ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വാട്ടർ സ്ലൈഡിന്റെ ഉറവിടം തേടിയെത്തിയത് കാന്തല്ലൂരിൽ. അവിടെനിന്ന് കിടുക്കൻ ഓഫ് റോഡ് ട്രിപ്പ്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ മാത്രം പോകുന്ന വഴി ഞങ്ങളെ എത്തിച്ചത് മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന മഡ് ഹൗസ് സമുച്ചയത്തിൽ. ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ ആ നാച്ചുറൽ വാട്ടർ സ്ലൈഡ് ആയിരിക്കും അത്. കൂടെ വന്ന ഡ്രൈവർ പറയുന്നു. അതുകാണാൻ പോകുംമുൻപ് മഡ് ഹൗസ് ഉടമ രാജനും അമ്മയും നൽകിയ ചായസൽക്കാരത്തിൽ പങ്കുചേർന്നു.  

mud-house-kanthaloor2
ട്രെക്കിങ് പാത

ഒരു പത്തുമിനിറ്റ് ചെറിയ ട്രെക്കിങ് ചെയ്താൽ മനോഹരമായ വാട്ടർ സ്ലൈഡ് കാണാം.ആളോളം പൊക്കത്തിൽ പലയിടത്തും പുല്ലുവളർന്നു നിൽക്കുന്നുണ്ട്. അതിനിടയിലൂടെയുള്ള ഒറ്റയടിപ്പാത. വലിയൊരു പാറപ്പുറത്തേക്കാണ് നാമാദ്യമെത്തുക.ഒരു ചെറുനീരുറവ പാറയെ തഴുകി താഴോട്ടുപോകുന്നു. അതിനെ പിന്തുടർന്നാൽ സുന്ദരിയായൊരു ചിന്ന വെള്ളച്ചാട്ടത്തിനടുത്തെത്താം. മരത്തണലിൽ, താഴെ പേരറിയാ പൂച്ചെടികളെ തലോടിപ്പോകുന്ന  ആ വെള്ളച്ചാട്ടം കണ്ടങ്ങിരിക്കാൻ തോന്നും. അവിടെ ഇറങ്ങണെമെന്നു തോന്നിയാൽ രണ്ടുപേരുടെയെങ്കിലും സഹായത്തോടെ വഴുക്കലില്ലാത്ത പാറപ്പുറത്തുകൂടി സൂക്ഷിച്ചു നടക്കണം. എന്നിട്ട് ആ ചെറുജലപാതത്തോടു ചേർന്നിരിക്കാം.പുറത്തു വെള്ളം താളം തട്ടും. മസാജ് ചെയ്യുന്നൊരു പ്രതീതി. 

mud-house-kanthaloor4
കാന്തല്ലൂരിലെ മൺവീട്

പിന്നെയും താഴോട്ടു നടക്കുകയാണെങ്കിൽ നമുക്കു നമ്മുടെ കഥാപാത്രത്തെ കാണാം. വാട്ടർ സ്ലൈഡ്. ചാഞ്ഞിറങ്ങുന്നൊരു ചെറുചെമ്മൺനിറമുള്ള പാറ. അതിലൂടെയാണ് ആ ചെറുനീരൊഴുക്ക്. നിങ്ങൾ അതിസാഹസികത ഇഷ്ടപ്പെടുന്നവരാണോ? നീന്താനും വെള്ളത്തിൽ ഇറങ്ങാനും സ്ലൈഡ് ചെയ്യാനും അറിയുന്നയാളാണോ? ഈ വാട്ടർസ്ലൈഡ് നിങ്ങളെ കൊതിപ്പിക്കും.അല്ലാത്തവരെ കൊതിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും. 

 

കാരണം ഒറ്റക്കാഴ്ചയിൽ ചെറിയൊരു സ്ലൈഡ് ആണെന്നും അപകടമില്ലെന്നും തോന്നും. പക്ഷേ, പകുതിവച്ചു സ്ലൈഡ് ചെയ്തപ്പോഴേ കിളിപോയി എന്നതാണ് അനുഭവം.  ഇരുന്നു കൈവിട്ടപ്പോഴേ വെള്ളം ശരവേഗത്തിലാണ് കൊണ്ടുപോയത്. കണ്ണടച്ചുതുറക്കുംമുൻപേ താഴെ ചെറിയൊരു കുളംപോലുള്ള കെട്ടിലേക്കെത്തിച്ചു ആ വാട്ടർ സ്ലൈഡ്. തീർച്ചയായും മഡ്ഹൗസിലെ ആരുടെയെങ്കിലും സഹായമില്ലാതെ ഇവിടെ ഇറങ്ങരുത്. അത്ര ആത്മവിശ്വാസവും അനുഭവസമ്പത്തുമുണ്ടെങ്കിൽ മാത്രമേ സ്ലൈഡ് ചെയ്യാവൂ.  ആ ചെറുപൂളിൽ ഒരു കുളി പാസ്സാക്കി തിരികെ മഡ് ഹൗസിലേക്ക്. 

mud-house-kanthaloor6

സത്യത്തിൽ ഇതൊരു മഡ് ഹൗസ് അല്ല.മറിച്ച് നാലു മുറികളും ആധുനിക ടോയ്‍‍‍ലെറ്റുകളും ടെന്റുകളുമുള്ള ഒരു കൊച്ചു മഡ് വില്ലേജ് ആണ്.  ടോപ്ഹിൽസ് എന്നാണു പേരെന്ന് ഉടമ രാജൻ പറഞ്ഞു. മരക്കമ്പുകൾ അടുക്കിവച്ച് ഗോവണിയും ഫ്ലോറും നിർമിച്ചത് അദ്ദേഹം  തന്നെയാണ്. മണ്ണുകൊണ്ടു ചുമരും പുല്ലുകൊണ്ട് മേൽക്കൂരയുമാണ് കുടിലിന്. ടെന്റ് സൗകര്യവുമുണ്ട്. വലിയൊരു സംഘം വന്നാലും കിടക്കാൻ സൗകര്യമുണ്ടെന്നർഥം. മുറ്റത്ത് ക്യാംപ് ഫയറിടാം, നൃത്തമാടാം

 

രാജേട്ടന്റെ കുടുംബം താമസിക്കുന്നതും അതിഥികൾക്കുള്ള ആഹാരം തയാറാക്കുന്നതും ഇവിടെ വച്ചാണ്. അതുകൊണ്ട് ഫാമിലി ഫ്രണ്ട്‍‍ലി ആണ് താമസം. സ്ലൈഡിന്റെ കാഴ്ചയാസ്വദിച്ചു ഞങ്ങൾ തിരികെ പോന്നു. ഇനിയും  ഓഫ് റോഡ് യാത്ര. രാത്രി ക്യാംപ് ഫയറിന്റെ ചൂടിൽ ആ മലമുകളിലെ മഡ് ഹൗസ് ആസ്വദിക്കാൻ ഒരു വരവു കൂടി വരേണ്ടിവരുമെന്നോർത്താണ്  ജീപ്പിൽ കയറിയത്. 

mud-house-kanthaloor5

എങ്ങനെയെത്താം

മൂന്നാർ കഴിഞ്ഞ് നാൽപ്പതു കിലോമീറ്റർ ദൂരമുണ്ട് മറയൂരിലേക്ക്. അവിടെനിന്നു മലമുകളിലേക്കു കയറിയാൽ കാന്തല്ലൂർ. കാന്തല്ലൂരിനടുത്ത് അഞ്ചിവീട് അമ്പലത്തിൽ വാഹനം പാർക്ക് ചെയ്യാം. ജീപ്പ് റൈഡിന്  അങ്ങോട്ടുമിങ്ങോട്ടും കൂടി 1500 രൂപ വേറെ നൽകണം. പക്ഷേ, അതൊരു അനുഭവമായിരിക്കും. കുത്തനെയുള്ള മലകയറാൻ ഇഷ്ടമുള്ളവരുണ്ടെങ്കിൽ നടക്കുകയാണു നല്ലത്. ഏതാണ്ട് രണ്ടു കിലോമീറ്ററുണ്ട് ദൂരം. 

ശ്രദ്ധിക്കേണ്ടത്

ഗൈഡിന്റെ സഹായത്തോടെ മാത്രമേ വാട്ടർസ്ലൈഡിലേക്കു പോകാവൂ. 

അത്യാവശ്യമരുന്നുകൾ ലഘുപാനീയ-ആഹാരാദികൾ കോവിൽക്കടവ് അങ്ങാടിയിൽനിന്നു വാങ്ങി സൂക്ഷിക്കാം. ബിഎസ്എൻഎൽ, ജിയോ എന്നീ കണക്ഷനുകൾക്കു മാത്രമേ റേഞ്ച് ഉണ്ടാകൂ. 

ചെലവ്

ഒരാൾക്ക് രണ്ടുനേരം ആഹാരമടക്കം 1200 രൂപ. ഒരു മുറിയിൽ അഞ്ചുപേർക്കുവരെ താമസിക്കാം.   

കൂടുതൽ വിവരങ്ങൾക്ക്- 8301039194

English Summary: Stay In Mud House kanthalloor Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com