ADVERTISEMENT

മൺസൂൺ കാലത്തായിരിക്കും പ്രകൃതി ഏറ്റവും ഭംഗിയുള്ളതായി മാറുന്നത്. പുതിയ നാമ്പുകൾ കിളിർത്തു നിൽക്കുന്നതും നനുത്ത തണുത്ത കാലാവസ്ഥയും വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങളും അനുഭവിക്കാൻ പറ്റുന്ന ഏറ്റവും മികച്ച സമയം. ഈ സമയത്ത് കാടകങ്ങൾ അറിഞ്ഞൊരു യാത്ര നടത്തണം. മാനും കാട്ടുപോത്തും ആനയും പുലിയും കടുവയും എല്ലാം നമ്മുടെ കൺമുന്നിലൂടെ കടന്നുപോകുന്നതു കാണാനുള്ള അവസരം കൂടിയാണ് ഓരോ മൺസൂൺ കാലവും. ദേശീയ പാർക്കുകളിലേക്കുള്ള മൺസൂൺ സഫാരി കാലാവസ്ഥ അനുകൂലമല്ലെങ്കിൽ സാധിക്കുകയില്ല. സഫാരികൾ മുൻകൂട്ടി ബുക്ക് ചെയ്തു പോകുവാൻ ശ്രദ്ധിക്കുക. രണ്ടു മാസം മുൻപ് എങ്കിലും ബുക്കിങ് നടത്തണം.

രാജസ്ഥാനിലെ രൺതംഭോർ നാഷനൽ പാർക്കിൽ നിന്നുള്ള ചിത്രം : സിബി കെ തമ്പി
തഡോബ നാഷനൽ പാർക്കിൽ നിന്നുള്ള കടുവ. ചിത്രം : സിബി കെ തമ്പി

 

വന്യമൃഗങ്ങളെ അടുത്ത് കാണാൻ പറ്റുന്ന ചില ദേശീയ പാർക്കുകൾ പരിചയപ്പെടാം

 

പെരിയാർ വന്യജീവി സങ്കേതം

 

രാജസ്ഥാനിലെ രൺതംഭോർ നാഷനൽ പാർക്കിൽ നിന്നുള്ള ചിത്രം : സിബി കെ തമ്പി
തഡോബ നാഷനൽ പാർക്കിൽ നിന്നുള്ള കടുവ. ചിത്രം : സിബി കെ തമ്പി

നാട്ടിൽനിന്നു തന്നെ തുടങ്ങാം. കേരളത്തിന്റെ 'ഇക്കോ ടൂറിസം ക്യാപിറ്റൽ' ആയി വിശേഷിപ്പിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തേക്കടി. പെരിയാർ വന്യജീവി സങ്കേതമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. 777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ സങ്കേതം കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും കടുവാ സങ്കേതവുമാണ്. നിരവധി ഇനം മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ ആവാസവ്യവസ്ഥയാണ് പെരിയാർ വന്യജീവി സങ്കേതം. വനംവകുപ്പും വിനോദസഞ്ചാര വകുപ്പും പെരിയാർ തടാകത്തിൽ സഞ്ചാരികൾക്കു ബോട്ടിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആനകളെ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന ഇടം കൂടിയാണ് പെരിയാർ. ജംഗിൾ പട്രോൾ, ടൈഗർ ട്രെയിൻ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇക്കോ ടൂറിസം പാക്കേജുകൾ വനംവകുപ്പ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു.

ബന്ദിപൂർ ദേശീയ ഉദ്യാനവും കബനിയും

കാഴ്ചകളുടെ വിസ്മയമൊുക്കുന്ന ബന്ദിപൂർ ദേശീയ ഉദ്യാനവും നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം) കബിനി ജലസംഭരണിയുടെ സമീപത്താണുള്ളത്. നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമാണ് കബനി. വയനാട്ടിൽ നിന്നാരംഭിക്കുന്ന കബനി നദിയാണ് ചെറുതും വലുതുമായ അനേകായിരം മൃഗങ്ങളുടെ ജീവൻ നിലനിർത്തുന്നത്. കരയിലെ ആനയും കാട്ടുപോത്തും മാനും പന്നിയും കടുവയും പുഴയിലെ ചീങ്കണ്ണിയും മൽസ്യവും മറ്റ് ജലജീവികളും വേനൽ കാലത്തു കബനിയുടെ കാരുണ്യത്തിലാണ് കഴിയുന്നത്. പുഴയിലും കരയിലുമായി വസിക്കുന്ന അനേകം ഇനം പക്ഷികളുടെ ആവാസ മേഖലയും ഈ സ്ഥലം തന്നെ. ഈ വനമേഖലയോട് ചേർന്നാണ് തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നിവ. മഴക്കാലം വരെ നദീതീരമാണ് ഇവരുടെ വാസസ്ഥലം.

 

രാജസ്ഥാനിലെ രൺതംഭോർ നാഷനൽ പാർക്കിൽ നിന്നുള്ള ചിത്രം : സിബി കെ തമ്പി
തഡോബ നാഷനൽ പാർക്കിൽ നിന്നുള്ള കടുവ. ചിത്രം : സിബി കെ തമ്പി

തഡോബ നാഷനൽ പാർക്ക്, മഹാരാഷ്ട്ര

 

രാജസ്ഥാനിലെ രൺതംഭോർ നാഷനൽ പാർക്കിൽ നിന്നുള്ള ചിത്രം : സിബി കെ തമ്പി
തഡോബ നാഷനൽ പാർക്കിൽ നിന്നുള്ള കടുവ. ചിത്രം : സിബി കെ തമ്പി

മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തഡോബ ദേശീയോദ്യാനം 1955 ൽ സ്ഥാപിതമായ, സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ദേശീയോദ്യാനമാണ്. കടുവയാണ് ഇവിടെ പ്രധാനപ്പെട്ട ജീവിയെങ്കിലും പുള്ളിപ്പുലിയും വിവിധയിനം കാട്ടു പൂച്ചകളും ലംഗൂർ കുരങ്ങുമെല്ലാം ഇവിടെയുണ്ട്. കാടിനുള്ളിലെ തടാകം മഗർ മുതലകളുടെ ആവാസ കേന്ദ്രമാണ്. തഡോബ അന്ധാരി ടൈഗർ റിസർവ് എന്നും അറിയപ്പെടുന്ന തഡോബ ദേശീയോദ്യാനം ഇന്ത്യയിൽ നിലവിലുള്ള 47 പ്രോജക്ട് ടൈഗർ റിസർവുകളിൽ ഒന്നാണ്. കടുവകളെ എറ്റവും അടുത്തു കാണാനാകും എന്നതാണ് ഈ നാഷനൽ പാർക്കിന്റെ പ്രത്യേകത. 

 

രൺതംഭോർ നാഷനൽ പാർക്ക്, രാജസ്ഥാൻ 

 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ഇത്. പ്രധാനമായും കടുവകളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. മൺസൂൺ കാലത്ത് നാഷനൽ പാർക്കിന്റെ ചില മേഖലകൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. റോയൽ ബംഗാൾ കടുവയെ കാണാൻ ഏറ്റവും മികച്ചയിടമാണിത്. ഉത്തരേന്ത്യയിലെ ഏറ്റവും വലുതും പ്രശസ്തവുമായ ദേശീയോദ്യാനങ്ങളിലൊന്നാണ് രൺതംഭോർ. ജയ്പുരിൽനിന്ന് 130 കിലോമീറ്റർ അകലെ തെക്കുകിഴക്കൻ രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ജയ്പുർ മഹാരാജാക്കന്മാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്ന രൺതംഭോർ നാഷണൽ പാർക്ക് ഇന്ന് വന്യജീവി ഫൊട്ടോഗ്രഫർമാരുടെയും മൃഗപ്രേമികളുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒരു പ്രധാന വന്യജീവി വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്. (സഫാരിയിൽ – ചൊവ്വാഴ്ച ബഫർ സോൺ അവധി,  ബുധനാഴ്ച കോർ സോണിന് അവധി, മൺസൂൺ സമയത്ത് കോർ സോൺ അടച്ചിടും.)

 

ദച്ചിഗാം നാഷനൽ പാർക്ക്, ജമ്മു

 

ശ്രീനഗറിൽനിന്ന് 22 കിലോമിറ്റർ അകലെയുള്ള ഇവിടം മൺസൂൺ കാലത്തും തുറന്നിരിക്കും. ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതങ്ങളിൽ ഒന്നായ ദച്ചിഗാം വംശനാശഭീഷണി നേരിടുന്ന കശ്മീർ സ്റ്റാഗിന്റെയും മറ്റ് നിരവധി ഹിമാലയൻ വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്. ദഗ്‌വാൻ നദിയും സംഗർഗുലു താഴ്‌വരയും ഈ പാർക്കിന്റെ വലിയ ആകർഷണമാണ്. ഹിമാലയൻ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പാർക്ക് 141 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നു. ഹർവാൻ റിസർവോയറിന് ഒരു സംരക്ഷണ മേഖലയും വൃഷ്ടിപ്രദേശവും സൃഷ്ടിക്കാനുള്ള അന്നത്തെ ജമ്മു കശ്മീർ മഹാരാജാവിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു ഈ പാർക്ക്. സമുദ്രനിരപ്പിൽനിന്ന് 5500 അടി മുതൽ 14,000 അടി വരെ ഉയരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഉയരങ്ങളിലെ വ്യത്യാസം കാരണം പാർക്കിനെ മുകളിലും താഴെയുമായി തിരിച്ചിരിക്കുന്നു. ഹംഗുലിനെ കൂടാതെ കസ്തൂരി മാൻ, പുള്ളിപ്പുലി, ഹിമാലയൻ ഗ്രേ ലംഗൂർ, പുള്ളിപ്പുലി പൂച്ച, ഹിമാലയൻ ബ്ലാക്ക് ബെയർ എന്നിവയ്ക്കും ദച്ചിഗാം പ്രശസ്തമാണ്. പക്ഷി നിരീക്ഷകരുടെ പറുദീസയാണിത്.

 

കാളി ടൈഗർ റിസർവ്, കർണാടക

 

ഈ മഴക്കാട് നിരവധി വന്യജീവികളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ്. ഇതിലൂടെയുള്ള യാത്രക്കിടെ കടുവകളെ കൂടാതെ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കരിമ്പുലിയെയും കൺമുമ്പിൽ കാണാം. ദണ്ഡേലി വന്യജീവി സങ്കേതം, അൻഷി നാഷനൽ പാർക്ക് എന്നീ രണ്ട് പ്രധാന സംരക്ഷിത പ്രദേശങ്ങളെ ഈ ടൈഗർ റിസർവ് ഉൾക്കൊള്ളുന്നു. ഉത്തര കന്നഡ ജില്ലയുടെ മധ്യഭാഗത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. കാളി ടൈഗർ റിസർവിൽ ദിവസത്തിൽ രണ്ടുതവണ ജംഗിൾ സഫാരി സംഘടിപ്പിക്കുന്നുണ്ട്– രാവിലെ 6 മുതൽ 8 വരെയും വൈകുന്നേരം 4 മുതൽ 6 വരെയും. ഫാൻസോലിയാണ് റിപ്പോർട്ടിങ് പോയിന്റ്. അടുത്തുള്ള അൻഷി നാഷനൽ പാർക്കിലും കാളി ടൈഗർ റിസർവിലുമായി 40 ഓളം കടുവകളുണ്ട്.

 

Content Summary : The monsoon is a great time to go on a wildlife safari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com