ചെലവ് 20 കോടിക്ക് മുകളില്‍; ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം

Mail This Article
കാല്‍നടയാത്രക്കാര്‍ക്കായുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പോര്‍ച്ചുഗലില്‍ യാത്രക്കാര്‍ക്കായി തുറന്നു. 516 മീറ്റര്‍ ആണ് ഇതിന്‍റെ നീളം. അരൂക 516 എന്നാണ് പാലത്തിന്‍റെ പേര്. യുനെസ്കോ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായ അരൂക ജിയോപാര്‍ക്കിനു മുകളിലായാണ് പാലം സ്ഥിതിചെയ്യുന്നത്.
ചുറ്റും പര്‍വതനിരകളും പച്ചപ്പു നിറഞ്ഞ താഴ്‌വരകളുമായതിനാല്‍ പാലത്തിലൂടെയുള്ള യാത്ര അതിസുന്ദരമായ അനുഭവമാണ്. അരൂക ജിയോപാര്‍ക്കിലൂടെ ഒഴുകുന്ന മനോഹരമായ പൈവ നദിക്ക് 175 മീറ്റര്‍ മുകളിലായതിനാല്‍ പാലത്തില്‍ നിന്നുള്ള കാഴ്ചക്ക് ഇരട്ടി മധുരമാണ്. ഏകദേശം പത്തു മിനിറ്റോളം നടക്കണം പാലത്തിന്‍റെ ഒരു വശത്ത് നിന്നും മറുവശത്ത് എത്താന്‍.
ഇംഗ്ലീഷ് അക്ഷരം 'V'യുടെ ആകൃതിയില്‍ ഇരുവശത്തും നിര്‍മിച്ച രണ്ടു കോണ്‍ക്രീറ്റ് ടവറുകളില്‍ നിന്നും സ്റ്റീല്‍ കേബിളുകള്‍ ഉപയോഗിച്ചാണ് പാലം താങ്ങി നിര്‍ത്തിയിരിക്കുന്നത്. 2018 മേയ് മാസത്തില്‍ തുടങ്ങിയ നിര്‍മ്മാണം ഇപ്പോഴാണ് പൂര്‍ത്തിയാകുന്നത്. ചെലവാകട്ടെ, ഏകദേശം 2.3 മില്ല്യന്‍ യൂറോയാണ്. ഇന്ത്യന്‍ രൂപ ഇരുപതു കോടിക്ക് മുകളില്‍ വരും ഇത്.

2017 ജൂലൈ 29 ന് തുറന്ന ചാൾസ് ക്വോനെൻ സസ്പെൻഷൻ ബ്രിഡ്ജിനെ പിന്തള്ളിയാണ് നീളത്തില്‍ അരൂക പാലം മുന്നിലെത്തിയത്.സ്വിറ്റ്‌സർലൻഡിലെ ഗ്രെച്ചനേയും സെർമാട്ടിനേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ഏകദേശം 500 മീറ്റർ ആണ് നീളം.
പോര്‍ച്ചുഗലിലെ വടക്കന്‍ പ്രദേശത്തുള്ള മെട്രോപൊളിറ്റന്‍ ഏരിയയിലാണ് അരൂക പട്ടണം സ്ഥിതിചെയ്യുന്നത്. കോവിഡ് കാരണം ഈ പ്രദേശത്തേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. പുതിയ പാലം കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. പ്രദേശവാസികളായ ആളുകളെല്ലാം കൂടുതല്‍ മികച്ച അവസരങ്ങള്‍ക്കായി വന്‍ നഗരങ്ങളിലേക്ക് ചേക്കേറിയതും ഇവിടത്തെ സമ്പദ്വ്യവസ്ഥയെ ബാധിച്ചിരുന്നു. ഏപ്രില്‍ 29 മുതല്‍ പ്രദേശവാസികള്‍ക്കായി തുറന്ന പാലം, വിദേശ സഞ്ചാരികള്‍ക്ക് മേയ് മൂന്നുമുതല്‍ സന്ദര്‍ശിക്കാനാവും. വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.
അരൂകയുടെ മുഴുവൻ പ്രദേശവും "അരൂക ജിയോപാർക്ക്" ആണ് ഇപ്പോള്‍. ഇത് യൂറോപ്യൻ ജിയോപാർക്ക്സ് നെറ്റ്‌വർക്കിലും ഗ്ലോബൽ ജിയോപാർക്ക്സ് നെറ്റ്‌വർക്കിലും അംഗത്വമുള്ള പ്രദേശമാണ് ഇവിടം. ഭൂമിശാസ്ത്രപരമായ പൈതൃകവും മികച്ച വിദ്യാഭ്യാസ പരിപാടികളും ജിയോടൂറിസത്തിന്‍റെ മുന്നേറ്റവും കാരണമാണ് അരൂക വേറിട്ടു നില്‍ക്കുന്നത്.
English Summary: Portugal opens world's longest pedestrian suspension bridge