോപ്പിങ്, ഭക്ഷണം, വാസ്തുവിദ്യ എന്നുവേണ്ട, സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം മതിയായ അളവില്‍ ഇവിടെയുണ്ടെന്നു പറയാം.
ഗോവയുടെ 360 ഡിഗ്രി കാഴ്ച നല്‍കുന്ന ഡോണ പോള വ്യൂ പോയിന്‍റില്‍ നിന്നും സെല്‍ഫി എടുത്ത ശേഷം മൂന്നാം ദിവസത്തെ യാത്ര തുടങ്ങാം. ഇവിടെ നിന്നും മിരാമര്‍ ബീച്ചിലേക്ക് പോകാം. ഗോവയിലെ ഭൂരിഭാഗം സമ്പന്നരായ ആളുകളും താമസിക്കുന്ന സ്ഥലമാണ് മിരാമറും ഡോണ പോളയും. ഇവിടെയുള്ള പരിസരം വീക്ഷിച്ചാല്‍ത്തന്നെ അക്കാര്യം വ്യക്തമാകും.
ഇവിടെ നിന്നും പനാജി മാര്‍ക്കറ്റിലേക്ക് പോകാം. അതിനു ശേഷം, പ്രശസ്തമായ ഫ്ലോട്ടിങ് കാസിനോകള്‍ സന്ദര്‍ശിക്കാം. ഇവയില്‍ എന്‍ട്രി ചാര്‍ജ് ഉള്ളവയും ഇല്ലാത്തവയുമുണ്ട്.
തെക്കന്‍ ഗോവയിലെ നാലാംദിനം
നോർത്ത് ഗോവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതൽ ശാന്തവും, വൃത്തിയുള്ളതും, സമാധാനപരവുമാണ് സൗത്ത് ഗോവ. ആധികാരികമായ ഗോവൻ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭിക്കും. ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്ന പാർട്ടികൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയൊന്നും ഇവിടെ കാണാനാവില്ല. അതുകൊണ്ടുതന്നെ പൊളി മൂഡുമായി ഗോവയില്‍ എത്തുന്നവര്‍ക്ക് ഇവിടം അത്ര പിടിക്കണമെന്നില്ല.
മനോഹരമായ സലാലിം അണക്കെട്ട് സന്ദർശിച്ച് യാത്ര ആരംഭിക്കാം. അണക്കെട്ടിൽ നിന്ന് കാബോ ഡി രാമ കോട്ടയിലേക്ക് പോകാം. 18000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ കോട്ട ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. കോട്ടയോട് ചേർന്ന് 500 മീറ്റർ നീളമുള്ള ഒരു ചെറിയ ബീച്ച് ഉണ്ട്, സൂര്യാസ്തമയം കാണാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ഇതോടൊപ്പം, അടുത്തുള്ള സെന്‍റ് അന്റോണിയോ പള്ളിയും സന്ദർശിക്കാം.
അതിനുശേഷം, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ ബീച്ചുകളിൽ ഒന്നായ പാലോലം ബീച്ച് സന്ദര്‍ശിക്കാം. ഇവിടെ വെള്ളത്തിന് താരതമ്യേന ആഴം കുറവാണ്.
സുസെഗാഡ് പരീക്ഷിച്ചു നോക്കാം
ഗോവയെ ഇത്രമാത്രം സവിശേഷമാക്കുന്ന ഒരു കാര്യം എന്നാല്‍ അവരുടെ ജീവിത വീക്ഷണമാണ്. ഗോവക്കാരുടെ, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ, ഒന്നിനെപ്പറ്റിയും ആവലാതിയില്ലാതെയുള്ള, സുസെഗാഡ് ജീവിതരീതി ഒന്ന് പരീക്ഷിക്കാം അഞ്ചാം ദിനം. കയ്യില്‍ ഇഷ്ടമുള്ള ഭക്ഷണവും പാനീയവുമായി ഏതെങ്കിലും ബീച്ചിലോ മറ്റോ പോയി മലര്‍ന്നു കിടക്കാം. ഭാരങ്ങളൊഴിഞ്ഞ മനസ് പറയുന്നതെന്തെന്നു കാതോര്‍ക്കാം. ഗോവയില്‍ പോയിട്ട്, ഒരു ദിവസമെങ്കിലും ഗോവക്കാരുടെ ജീവിത ദര്‍ശനം പിന്തുടര്‍ന്നില്ലെങ്കില്‍ മോശമല്ലേ!
English Summary: Places to Visit in Goa in 5 Days