ഋഷികേശ് യാത്ര പ്ലാന്‍ ചെയ്യുകയാണോ? ഈ കാര്യങ്ങള്‍ മറക്കരുത്
Mail This Article
ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ്, വിനോദസഞ്ചാരികളുടെ പറുദീസയാണ്. ആത്മീയതയുടെയും പ്രകൃതിഭംഗിയുടെയും മാത്രമല്ല, ഒട്ടേറെ സാഹസികവിനോദങ്ങളുടെയും നാടാണ് ഋഷികേശ്. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമ്പന്നമാക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഋഷികേശ് നല്‍കുന്നത്. വര്‍ഷം മുഴുവനും യാത്ര ചെയ്യാവുന്ന ഇടമാണ് ഋഷികേശ്. എന്നാല്‍, വരാന്‍ പോകുന്ന മഞ്ഞുകാലത്ത് യാത്ര ചെയ്‌താല്‍ ഉത്തരേന്ത്യയിലെ കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാം. ഋഷികേശിലേക്ക് യാത്രയ്ക്ക് ഒരുങ്ങും മുന്‍പേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍..
1. ഗംഗാ ആരതി കാണാന്‍ മറക്കരുത്
പുണ്യനദിയായ ഗംഗയെ ആരാധിക്കുന്ന ചടങ്ങാണ് ഗംഗാ ആരതി. സന്ധ്യാസമയത്ത് ഗംഗയുടെ തീരത്ത് ഒത്തുകൂടി ആരതിയര്‍പ്പിക്കുന്ന ഭക്തരെയും പുരോഹിതന്മാരെയും കാണാം. മന്ത്രങ്ങളും ഭജനകളും പ്രാര്‍ത്ഥനാഗീതങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ആരതിയില്‍ പങ്കെടുക്കാം. പരമാര്‍ത്ഥ നികേതന്‍, ത്രിവേണി ഘട്ട് എന്നിവിടങ്ങളിലാണ് ഗംഗാ ആരതി സാധാരണയായി നടക്കുന്നത്.
2. യോഗ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം
നമ്മുടെ നാട്ടിലും ധാരാളം യോഗ കേന്ദ്രങ്ങളും പഠിപ്പിക്കുന്ന ആചാര്യന്‍മാരുമെല്ലാമുണ്ട്. എന്നാല്‍ യോഗയുടെ തലസ്ഥാനത്ത് പോയി യോഗ പഠിക്കുന്നത് എങ്ങനെയായിരിക്കും എന്നാലോചിച്ചിട്ടുണ്ടോ? ഉത്തരാഖണ്ഡ് സംസ്ഥാനം മുഴുവൻ 'യോഗയുടെയും ആയുർവേദത്തിന്‍റെയും നാട്' എന്നാണ് അറിയപ്പെടുന്നത്. ഋഷികേശിൽ ധാരാളം യോഗ കേന്ദ്രങ്ങളും യോഗ റിട്രീറ്റുകളും മറ്റും നടക്കുന്നുണ്ട്. ഇവയില്‍ തീര്‍ച്ചയായും കയറണം.
3. റിവർ റാഫ്റ്റിങ്
റിവർ റാഫ്റ്റിങ് ചെയ്യാതിരുന്നാള്‍ ഋഷികേശിലേക്കുള്ള യാത്ര പൂര്ന്നമാവില്ല! ശിവപുരിയിൽ നിന്നാണ് റാഫ്റ്റിങ് ആരംഭിക്കുന്നത്. 16 കിലോമീറ്റർ വരെ നീളുന്ന റാഫ്റ്റിങ് ആണിത്. ആദ്യമായിട്ടാണെങ്കിൽ ഇതിന്‍റെ പകുതി ദൂരം പോകുന്ന ഹാഫ് റാഫ്റ്റ് യാത്രയാണ് ഏറ്റവും അനുയോജ്യം. റാഫ്റ്റിങ് സമയത്ത് കനംകുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതും സുഖപ്രദമായ വസ്ത്രം ധരിക്കുക. നനഞ്ഞാല്‍ ഭാരം കൂടും എന്നതിനാല്‍ കയ്യുറകൾ, സോക്‌സ്, തെർമൽ എന്നിവ ധരിക്കുന്നത് ഒഴിവാക്കുക.
4. സാഹസിക വിനോദങ്ങളില്‍ പങ്കെടുക്കാം
വിനോദസഞ്ചാരികൾക്കായി ഋഷികേശിൽ വൈവിധ്യമാർന്ന കായിക വിനോദങ്ങളും സാഹസിക വിനോദങ്ങളും ഉണ്ട്. പെയിന്റ്ബോൾ, ക്യാമ്പിംഗ്, ബംഗീ ജമ്പിംഗ്, ക്ലിഫ് ജംപിങ്, കയാക്കിങ്, ഹൈക്കിങ്, റാപ്പലിങ്, വെള്ളച്ചാട്ടം ട്രെക്കിങ് എന്നിവയും ഗെയിമിംഗ് സോണുകളും ഇവിടെയുണ്ട്. മാത്രമല്ല സിപ്‌ലൈനിംഗും കേബിൾ കാറുകളും ഇവിടെയുണ്ട്.
5. രാം ഝൂല, ലക്ഷ്മണ്‍ ഝൂല
ഗംഗാനദിക്ക് കുറുകെയുള്ള ഒരു ഇരുമ്പ് തൂക്കുപാലമാണ് രാം ഝൂല. തെഹ്‌രി ഗർവാൾ ജില്ലയിലെ മുനി കി രേതിയിലെ ശിവാനന്ദ നഗർ പ്രദേശത്തെ പൗരി ഗർവാൾ ജില്ലയിലെ സ്വർഗാശ്രമവുമായി ബന്ധിപ്പിക്കുന്ന പാലം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നദി മുറിച്ചുകടക്കുന്നു. 1986-ൽ പണികഴിപ്പിച്ച ഈ പാലം ഋഷികേശിന്‍റെ മുഖമുദ്രകളിലൊന്നാണ്. രാം ഝൂലക്കടുത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു കാൽനട പാലമാണ് ലക്ഷ്മൺ ഝൂല.
6. ബീറ്റിൽസ് ആശ്രമത്തിലേക്ക്
ഗംഗാ നദിയുടെ കിഴക്കേ തീരത്തായി ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ആശ്രമമാണ് ബീറ്റില്‍സ് ആശ്രമം. സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ദി ബീറ്റിൽസ് റോക്ക് ബാന്‍ഡിന്‍റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ സ്ഥലമാണിത്. തങ്ങളുടെ ആത്മീയ ആചാര്യനും ഉപദേശകനുമായി അവര്‍ കണ്ടെത്തിയ മഹർഷി മഹേഷ് യോഗിക്കു കീഴില്‍ ട്രാൻസെൻഡെന്റല്‍ മെഡിറ്റേഷൻ പരിശീലനത്തിനായാണ് അവര്‍ ഇവിടെ എത്തിയത്. ഏകദേശം നാല്‍പ്പത്തെട്ടോളം ഗാനങ്ങള്‍ അവര്‍ ഇവിടെ നിന്നും എഴുതിയിരുന്നത്രേ. ആബെ റോഡ്, വൈറ്റ് ആൽബം തുടങ്ങിയവയിലെ മിക്ക പാട്ടുകളും ഇവിടെയുണ്ടായിരുന്ന സമയത്താണ് അവര്‍ ചിട്ടപ്പെടുത്തിയത്. 2015 ൽ ഇവിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വൈകുന്നേരം നാലുമണി വരെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.
English Summary: The Complete Travel Guide to Rishikesh