പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നതിനു പിന്നിലുള്ള രഹസ്യം
Mail This Article
ഫാഷന്റെ ഭാഗമായും അല്ലാതെയും പല പെൺകുട്ടികളുടെയും കാലിൽ കറുത്ത ചരട് കാണാറുണ്ട് . ഒരു കാലിൽ മാത്രം ചരട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർധിപ്പിക്കാൻ മാത്രമല്ല ഇതിന്റെ പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്.
മിക്കവരും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത് . കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു പ്രീതികരമാണ് . ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്.
കുഞ്ഞുങ്ങളുടെ ഇരുപത്തെട്ടു കെട്ടിന് സാധാരണ കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ് അരയിൽ കെട്ടുന്നത് . കറുത്ത ചരടിൽ നിന്നും പഞ്ചലോഹത്തിൽ നിന്നുമുള്ള എനർജി കുഞ്ഞിനെ ചുറ്റുപാടിൽ നിന്നുള്ള നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷിക്കുന്നു എന്നാണ് ഇതിനു പിന്നിൽ ഉള്ള വിശ്വാസം. ഇത് പോലെ കാലിൽ ചരട് കെട്ടുമ്പോൾ ശരീരത്തിലും ചുറ്റുപാടിൽ നിന്നുള്ള പ്രതികൂല ഊർജത്തെ ഒഴിവാക്കാൻ സഹായിക്കും . വെറുതേ ചരട് കെട്ടിയാൽ പോലും അതിൽ നിന്ന് അനുകൂല ഊർജം ലഭിക്കുമെന്നാണ് വിശ്വാസം.
കറുത്ത ചരട് കാലിൽ ധരിക്കുമ്പോളും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അനുകൂല ഫലം വർധിപ്പിക്കും . ശനി , ചൊവ്വ എന്നീ ദിനങ്ങളിൽ സൂര്യോദയത്തിനു മുന്നേ കാലിൽ ചരട് ധരിക്കുന്നതാണ് ഉത്തമം . ഇടതുകാലിൽ ധരിക്കുന്നതിലും നല്ലത് വലതുകാലിൽ ധരിക്കുന്നതാണ് . നവഗ്രഹങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഒൻപതു കെട്ടുകൾ ചരടിൽ ഇടാം . ഒൻപത് എന്ന സംഖ്യയ്ക്ക് ഭാരതീയ ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും വളരെയധികം പ്രാധാന്യമുണ്ട്. കൂടാതെ ഒൻപത് എന്ന സംഖ്യ നവഗ്രഹങ്ങളിലെ കുജൻ അഥവാ ചൊവ്വയെ കുറിക്കുന്നു. ചരടിൽ വെള്ളി ലോക്കറ്റ് പോലുള്ളവ ധരിക്കുന്നത് ഇരട്ടിഫലം നൽകും . പക്ഷേ കാലിൽ കെട്ടുന്ന ചരടിൽ സ്വർണം ഒഴിവാക്കുക.
ചിലർ ഫാഷന്റെ പേരിലും മറ്റുചിലർ വിശ്വാസത്തിന്റെ പേരിൽ ജപിച്ചും ചരട് ധരിക്കാറുണ്ട് . ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം .
ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന് ചിലർക്കു സംശയം തോന്നാം. ആരാധനാലയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു പോസിറ്റീവ് എനർജിയാണ്. ഉത്തമനായ കർമി മന്ത്രോച്ചാരണത്തിലൂടെ ജപിച്ചു തരുന്ന ചരടിൽ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് ജ്യോതിഷ പ്രമാണം .മൂക്കോളം മുങ്ങി നിൽക്കുന്നവന് കച്ചിത്തുരുമ്പും രക്ഷയാവാം. അതുപോലെ ചരട് ജപിച്ച് കെട്ടിയാൽ ഭക്തന് ആത്മവിശ്വാസം വർധിക്കുകയും ഭയപ്പെടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുകയും ചെയ്യും എന്നാണ് വിശ്വാസം.
English Summary : Why Ladies Wear Black Thread in Leg