ADVERTISEMENT

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട െഎതിഹ്യം ഇങ്ങനെയാണ്: സന്യാസിവര്യനും അദ്ഭുതബാലകനുമായി ബന്ധപ്പെട്ട കഥയാണത്. വില്വമംഗലം സ്വാമിയാരോ തുളു ബ്രാഹ്മണനായ ദിവാകരമുനിയോ ആകണം. വില്വമംഗലം വാകച്ചാർത്തിന് ഒരുങ്ങി അഞ്ജനകാന്തിയാർന്ന തിരുവുടൽ ശംഖാഭിഷേകം നടത്താൻ നേരം കണ്ണൻ പിന്നിലൂടെ വന്നു സ്വാമിയുടെ കണ്ണു രണ്ടും പൊത്തിപ്പിടിച്ചു. ഒാർക്കാപ്പുറത്തായതിനാൽ സ്വാമി അൽപം പരിഭ്രമിച്ചു. കയ്യിൽനിന്നു ശംഖ് വഴുതിവീണു. അരിശത്താൽ ഉണ്ണിയെ പുറംകൈ കൊണ്ടു തട്ടിനീക്കി. അടക്കിയ ശബ്ദത്തിൽ വഴക്കു പറ‍ഞ്ഞു. ഇതെന്താ കണ്ണാ ഇങ്ങനെ വിളയാടാമോ? 

‘എന്നെ പുറംകൈ കൊണ്ടു തട്ടിയല്ലേ...? ആ ശബ്ദം പരിഭ്രമിച്ചു. 

 

ഇൗ സമയം കണ്ണൻ പറഞ്ഞു: എന്നെ ഇനി കാണണമെങ്കിൽ ‘അനന്തൻകാട്ടിൽ വരണം..’ ഞെട്ടിപ്പോയി, തിരിഞ്ഞു നോക്കിയപ്പോൾ കണ്ണന്‍ മറയുന്നതു കണ്ടു. കാൽച്ചിലമ്പിന്റെയും അരഞ്ഞാൺമണിയുടെയും കിലുക്കം കാതിൽ നിന്നു മറഞ്ഞു. കണ്ണിൽ ഇരുട്ടുകയറി എല്ലാം ഒരു വിധം ഒതുക്കി ഗൃഹത്തിൽ നിന്നു പുറത്തുവന്നു, ബോധമറ്റതുപോലെ കിടന്നു. എത്ര നേരം കിടന്നുവെന്ന് അറിയില്ല. പിന്നീട് അനന്തൻകാട്ടിലെത്തണമെന്നു തോന്നി. അനന്തൻകാട് എവിടെയാണെന്ന് അറിയില്ല. പലരോടും തിരക്കി തിരക്കി അവസാനം  ഒരു കാട്ടിലെത്തിച്ചേർന്നു. അപ്പോൾ ഒരു കുശവനും ഭാര്യയും  വഴക്കിടുന്നതു കേട്ടു. അവർ പറയുകയാണ്: താങ്കൾ ദിവസവും ഇതാണല്ലോ  പതിവ്‌. കള്ളു മോന്തി മടങ്ങുേന്നരം ഒരു കിഴിനെല്ലും കൊണ്ടുവരും. അതു വറുത്തു കുത്തി കഞ്ഞി വയ്ക്കണം. പറഞ്ഞ സമയത്തു തന്നെ നെല്ലു കുത്തി കഞ്ഞി വിളമ്പാൻ ഞാൻ പാക്കനാരുടെ പറച്ചിയാണോ. കുശവന് അരിശം മൂത്ത്‌, നിന്നെക്കൊണ്ടൊന്നും പറ്റുകയില്ല എല്ലാം വലിച്ചുവാരി അനന്തൻകാട്ടിലേക്കെറിഞ്ഞേക്ക് എന്നു പറഞ്ഞു. 

 

Padmanabhaswamy-Temple-Thiruvana

ഇതു കേട്ടമാത്രയിൽ ഞെട്ടിക്കുന്ന ആഹ്ലാദം സ്വാമിയാർക്കു ലഭിച്ചു. അനന്തൻകാട് എവിടെയെന്നു പിടികിട്ടിയല്ലോ. വേഗം ചെന്ന് അവരോട് അനന്തൻകാട് എവിടെയെന്നു ചോദിച്ചു മനസ്സിലാക്കി. അവിടെയെത്തിയപ്പോൾ ശ്രീപത്മനാഭരൂപം കാണാനിടയായി. നേദ്യം എന്തു നൽകുമെന്നു ചിന്തിച്ചു നിൽക്കുമ്പോൾ തൊട്ടടുത്തൊരു മാവിൽ കണ്ണിമാങ്ങ കാണുകയും അതിൽ നിന്നു കണ്ണിമാങ്ങ പൊട്ടിച്ചു ഭഗവാനു നിവേദ്യസമർപ്പണം നടത്തുകയും ചെയ്തു. ആ നിവേദ്യം ഇന്നും ശ്രീപത്മനാഭന് നടത്തുന്നുണ്ട്. കാസർകോട് ‌ജില്ലയിലെ അനന്തപുരം ക്ഷേത്രമിരിക്കുന്നിടത്താണു സന്യാസി പുറംകൈ കൊണ്ടു തട്ടിമാറ്റിയ സ്ഥലം.  തിരുവനന്തപുരത്തെ തിരുവല്ലത്തു ശിരസ്സും അനന്തൻകാട്ടിൽ ശരീരവും തൃപ്പാദപുരത്തു പാദങ്ങളുമായി ഉദ്ദേശം 18 മൈൽ നീളത്തിലായിരുന്നു ഭഗവാന്റെ ശയനം. വില്വമംഗലം സ്വാമിയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തിന്റെ ഊന്നുവടിയുടെ മൂന്നിരട്ടി മാത്രം ദൈർഘ്യം വരുമാറ് കണ്ണൻ വലുപ്പം കുറച്ചു. ആ സ്ഥലത്താണു മഹാരാജാവ് അനന്തപത്മനാഭസ്വാമിക്ഷേത്രം പണികഴിപ്പിച്ചത്. 

 

ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവുമായി സുദീർഘമായ ബന്ധമാണുള്ളത്. ശ്രീപത്മനാഭസ്വാമിക്കു രാജ്യത്തെ അവർ അടിയറ വച്ചു എന്നാണ് ഐതിഹ്യം. ഭഗവാനു വേണ്ടിയാണ് അവർ രാജ്യം ഭരിച്ചത്. ഉത്സവാഘോഷങ്ങളുടെ ആർഭാടം ഒരു പ്രത്യേകതയാണ്. മുറജപവും ആചാരക്രമങ്ങളുടെ പവിത്രത തെളിയിക്കുന്നതാണ്. 1750–ലെ തൃപ്പടിദാനത്തെത്തുടർന്നു ശ്രീപത്മനാഭൻ തിരുവിതാംകൂറിന്റെ അധിപനും രാജ്യത്തിന്റെ ഔദ്യോഗികചിഹ്നവുമായി മാറി. 

 

ശിൽപകലയുടെ അദ്ഭുതലീലകൾ

 

മേൽക്കൂരയോടു കൂടിയ ശിവേലിപ്പുരയ്ക്ക് 365 കരിങ്കൽത്തൂണുകളുണ്ട്. ഇവയ്ക്കു ദീപലക്ഷ്മിയുമുണ്ട്. വ്യാളികൾ കാവൽ നിൽക്കുന്നു. കിഴക്കേ നടവഴി വേണം വിശാലമായ നാടകശാലയിൽ പ്രവേശിക്കാൻ. ശീവേലിപ്പുരയിൽ കടന്ന് വടക്കുഭാഗത്തേക്കു നടന്നാൽ പണ്ട് 2000 പേർക്കു ഭക്ഷണം പാകം ചെയ്തിരുന്ന വലിയ മടപ്പള്ളിയും കാണാം. ഇവിടെ എന്നും ഉച്ചയ്ക്ക് അന്നദാനമുണ്ട്. അതിന്റെ സ്വാദിനൊരു പ്രത്യേകതയുണ്ട്. ഭഗവാനു നേദിച്ച നിവേദ്യമാണു ലഭിക്കുന്നത്. കിഴക്കു വടക്കു കോണിലായി അഗ്രശാലഗണപതിയെയും കാണാം. ഒപ്പം വിശാലമായ കിണറും കാണാം. തെക്കുഭാഗത്തു ശ്രീധർമശാസ്താവിനെയും പടിഞ്ഞാറ് തിരുവമ്പാടി ശ്രീകൃഷ്ണനെയും വടക്ക് ക്ഷേത്രപാലകനെയും കാണാം.

 

ഗോശാലകൃഷ്ണന്റെ വിശേഷങ്ങൾ

 

ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. ശ്രീകൃഷ്ണ പരമാത്മാവ് സ്വപ്നത്തിൽ പ്രത്യക്ഷനായി നിർദേശിച്ചതനുസരിച്ചു ഗുജറാത്തിലെ വിഷ്ണി വിഭാഗത്തിൽപ്പെട്ട 72 കുടുംബങ്ങൾ ചേർന്നാണു കൃഷ്ണവിഗ്രഹം ഇവിടേക്കു കൊണ്ടുവന്നത്. ശ്രീകൃഷ്ണഭഗവാന്റെ പിന്തുടർച്ചക്കാരാണെന്നാണു വയ്പ്. ഇന്നു കന്യാകുമാരിയിലെ പത്മനാഭപുരത്തു കേന്ദ്രീകരിച്ചിട്ടുള്ള ഈ വംശങ്ങൾ കൃഷ്ണൻ വഹക്കാർ എന്ന പേരിലാണറിയപ്പെടുന്നത്. ഇടതുകൈ തുടയിൽ വച്ച് വലതുകയ്യിൽ ചാട്ടയുമായി നിൽക്കുന്ന ഗോശാലരൂപത്തിലുള്ളതാണു വിഗ്രഹം.

 

ആഞ്ജനേയ സാന്നിധ്യം

 

ശ്രീപത്മനാഭനെ തൊഴുതുനിൽക്കുന്ന 21 ശിലാവിഗ്രഹങ്ങൾ നിരന്നുനിൽക്കുന്ന സ്ഥലത്ത് ഒരാൾ പൊക്കത്തോളം വരുന്ന ഹനുമാനെ കാണാം, ഒപ്പം ഗരുഡനെയും കാണാം. ഇതിലൂടെ സഞ്ചരിച്ചു ശ്രീകോവിലിനു മുന്നിലെത്തും. ഈ ‘ദിവ്യഹനുമാൻ’ രൂപത്തിൽ ചാർത്തുന്ന വെണ്ണ കേടാവുകയോ ഉറുമ്പോ മറ്റു പ്രാണികളോ കഴിക്കുകയോ ഇല്ല. അതികഠിനമായ ചൂടിലും ഈ വിഗ്രഹത്തിലെ വെണ്ണ ഉരുകാറില്ല. 1934ൽ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ വിഗ്രഹത്തിന് ഒന്നും സംഭവിച്ചില്ല. 

Padmanabhaswamy-Temple-845

 

അനന്തപത്മനാഭന്റെ ശ്രീകോവിലിനു മുമ്പിൽ നാലമ്പലത്തിലേക്കു കടന്നാൽ മധ്യഭാഗത്തായി ശ്രീകോവിൽ കാണാം. മൂന്നു വാതിലുള്ള നാലമ്പലം വിശാലമാണ്. ഭീമാകാരമായ ഒരു ശിലയിൽ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത മണ്ഡപമാണ്. ചതുരത്തിലെ പത്തും വൃത്താകൃതിയിലെ നാലും സ്വർണം പൊതിഞ്ഞ തൂണുകളും മുകൾത്തട്ടിൽ സ്വർണതോരണ അലങ്കാരപ്പണികളാലും രാജകീയ പ്രൗഢിയോടു കൂടിയതാണീ മണ്ഡപം. ഭാവി, ഭൂത വർത്തമാന പ്രതീകമായ മൂന്നു വാതിലുകളിലൂടെയാണു ശ്രീഅനന്തപത്മനാഭന്റെ പള്ളി കൊള്ളൽ കണ്ടു തൊഴേണ്ടത്.

 

ശ്രീ അനന്ത പത്മനാഭ വിഗ്രഹചൈതന്യ രഹസ്യം

 

വർഷങ്ങൾക്കു മുൻപു നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നെടുത്ത 12,008 സാളഗ്രാമ ശിലകള്‍കൊണ്ട് പതിനെട്ടര അടി നീളത്തിലാണു വിഗ്രഹം മെനഞ്ഞെടുത്തത്. രണ്ടര കൊല്ലം കൊണ്ടാണ് ഈ സാളഗ്രാം ആനകൾ ഇവിടെ എത്തിച്ചത്. ഉടൽ  മൂന്നു ചുരുളുകളാക്കിക്കിടക്കുന്ന അഞ്ചു പത്തിയുള്ള അനന്തന്റെ പുറത്ത്‌ അർധനിമീലിത നേത്രനായി യോഗനിദ്രയിൽ ശയിക്കുന്ന രൂപത്തിലാണു ഭഗവാന്റെ രൂപം. വലതു കൈയ്ക്കു താഴെ ശിവലിംഗവും ഇടതുകയ്യിൽ താമരമുകുളവുമുണ്ട്. ഭഗവാന്റെ നാഭിയിൽ നിന്നു വിടർന്ന താമരയിൽ ബ്രഹ്മാവ് ഇരിക്കുന്നു. അങ്ങനെ ഈ മഹാക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിനുള്ളിൽ തന്നെ പുണ്യാത്മാക്കളെ നയിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ കുടികൊള്ളുന്നു. നാഭിയിൽ പത്മമുള്ളതിനാൽ ശ്രീപത്മനാഭൻ ആയി. ശ്രീദേവി, ഭൂമിദേവി, ദിവാകരമുനി, മാർക്കണ്ഡേയമഹർഷി ഇവരുടെ ശക്തരായ വിഗ്രഹങ്ങൾ പ്രത്യേക പീഠങ്ങളാൽ മുഖാമുഖം രണ്ടു വരിയായുണ്ട്. മധ്യവാതിലിനു നേർക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവീയുടെയും ഭൂമിദേവിയുടെയും  വിഗ്രഹങ്ങൾ ഉണ്ട്.

 

ശ്രീരാമസാന്നിധ്യം

 

അനന്തപത്മനാഭനെ തൊഴുതിറങ്ങിയാൽ അവിടെത്തന്നെ വടക്കേ നടയ്ക്കു സമീപം പത്മനാഭനെ നോക്കിക്കൊണ്ടുനിൽക്കുന്ന ശ്രീരാമചന്ദ്രപ്രഭുവിന്റെയും സീതാദേവിയുടെയും ശ്രീലക്ഷ്മണന്റെയും രാജകീയവേഷ ഭൂഷാദികളോടു കൂടിയ വിഗ്രഹങ്ങൾ കാണാം.  വനവാസക്കാലത്തെ ആഡംബരരഹിതമായ വിഗ്രഹങ്ങളുമുണ്ട്, ഹനുമാൻ സ്വാമിയുണ്ട്. വെള്ളിയിലെ ഗണപതിയും ഉണ്ട്. തെക്കുഭാഗത്തായി ഒരു കയർ തൊട്ടിലിൽ ഉണ്ണിക്കണ്ണന്റെ കൽവിഗ്രഹമുണ്ട്. ഇവയിൽ വണങ്ങി പ്രാർഥിക്കുന്നതു ജന്മാന്തരദുരിതം മാറാനും സർവ ഐശ്വര്യത്തിനും നല്ലതാണ്. 

 

ഉഗ്രനരസിംഹമൂർത്തി വിഗ്രഹം

 

തെക്കേ നടയിലേക്കു പ്രവേശിക്കുന്നിടത്തു ചെമ്പു മേഞ്ഞ ഉപക്ഷേത്രത്തിൽ പഞ്ചലോഹനിർമിതമായ ഉഗ്രനരസിംഹ മൂർത്തി കുടികൊള്ളുന്നു. ശക്തിയും രൗദ്രവും ബോധ്യമായ ഒട്ടേറെ സംഭവങ്ങൾക്ക് ഇവിടെ അനുഭവസാക്ഷ്യം ഉണ്ട്. സ്വാതിതിരുനാൾ മഹാരാജാവിന്റെ സമയത്ത് ആറാട്ടുഘോഷയാത്രയ്ക്കിടയിൽ ഒരാനയെ ആരോ വിരട്ടി രാജാവിന്റെ നേർക്കു തിരിച്ചുവിട്ടു. തിരുമനസ്സു നിന്നിടത്തുതന്നെ നിന്നു നരസിംഹമൂർത്തിയെ ഭജിച്ചു. ഗജവീരൻ രാജാവിന്റെ മുന്നിലെത്തി മുട്ടുകുത്തി നിന്നു. പൊതുജനത്തിന്റെ മുന്നിൽ തിരുമനസ്സിനെ നരസിംഹത്തിന്റെ ഭാവത്തിലാണു കണ്ടത്. ആപത്തുകാലങ്ങളിൽ മുൻസൂചനയായി ക്ഷേത്രത്തിനുള്ളിൽ സിംഹത്തിന്റെ ഭയാനക ഗർജനം കേൾക്കാറുണ്ട്. രൗദ്രഭാവം കുറയ്ക്കുന്നതിനായി അന്നത്തെ കാലത്ത് ഒരു സന്യാസിവര്യൻ ചില ക്രിയകൾ ചെയ്യുമായിരുന്നു. അതിനു പാരിതോഷികമായി മണക്കാട് പള്ളിയുടെ അടുത്ത് കുറെ സ്ഥലം നൽകുകയും ആ സന്യാസിവര്യന്റെ ജീവൻ സമാധി നടക്കുകയും ഒരു ക്ഷേത്രം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. തീരാവ്യാധികൾക്കു പ്രാർഥന നടത്തിയാൽ അനുഭവം കൃത്യമായും ലഭിക്കുമെന്നാണു വിശ്വാസം.

 

വ്യാസമുനിയും അശ്വത്ഥാമാവും

 

വ്യാസമുനിയെയും അശ്വത്ഥാമാവിനെയും പ്രതിഷ്ഠിച്ച ഒരു അമ്പലം കാണാം. ശ്രീപത്മനാഭ സ്വാമിയുടെ തൃപ്പാദങ്ങൾക്കു നേരെയായിട്ടാണ് ഇവരുടെ പ്രതിഷ്ഠ.

 

താന്ത്രികപ്പെരുമ

 

വില്വമംഗലം സ്വാമിയാരുടെ പിന്തുടർച്ചയായി സ്വാമിയാർ പൂജ നടത്തിവരുന്നതിന്റെ പ്രത്യേക ചൈതന്യമുണ്ട് മന്ത്രതന്ത്രാദികൾക്കനുസൃതമായി ആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ സ്വാമിയാരാണു പൂജ നടത്തിവരുന്നത്. തൃശൂർ മഠം, മുഞ്ചിറ മഠം എന്നിവിടങ്ങളിൽനിന്നു സന്യാസിജീവിതം നയിക്കുന്ന ഇവർ ക്ഷേത്രഭരണച്ചുമതല വഹിക്കുന്ന എട്ടരയോഗത്തിലെ പ്രധാന അംഗങ്ങൾ കൂടിയാണ്. ഇരിങ്ങാലക്കുട ഗ്രാമത്തിലെ തരണനല്ലൂർ നമ്പൂതിരിമാർക്കാണു തന്ത്രാവകാശം. ശ്രീപരശുരാമൻ ഇവരുടെ മുൻഗാമികൾക്ക് ഉപദേശിച്ചു കൊടുത്ത സമ്പ്രദായമനുസരിച്ചാണു പൂജകൾ നടക്കുന്നത്. കുടശാന്തി (ഓലക്കുട) ധരിച്ചാണ് ഇവിടത്തെ പ്രധാന പൂജാരിമാർ എത്തുന്നത്. ആറാട്ടിനു ശീവേലിവിഗ്രഹം അകമ്പടിസേവിക്കുമ്പോൾ ഒഴികെ മറ്റു സമയങ്ങളിൽ ക്ഷേത്രത്തിനുള്ളിലും മിത്രാനന്ദപുരത്തെ നമ്പിമഠത്തിലും ആയി പുറപ്പെടാശാന്തിയാണിവർ. 

 

ചന്ദ്രഗിരിപ്പുഴയുടെ (മലബാർ) അക്കരെദേശികളും ഇക്കരെദേശികളുമായ തന്ത്രിമാരാണു പൂജ കഴിക്കുന്നത്‌. തുലാമാസത്തിലും (അൽപശി) മീനമാസത്തിലും (പങ്കുനി) പത്തു നാൾ നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവാഘോഷവും തിരുമനസ്സിന്റെ അകമ്പടിയോടു കൂടി വിപുലമായ ആറാട്ടുമഹോത്സവവും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെ പോയി സമീപത്തുള്ള ഏഴോളം ദേവീദേവന്മാരും എഴുന്നള്ളി ശംഖുമുഖം കടലിൽ ആറാട്ടു നടത്തുന്നു. ഈ ജലം കുടിച്ച് മത്സ്യങ്ങൾക്ക് മോക്ഷപ്രാപ്തി കിട്ടുന്നു. ആറുമാസത്തിലൊരിക്കൽ കളഭം നടത്തിവരുന്നു. പന്ത്രണ്ടു കളഭം തികയുമ്പോൾ വിശ്വപ്രസിദ്ധമായ മുറജപവും ലക്ഷദീപവും നടത്തിവരുന്നു. 24 വൈഷ്ണവകലകളുമായി ബന്ധപ്പെട്ട ചക്രാംബുജ പൂജയെന്ന ചടങ്ങും നിത്യവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ. ദശാവതാരങ്ങളുമുണ്ട്. രണ്ടു കൊടിമരമുണ്ട്. 

 

ശ്രീപത്മനാഭന്റെ നിവേദ്യങ്ങൾ

 

പാൽപ്പായസമാണു പ്രധാന നിവേദ്യം. പിന്നെ മേനിപ്പായസം, ഉണ്ണിയപ്പം, നെയ്‌വിളക്ക്‌, കറുത്ത വാവ്, ഏകാദശി, തിരുവോണം, പൊന്നിൻശീവേലി എന്നിവ കാണേണ്ടതാണ്.

 

പെരുന്തമൃതു പൂജ

 

വർഷത്തിൽ രണ്ടു തവണ നടത്തുന്ന കളകാഭിഷേകം കഴിഞ്ഞാണു പെരുന്തമൃതു പൂജ നടക്കുന്നത്. ധനുമാസത്തിലെയും മിഥുനമാസത്തിലെയും കളഭത്തിനു പിന്നിലാണിത്. സദ്യയും നവരത്നപായസവും തന്ത്രി നടത്തുന്നു. രാവിലെ എട്ടു മണിക്ക് അഭിശ്രവണ മണ്ഡപത്തിൽ 81 സ്വർണക്കുടങ്ങൾ കലശം നടത്തുന്നു. നാടിന്റെ സമൃദ്ധിക്കു വേണ്ടിയാണ് ഈ പൂജ അനന്തപത്മനാഭനു നിവേദ്യം നടത്തുന്നത്‌. അഞ്ചു കൂട്ടം പ്രഥമൻ ശർക്കരയും തേങ്ങാപ്പാലും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നവരത്നപ്പായസമെന്നാണു പറയുന്നത്. ഭഗവാന് ഏറ്റവും ഇഷ്ടമുള്ള പായസവുമാണ്‌. നവരത്നങ്ങൾ പതിച്ച പ്രത്യേക പാത്രത്തിലാണ് ഇത് ഭഗവാനു നിവേദിക്കുന്നത്. 

 

നവരത്നങ്ങൾ പതിച്ച സ്വർണപ്പറ നിറയെ പായസമെടുത്തു മണ്ഡപത്തിൽ വച്ചാണ് ഈ നിവേദ്യം നടക്കുന്നത്. നാലു കൂട്ടം വറുത്തുപ്പേരിയോടൊപ്പം മഹാസദ്യയും ഭഗവാനു നിവേദിക്കുന്നു. ശ്രീപത്മനാഭന്റെ എല്ലാ നിവേദ്യങ്ങളും ഒറ്റക്കൽ മണ്ഡപത്തിൽ കൊണ്ടുവച്ചു എല്ലാ ദിവസവും നിവേദ്യം നടത്തുന്നു എന്നത് എടുത്തു പറയേണ്ട വിശേഷമാണ്. സദ്യയും പായസ ഊട്ടും കണ്ടു തൊഴാനും ഈ നിവേദ്യം പ്രസാദമായി കിട്ടുവാനുമായി അമൃതസ്വരൂപികളായ ധാരാളം ഭക്തന്മാർ എത്തിച്ചേരുന്നുണ്ട്. ഈ അമൃത് കഴിക്കാനുള്ള ഭാഗ്യം കിട്ടുക എന്നതു ജന്മാന്തര സുകൃതം തന്നെയാണ്. ചിങ്ങമാസത്തിലെ തിരുവോണമാണ് അനന്തപത്മനാഭന്റെ ജന്മദിനം. അതുകൊണ്ടു തിരുവോണം വിപുലമായി ആഘോഷിക്കുക. എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ നൽകുമെന്നതും മനസ്സിലുറച്ച വിശ്വാസം.

(കടപ്പാട്: ഫെയ്സ്ബുക്ക് പേജ്: Sree Padmanabha Swamy Temple )

 

English Summary : History Behind Sree Padmanabha Swamy Temple

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com