കൈകൂപ്പി തൊഴുന്നതിന്റെ മാഹാത്മ്യം

Mail This Article
ക്ഷേത്രദർശനവേളയിലും ഭഗവൽ ചിത്രങ്ങളുടെ മുന്നിലും ബഹുമാന്യരെ കാണുമ്പോളും നാം കൈകൂപ്പി തൊഴാറുണ്ട്. രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെ പൊതുവെ നമസ്കാരം എന്ന് പറയപ്പെടുന്നു. കൂടാതെ കൈകൾ കൂപ്പി ശിരസ്സ് നമിച്ച് നമസ്കാരം, നമസ്തെ തുടങ്ങി ഉപചാരവാക്കും പറയാറുണ്ട്. എന്നാൽ ഇതിന്റെ പിന്നിലെ ശാസ്ത്രീയത പലരും മനസ്സിലാക്കാറില്ല.
നടരാജനായ ഭഗവാൻ ശിവശങ്കരനിൽ നിന്നു നാട്യാചാര്യനായ ഭരതമുനിക്കു സിദ്ധിച്ച നൃത്തകലയുടെ മുദ്രയാണ് കൂപ്പുകൈ അഥവാ നമസ്കാരം . ആരുടെ നേർക്കാണോ കൈകൂപ്പി തൊഴുന്നത് ആ ആളിന്റെ താല്‍പര്യവും ഇഷ്ടവും നമ്മുടേതിനു തുല്യമാണെന്നാണ് ഇതിലൂടെ അർഥമാക്കുന്നത് .
ക്ഷേത്രദർശനവേളയിൽ ഇരുകൈകളും താമരമൊട്ടിന്റെ രൂപത്തിൽ നെഞ്ചിനു നേരെ വരത്തക്കവിധത്തിൽ വേണം പ്രാർഥിക്കാൻ. കൂപ്പുകൈ കഴുത്തിനു നേരെയോ ഉദരത്തിനു നേരെയോ ആകരുത്. കൈവിരലുകൾ തമ്മിൽ പിണച്ചും ഭഗവൽ ദർശനം പാടില്ല .കൂടാതെ തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച് തൊഴാൻ പാടില്ല. അങ്ങനെ ചെയ്യുവാൻ പൂജാദികർമങ്ങൾ ചെയ്യുന്നവർക്കേ അർഹതയുള്ളൂ.
ക്ഷേത്ര ദർശനം പൂർണ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ കൂപ്പുകൈ വിധിയാം വണ്ണം ദർശനത്തിലുടനീളം പിടിച്ച് ഭഗവൽ മന്ത്രങ്ങൾ ജപിക്കണം. ഭഗവാന് മുന്നിലും മറ്റുള്ളവരുടെ മുന്നിലും നാം ഒന്നുമല്ല എന്നും നമസ്കാരം സൂചിപ്പിക്കുന്നു. "ന" എന്നാൽ അല്ല /ഇല്ല, "മ" എന്നാൽ ഞാൻ/എനിക്ക് എന്നുമാണർഥം .