ജീവിച്ചിരിക്കുന്നവരുടെ 1000 മടങ്ങ് മരിച്ചവരുള്ള നഗരം

Mail This Article
ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുടെ നഗരമാണ് അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്കോയ്ക്കു സമീപം കോൾമ സിറ്റി. 17 സെമിത്തേരികളുള്ള ഇവിടെ ഉദ്ദേശം 1.5 മില്യൺ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്. കലിഫോർണിയയിലെ സൻ മറ്റിയോ കൗണ്ടിയിൽ ഉൾപ്പെടുന്ന കോൾമ സിറ്റിയിലെ ആകെ ജനസംഖ്യ 2000 മാത്രമാണ്. വീടുകളെക്കാൾ കൂടുതൽ കല്ലറകളുള്ള കോൾമ നഗരവാസികളുടെ വാക്യം ‘ഇറ്റ്സ് ഗ്രേറ്റ് റ്റു ബി എലൈവ് ഇൻ കോൾമ’ എന്നാണ്.
മഹാനഗരമായി വികസിക്കുന്ന കാലത്തു തന്നെ സാൻഫ്രാൻസിസ്കോ നേരിട്ട വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു സ്ഥലപരിമിതി. കലിഫോർണിയൻ അധികൃതർ 1900 ൽ തന്നെ നഗരപരിധിക്കുള്ളിൽ ശവസംസ്കാരം നിരോധിച്ചു. അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട പ്ലേഗ് മഹാമാരിയും അതിനൊരു കാരണമായിരുന്നു. സ്ഥല ദൗർലഭ്യം രൂക്ഷമായതോടെ ഗ്രീക്ക് സംസ്കാരത്തിലെ നെക്രോപോളിസുകളെ മാതൃകയാക്കി സെമിത്തേരികൾക്കു മാത്രമായി ഒരു നഗരം നിർമിക്കുകയായിരുന്നു അധികൃതർ.

സാൻഫ്രാൻസിസ്കോയിൽ നിലനിന്ന സെമിത്തേരികൾ 1912 മുതൽ സമീപത്തുള്ള കാർഷിക ഗ്രാമമായ കോൾമയിലേക്കു മാറ്റി സ്ഥാപിച്ചു തുടങ്ങി. മരിച്ചവർക്കുള്ള നഗരമായ നെക്രോപോളിസ് പോലെ സെമിത്തേരികൾ നിറഞ്ഞ പ്രദേശത്തെ 1924 ൽ കോൾമ നഗരമായി അംഗീകരിച്ചു. ആദ്യകാലത്ത് ശവക്കുഴികളും സ്മാരകങ്ങളും തയാറാക്കുന്നവരും മരണാനന്തര കർമങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നവരും ആയിരുന്നു അവിടുത്തെ ‘ജീവനുള്ള’ താമസക്കാർ. സാൻഫ്രാൻസിസ്കോയിലെ താമസ സൗകര്യം പരിമിതമായിത്തുടങ്ങിയതോടെ മറ്റു തൊഴിലുകൾ ചെയ്യുന്നവരും ഇവിടെ താമസമാക്കി.
English Summary: Colma City Ciemetery City California