കടുവ ട്രെൻഡ് ആംസ്റ്റർഡാമിലും; വിഡിയോ പങ്കിട്ട് മിഥുൻ

Mail This Article
വീണുകിട്ടുന്ന അവസരങ്ങളിൽ ഫാമിലിയായി യാത്ര ചെയ്യുന്നയാളാണ് പ്രേക്ഷകരുടെ പ്രിയതാരം മിഥുൻ രമേശ്. ഇപ്പോഴിതാ ആംസ്റ്റർഡാമിൽ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഏറ്റവും പുതിയതായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വീണ്ടും അഞ്ചാം തവണയും ആംസ്റ്റർഡാമിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്ന കുറിച്ചുകൊണ്ടൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഭാര്യയും മകളും ഒരുമിച്ച യാത്രയാണ്. വിമാനത്തിൽ ഇറങ്ങുന്നതും ശേഷം ആംസ്റ്റർഡാമിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം.
കുടുംബവുമൊത്തുള്ള യാത്രകൾക്കായി മിഥുൻ സമയം കണ്ടെത്താറുണ്ട്. വിദേശരാജ്യങ്ങളിലടക്കം നടത്തിയ യാത്രകളുടെ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം പ്രണയനഗരമായ പാരിസിൽ പോയിരുന്നു. ഇത്തവണത്തെ മിഥുന്റെ പിറന്നാൾ ആഘോഷം കപ്പഡോഷ്യയിലായിരുന്നു. തുർക്കിയിലെ നിരവധി യാത്രാചിത്രങ്ങളും അന്ന് പങ്കുവച്ചിരുന്നു. സന്തോഷം എന്തുമാകട്ടെ യാത്രയെ അത്രയധികം പ്രണയിക്കുന്നയാളാണ് മിഥുൻ.
ബക്കറ്റ് ആന്റ് ബജറ്റ് ലിസ്റ്റിലെ ആംസ്റ്റര്‍ഡാം
ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികളുടെയും ബക്കറ്റ് ആന്റ് ബജറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം. സമുദ്രനിരപ്പിന് താഴെയുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ലോ ലാന്റ്‌സിന്റെ ഭാഗമായാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
യൂറോപ്യൻ യാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഇടമാണ് ആംസ്റ്റർഡാം. സൈക്കിളിന്റെ , കനാലുകളുടെ, ചീസിന്റെ, കാറ്റാടിയന്ത്രങ്ങളുടെ നാട്. ആംസ്റ്റർഡാമിലെ നല്ലൊരു ശതമാനം ആളുകളും യാത്രകൾക്കായി സൈക്കിളുകൾ ഉപയോഗിക്കുന്നു. സൈക്കിളുകൾ ഈ രാജ്യത്തിന്റെ പൊതുസ്വത്താണ്. ജനങ്ങൾക്ക് ആവശ്യത്തിനു വ്യായാമം, അന്തരീക്ഷ മലിനീകരണമില്ല, ഇന്ധന നഷ്ടമില്ല.
കാറ്റാടിയന്ത്രങ്ങളും മനോഹരമായ പൂക്കളുടെ വിളഭൂമിയും ചരിത്രപ്രധാനപട്ടണങ്ങളും, ആന്‍ഫ്രാങ്കിന്റെ വീടും റിക്സ് മ്യൂസിയവുമെല്ലാം ആംസ്റ്റർഡാമിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു.

ട്യൂലിപ് പൂക്കളുടെ നാട്
ലക്ഷക്കണക്കിനു ട്യൂലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ‘ക്യൂക്കൻ ഹോഫ്’ പൂന്തോട്ടമാണ് നഗരത്തിന്റെ പുഷ്പവിശേഷങ്ങളിലൊന്ന്. ഇളംചുവപ്പ്, വെളുപ്പ്, മഞ്ഞ എന്നിങ്ങനെ ഒരുപാടു നിറങ്ങളിൽ ചിരിക്കുന്ന ട്യൂലിപ് പൂക്കൾ ഏതു സഞ്ചാരിയുടെയും മനംകവരും. ക്യാമറക്കണ്ണുകൾക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ കാഴ്ച. അതുകൊണ്ടു തന്നെ ‘ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തപ്പെടുന്ന ഇടം’ എന്ന ഖ്യാതിയും ക്യൂക്കൻ ഹോഫിനുണ്ട്. വിക്രത്തിന്റെ ഹിറ്റ് ചിത്രം ‘അന്യനി’ലെ ഗാനരംഗത്തിൽ കാണുന്ന, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ട്യുലിപ് പൂന്തോട്ടം ക്യൂക്കൻ ഹോഫാണ്.
എഴുപതു ലക്ഷത്തിലേറെ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ക്യൂക്കൻ ഹോഫ് പൂന്തോട്ടത്തിൽ, ഏപ്രിൽ–മേയ് മാസങ്ങളിൽ നടക്കുന്ന പുഷ്പമേളയിൽ പങ്കെടുക്കാൻ മാത്രമായി സഞ്ചാരികളെത്താറുണ്ട്.
English Summary: Mithun Ramesh Enjoys Holiday in Amsterdam