മേഘാലയയുടെ സൗന്ദര്യം ഇനി വേറെ ലെവൽ; 138 കോടിയുടെ പുതിയ പദ്ധതികൾ
Mail This Article
സവിശേഷ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും സംസ്ക്കാരത്തിനും പേരുകേട്ട നാടാണ് മേഘാലയ. മേഘാലയയുടെ സൗന്ദര്യം വേറെ ലെവലില്‍ ആസ്വദിക്കാനുള്ള പുതിയ പദ്ധതിയാണ് അവിടെ ഒരുങ്ങുന്നത്. ഒക്ടോബറില്‍ നിര്‍മാണം ആരംഭിക്കുന്ന റോപ് വേ പദ്ധതി ഇവിടുത്തെ വിനോദ സഞ്ചാരമേഖലക്ക് മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ ഗുണകരമാവുമെന്നാണ് പ്രതീക്ഷ. യാത്രകളെ കൂടുതല്‍ അനായാസവും ആസ്വാദ്യകരവുമാക്കാന്‍ ഈ റോപ് വേ പദ്ധതികൊണ്ട് സാധിക്കും.
2022 സെപ്തംബറില്‍ മേഘാലയ മന്ത്രിസഭ അനുമതി നല്കിയ പദ്ധതിയാണിത്. ലോസോടുണില് നിന്നും ഷില്ലോങ് മലനിരകള്‍ വരെയാണ് ഈ റോപ് വേ നീളുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് മനോഹരമായ ഭൂപ്രകൃതിയെ വിശാലമായി മുന്‍പില്ലാത്ത വിധം ആസ്വദിക്കാനാവും. ഏകദേശം 138 കോടി രൂപ കണക്കാക്കുന്ന പദ്ധതിയാണിത്.
ഈ റോപ് വേ പദ്ധതി വിനോദ സഞ്ചാരത്തിനു മാത്രമല്ല സാധാരണക്കാരായ നാട്ടുകാര്‍ക്കും ഗുണം ചെയ്യും. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. മേഘാലയയിലെ തന്നെ പല ഭാഗങ്ങളും തമ്മില്‍ ഗതാഗത സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. ഭൂപ്രകൃതിയുടെ സവിശേഷതകളാണ് ഇതിനു പിന്നില്‍. റോഡിലൂടെ പോവാന്‍ മണിക്കൂറുകളെടുക്കുന്ന ലക്ഷ്യങ്ങളിലേക്ക് വളരെയെളുപ്പത്തില്‍ റോപ് വേ ഉപയോഗിച്ച് എത്തിച്ചേരാനാവും.
സുരക്ഷയ്ക്കും ഗുണ നിലവാരത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് മേഘാലയ സര്‍ക്കാര്‍ ഈ റോപ് വേ പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഈ പദ്ധതിയുടെ കരാറുകളുടെ വിശദാംശങ്ങള്‍ സഹിതം ധവളപത്രം പുറത്തിറക്കുമെന്ന് മേഘാലയ വിനോദസഞ്ചാര മന്ത്രി പോള്‍ ലിങ്ദോ ജൂലൈ 18ന് പറഞ്ഞിരുന്നു. രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം. 12 കേബിളുകളുടെ സേവനമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായുണ്ടാവുക.
ഈ വര്‍ഷം ജൂലൈയില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മണ്‍സൂണ്‍ ശക്തമായതോടെ നിര്‍മാണം വൈകി. ഇപ്പോള്‍ മണ്‍സൂണ്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോവാനാണ് സര്‍ക്കാര്‍ ശ്രമം. റോപ് വേ വരുന്നതോടെ ഷില്ലോങ് കൊടുമുടിയിലേക്ക് എളുപ്പം എത്തിച്ചേരാന്‍ യാത്രികര്‍ക്ക് സാധിക്കും. മേഘാലയയുടെ സൗന്ദര്യം പുതിയ രീതിയില്‍ ആസ്വദിക്കാനും റോപ് വേ വഴി സാധിക്കും.
ഒരു ഗതാഗത മാര്‍ഗം എന്നതിനേക്കാള്‍ മേഘാലയയുടെ സൗന്ദര്യം വേറിട്ട തലത്തില്‍ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റോപ് വേ വഴി ലഭ്യമാവുന്നത്. കാടിന്റെ വന്യസൗന്ദര്യവും താഴ്വരകളും റോഡുകളെത്താത്ത പ്രകൃതിയുടെ സവിശേഷ കാഴ്ച്ചകളും റോപ് വേ വഴി യാത്രികര്‍ക്ക് അറിയാനാവും. റോപ് വേ കൂടി വരുന്നതോടെ മേഘാലയയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇതിനൊപ്പം നാട്ടുകാര്‍ക്ക് സുരക്ഷിതവും വിശ്വാസ്യയോഗ്യവുമായ ഒരു ഗതാഗത മാര്‍ഗം കൂടിയാണ് റോപ് വേ വഴി തുറന്നു കിട്ടുന്നത്. നാട്ടുകാര്‍ക്കു പ്രത്യേകിച്ച് ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ റോപ് വേ സൗകര്യം ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് വലിയ അനുഗ്രഹമായിരിക്കും.
മേഘങ്ങളുടെ ആലയം എന്നാണ് മേഘാലയ എന്ന വാക്കിന്റെ അര്‍ഥം. മലമുകളില്‍ മേഘങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലത്തിന് ഇത്രമേല്‍ യോജിച്ച മറ്റൊരു പേരില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം മേഘാലയയിലാണ്. ദേശീയ ശരാശരിയേക്കാള്‍ പത്തിരട്ടി കൂടുതലാണ് ഈ മഴനാടുകളില് ലഭിക്കുന്ന മഴ. ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍, ഷില്ലോങിലെ എലിഫെന്റ് ഫാള്‍സ് വെള്ളച്ചാട്ടം, ക്രാങ് ശുരി വെള്ളച്ചാട്ടം, ലോകാലികായ് വെള്ളച്ചാട്ടം, ഉമിയം തടാകം, മൗസ്മി ഗുഹ, തെളിനീരൊഴുകുന്ന ഉംഗോട്ട് നദി എന്നിങ്ങനെ നിരവധി കാഴ്ച്ചകള്‍ മേഘാലയയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.