എല്ലാവർക്കും പ്രവേശനമില്ല, ഇത് ‘ഹണിമൂൺ കാപിറ്റൽ ഓഫ് ദി വേൾഡ്’, ഇവിടുത്തെ കാഴ്ചകൾ അമ്പരപ്പിക്കും

Mail This Article
റോസാദളങ്ങളാൽ ചുറ്റപ്പെട്ട ഹൃദയാകൃതിയിലുള്ള ഹോട്ട് ടബ്ബുകൾ, നക്ഷത്ര നിബിഡമായ രാത്രിയിലെ ആകാശം കണ്ട് രാവുറങ്ങാൻ മേൽത്തട്ടുള്ള വൃത്താകൃതിയിലെ കിടക്കകൾ, രണ്ട് പേർക്ക് കുളിയ്ക്കാൻ റൂമിനകത്ത് ഏഴടി ഉയരമുള്ള ഷാംപെയ്ൻ-ഗ്ലാസ് ടബുകൾ, കേൾക്കുമ്പോൾ തന്നെ ഒരൽപ്പം സ്പൈസി ആയി തോന്നുന്നില്ലേ.എങ്കിൽ അമേരിക്കയിലെ അഡോൾട്ട്സ് ഓൺലി ഹോട്ടലിന്റെ ചില വിശേഷണങ്ങൾ മാത്രമാണ് ഈ പറഞ്ഞത്. ഹണിമൂൺ ആഘോഷിക്കാനും പങ്കാളിയുമൊത്തു വ്യത്യസ്തമായൊരു അവധിക്കാലം ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്കു പെൻസിൽവാനിയയിലെ അഡൾട്ട്സ് ഓൺലി റിസോട്ടുകൾ ഒരുക്കിയിരിക്കുന്ന കാഴ്ചകളിൽ ചിലത്.
∙ ഇവിടെ പലതും അമ്പരപ്പിക്കും
ഒരു കാലത്തു "ഹണിമൂൺ കാപിറ്റൽ ഓഫ് ദി വേൾഡ്" എന്ന് അറിയപ്പെട്ടിരുന്ന, ഇന്നും അതിന് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. പെൻസിൽവാനിയയിൽ നിന്നും പ്രവർത്തിക്കുന്ന ചില റിസോർട്ടുകൾ പ്രശസ്തമാകുന്നത് മുതിർന്നവർക്ക് മാത്രമുള്ള ഹോട്ടലുകളുടെയും അവയുടെ വിചിത്രമായ റൂം ഫീച്ചറുകളുടെയും പേരിലാണ്. ഹൃദയാകൃതിയിലുള്ള ടബുകളൊക്കെ ഇപ്പോൾ പല ഫൈവ് സ്റ്റാർ റിസോർട്ടുകളിലും കാണാനാകും. എന്നാൽ ഈ“ സ്‌നേഹത്തിന്റെ നാട്ടിൽ" സ്നേഹിക്കാൻ ഒരുപാടുണ്ട്. പെൻസിൽവാനിയയിലെ കോവ് ഹേവനിലെയും സഹോദര റിസോർട്ടുകളായ പൊക്കോണോ പാലസിലെയും പാരഡൈസ് സ്ട്രീമിലെയും മിക്ക മുറികളും ഇൻ-റൂം ജാക്കൂസികളാൽ സജ്ജീകരിച്ചിരിക്കുന്നു. അവയിൽ പലതും ഹൃദയത്തിന്റെ ആകൃതിയിലുള്ളവയാണ്. നിങ്ങൾ ബെഡ്റൂമിലേക്ക് കയറുമ്പോൾ ചുവന്നനിറത്തിലെ ഹൃദയാകൃതിയിലുള്ള ടബ് കാണാം. നേരത്തെ ആവശ്യപ്പെടുകയാണെങ്കിൽ ഹോട്ടൽ അധികൃതർ തന്നെ അതിൽ കുമിളകൾ നിറച്ചുനൽകും.

അടുത്തത് മുറിയുടെ ഒത്ത നടുക്ക് രണ്ട് തൂണുകൾക്കിടയിലായി വച്ചിരിക്കുന്ന ഒരു ഷാംപെയ്ൻ ഗ്ലാസാണ്. ഏഴടി പൊക്കമുള്ള ഈ ഷാംപെയ്ൻ ഗ്ലാസ് മാതൃകയിലുള്ളതാണ് ടബ്ബ്. സാധാരണ റിസോർട്ടുകളിൽ നിന്നും ഈ അഡോൾട്ട്സ് ഓൺലി ഹോട്ടലുകളെ വ്യത്യസ്തമാക്കുന്നത് ഈ ഷാംപെയ്ൻ ഗ്ലാസ് ടബ്ബ് അനുഭവം തന്നെയാണ്. തറയിൽ നിന്നും ഏഴടിയോളം പൊക്കത്തിൽ നിങ്ങൾ ഒരു ഗ്ലാസിനകത്ത് ഇരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചുനോക്കിയാൽ ഈ പറഞ്ഞ സംഭവത്തിന്റെ ഒരു ഏകദേശ ഫീൽ കിട്ടും.
∙ ഇതുകൊണ്ടൊന്നും തീരുന്നില്ല
ഈ പറഞ്ഞതൊക്കെ ഹോട്ടലിലെ റൂമുകളുടെ പ്രത്യേകതകളാണ്. നിങ്ങൾ അവിടെ ചെന്നിറങ്ങുന്നതുമുതൽ അവർ ഒരുക്കിവച്ചിരിക്കുന്ന കൗതുകങ്ങൾ അനവധിയാണ്. കുതിര-വണ്ടി സവാരി മുതൽ ഇൻഡോർ ഐസ് സ്കേറ്റിങ്, ബില്യാർഡ്സ്, XXX-റേറ്റുചെയ്ത "ന്യൂലിവെഡ് ഗെയിം" വരെ ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നു. ഇതിനൊന്നും അധിക നിരക്ക് ഈടാക്കുന്നില്ല. ഷാംപെയ്ൻ ഗ്ലാസ് ടബ്ബുകൾ എല്ലാ സ്യൂട്ടുകളിലുമുണ്ട്. എന്നാൽ കുറച്ചുകൂടി ആഡംബരം ആഗ്രഹിക്കുന്നവർക്കായി ഈഡൻ ഗാർഡൻ, ആപ്പിൾ സ്യൂട്ടുകൾ എന്നിവയും ഉണ്ട്. സാധാ മുറികളിലെ സൗകര്യങ്ങൾ ഇത്രയുമുണ്ടെങ്കിൽ ലക്ഷ്വറി മുറികളുടെ കാര്യം പറയണോ. 1963-ലാണ് കോവ് പൊക്കോണോ റിസോർട്ടുകൾ അതിന്റെ ഹൃദയാകൃതിയിലുള്ള ഹോട്ട് ടബ്ബ് ആദ്യമായി അവതരിപ്പിച്ചത്. താമസിയാതെ രാജ്യത്തെ പല ഹോട്ടലുകളും ഈ ഡിസൈൻ പകർത്താൻ തുടങ്ങി. ഹാർട്ട് ഷേപ്പ് ടബുകൾ എല്ലാവരും നിർമ്മിക്കാൻ തുടങ്ങിയതോടെ പൊക്കോണോ റിസോർട്ട് 1984-ൽ ഷാംപെയ്ൻ ഗ്ലാസ് ടബ് അവതരിപ്പിച്ചു. മാത്രമല്ല ഷാംപെയ്ൻ ഹോട്ട് ടബുള്ള സ്യൂട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി റിസർവ് ചെയ്യുകയും ചെയ്തു. ഇന്നും ഈ റിസോർട്ടിലെ പല മുറികളും കിട്ടാൻ മാസങ്ങൾ കാത്തിരിക്കണം.