തൃശ്ശൂരില്‍ മറഞ്ഞിരിക്കുന്ന മാണിക്യം, അപൂർവ്വ സൗന്ദര്യ കാഴ്ച്ചയൊരുക്കി ചെറുചക്കി ചോല !
Mail This Article
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്ക് അടുത്തുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുചക്കി ചോല. അധികമാര്‍ക്കും അറിയാതെ പ്രകൃതി ഒളിപ്പിച്ചുവച്ച അനേകം മഹാദ്ഭുതങ്ങളില്‍ ഒന്നാണ് സുന്ദരമായ ഈ പ്രദേശം. വാമൊഴിയായി പടര്‍ന്ന് ചെറുചക്കിയുടെ മനോഹാരിത കാണാനായി ഇപ്പോള്‍ സഞ്ചാരികള്‍ പതിയെ എത്തിത്തുടങ്ങിയിട്ടുണ്ട്.
ചെറുചക്കി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അതിനുപിന്നില്‍ ഒരു കഥയുണ്ടെന്ന് നമുക്കു മനസിലാകും. പണ്ട് ഘോരവനമായിരുന്ന ഈ പ്രദേശം ഭരിച്ചിരുന്നത് ഒരു കാട്ടുമൂപ്പന്‍ ആയിരുന്നത്രെ. ഏറെനാള്‍ മക്കളില്ലാതെ കഴിച്ചുകൂട്ടിയ മൂപ്പന് വനദേവത അനുഗ്രഹിച്ച് പിറന്ന കുഞ്ഞാണ് ചെറുചക്കി. ചക്കിയെ കാടിനു പുറത്തുവിട്ടാല്‍ കാട് നശിക്കുമെന്ന് വനദേവത മൂപ്പനോട് പറഞ്ഞെന്നും പിന്നീട് മുതിര്‍ന്ന ശേഷം പുറത്തു പോവാന്‍ ഒരുങ്ങിയ ചക്കിയെ മൂപ്പന്‍ കാട്ടില്‍ കെട്ടിയിട്ടു എന്നുമാണ് കഥ. ഈ ചെറുചക്കിയുടെ കണ്ണീരാണത്രേ ചെറുചക്കി ചോലയായി ഒഴുകുന്നത് എന്നാണു കഥ.
ചോലയിലേക്ക് പോകുന്ന വഴിയിൽ ധാരാളം മരങ്ങള്‍ കാണാം. മണ്‍സൂണ്‍ കാലത്താണ് ചെറുചക്കി ചോല നിറഞ്ഞൊഴുകി കൂടുതല്‍ മനോഹരമാകുന്നത്. ഈ സമയത്ത് പലരും പറഞ്ഞുകേട്ട് വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നു.തൃശ്ശൂർ ടൗണിൽ നിന്ന് 23 കിലോമീറ്റര്‍ ദൂരെയാണ് ചെറുചക്കി ചോല. ചോലയില്‍ എത്താന്‍ ഒരു കിലോമീറ്ററോളം കാടിനുള്ളിലൂടെ നടക്കണം. ഈ പ്രദേശത്ത് ഏകദേശം ഏഴോളം ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഉണ്ട്. മഴക്കാലത്താണ് ഇവ കൂടുതല്‍ സമൃദ്ധമാവുന്നത്.
അരുവികളും വെള്ളച്ചാട്ടവും ചെക്ക്ഡാമും തട്ട്മടയും നരിമടയും വാച്ച് ടവറും ഉള്‍പ്പെടുത്തിയുള്ള ഇക്കോ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി ഈ പ്രദേശത്ത് നടപ്പിലാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പദ്ധതിയുണ്ട്. ഇതോടെ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത്.