ADVERTISEMENT

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം 2020 ജൂൺ 30നു മകരം രാശിയിൽ നിന്നു തൊട്ടുപിന്നിലെ ധനു രാശിയിലേക്കു കടന്നിരിക്കുന്നു.  വ്യാഴത്തിന്റെ ഓരോ രാശിമാറ്റവും വ്യക്തികളിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെന്നാണു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നത്.
ഈ കാലഘട്ടത്തിൽ വ്യാഴത്തിന് അതിചാരം എന്ന സവിശേഷത കൂടിയുണ്ട്. നിശ്ചിതസമയത്തെക്കാൾ വേഗത്തിൽ അടുത്ത രാശിയിലേക്കു കടക്കുന്നതിനെയാണു ഗ്രഹങ്ങളുടെ അതിചാരം എന്നു പറയുന്നത്.  ഈ കാലഘട്ടത്തിൽ വ്യാഴത്തിനു രണ്ടു തവണയാണ് അതിചാരം സംഭവിക്കുന്നത്.


സാധാരണ ഗതിയിൽ ഒരു രാശിയിൽ ഏതാണ്ട് ഒരു വർഷം എന്നതാണു വ്യാഴത്തിന്റെ സ്ഥിതിയുടെ കാലം. എന്നാൽ, 2019 നവംബർ 5നു വൃശ്ചികം രാശിയിൽ നിന്നു ധനു രാശിയിലേക്കു കടന്ന വ്യാഴം അഞ്ചു മാസത്തിനുള്ളിൽ, അതായത്, 2020 മാർച്ച് 30നു ധനുവിൽ നിന്നു മകരം രാശിയിലേക്കു കടന്നു. ഇത് വ്യാഴത്തിന്റെ അതിചാരം മൂലമാണ്. എന്നാൽ പിന്നീട് 2020 ജൂൺ 30നു പുലർച്ചെ 5.32നു വ്യാഴം വക്രഗതിയിൽ ധനു രാശിയിലേക്കു കടക്കുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
ഇനി ഈ വർഷം നവംബർ 20നു ധനു രാശിയിൽ നിന്നു വീണ്ടും മകരം രാശിയിലേക്കു കടക്കുന്നു. തുടർന്ന് നാലരമാസത്തിനു ശേഷം 2021 ഏപ്രിൽ 6നു മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടക്കുന്നു. ഇത് ഈ കാലഘട്ടത്തിലെ വ്യാഴത്തിന്റെ രണ്ടാമത്തെ അതിചാരം.


ഇങ്ങനെ വ്യാഴത്തിന് അതിചാരം വരുന്ന കാലഘട്ടങ്ങളിൽ ലോകത്തു രോഗദുരിതങ്ങളും മരണങ്ങളും നാശനഷ്ടങ്ങളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ ഉണ്ടാകുമെന്നു പണ്ടുതന്നെ ജ്യോതിഷഗ്രന്ഥങ്ങളിൽ പറഞ്ഞുവച്ചിട്ടുണ്ട്.
'ഏകസ്മിൻ വത്സരേ ജീവേ
രാശിത്രയമുപാഗതേ…
' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ പറയുന്നത് ഒരു വർഷത്തിനിടയിൽ വ്യാഴം മൂന്നു രാശികളിൽ സഞ്ചരിച്ചാൽ ലോകം മുഴുവൻ ദുരിതമുണ്ടാകും എന്നാണ്.  ഈ സാഹചര്യത്തിലാണു ഈ ജൂൺ 30നു നടന്ന വ്യാഴമാറ്റം ശ്രദ്ധേയമാകുന്നത്.  വക്രഗതിയിലുള്ള വ്യാഴം നല്ല ഫലം നൽകുമെന്നത് ആശ്വാസകരമാണ്.  


ജൂൺ 30നു നടന്ന വ്യാഴമാറ്റം ഓരോ കൂറുകാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.


'ജീവസ്ത്വസ്തതപോദ്വിപഞ്ചമഗതോ…' എന്നാണു ഫലദീപിക എന്ന ഗ്രന്ഥത്തിൽ പറയുന്നത്. ജന്മക്കൂറിൽ നിന്ന് 7, 9, 2, 5, 11 എന്നീ ഭാവങ്ങളിൽ വ്യാഴം നിൽക്കുന്ന കാലം അതതു കൂറുകാർക്കു തികച്ചും നല്ല ഫലങ്ങളായിരിക്കും അനുഭവപ്പെടുക എന്നർഥം.
അതനുസരിച്ച് മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ കൂറുകാർക്ക് ജൂൺ 30 മുതൽ നവംബർ 20 വരെ വ്യാഴം ധനുരാശിയിൽ നിൽക്കുന്ന കാലം തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും.  ഇതുവരെ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറി ദൈവാനുഗ്രഹത്താൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.


'ജീവേ ജന്മനി ദേശനിർഗമനമപ്യർഥച്യുതിം.…'  എന്നു തുടങ്ങുന്ന ശ്ലോകത്തിൽ വ്യാഴത്തിന്റെ ചാരവശാലുള്ള ഫലം വിശദമായി പറയുന്നു.  ഇതനുസരിച്ച് ജന്മക്കൂറിൽ നിന്ന് 1, 3, 4, 6, 8, 10, 12 എന്നീ ഭാവങ്ങളിൽ വ്യാഴം വരുന്ന കാലം ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട സമയമാണ്. അതായത് ഇടവം,  കർക്കടകം, കന്നി, തുലാം, ധനു, മകരം, മീനം എന്നീ കൂറുകളിൽ ജനിച്ചവർ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.


വ്യാഴം സ്വക്ഷേത്രമായ ധനു രാശിയിലാണ് എന്നതിനാലും വക്രബലവാനാണ് എന്നതിനാലും ഇപ്പറഞ്ഞ കൂറുകാർക്കു പോലും വലിയ ദോഷഫലങ്ങൾ അനുഭവപ്പെടുമെന്നു പേടിക്കേണ്ട കാര്യമില്ല.  ഈശ്വരനെ മനസ്സിൽ ഉറപ്പിച്ച് സ്വധർമം അനുഷ്ഠിക്കുക തന്നെയാണു ചെയ്യേണ്ടത്.
വ്യാഴത്തിന്റെ പ്രതികൂലസ്ഥിതി കൊണ്ടുള്ള ദോഷഫലങ്ങൾ കുറയ്ക്കാൻ വിഷ്ണുഭജനത്തിലൂടെ കഴിയുമെന്നു ജ്യോതിഷഗ്രന്ഥങ്ങൾ നിർദേശിക്കുന്നു.

English Summary : Jupiter Transit 2020 Dosha effect

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com