കൊടുങ്ങല്ലുരമ്മ കുറുംബയായി കുടികൊള്ളുന്ന ക്ഷേത്രം

Mail This Article
മലബാറിലെ ഭഗവതി ക്ഷേത്രങ്ങളിൽ പ്രശസ്തമാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം. കരിപ്പോടിയിലെ പെരുമുടിത്തറ, പനയാലിലെ മേൽത്തറ, കീഴൂരിലെ കീഴ്തറ എന്നിവയുടെ പരിധിയിൽ 30 പ്രാദേശിക സമിതികൾ ചേർന്നാണ് ഭരണ നിർവഹണം നടത്തുന്നത്. കാഞ്ഞങ്ങാടിനും കാസർകോടിനും തുല്യ ദൂരത്തിൽ കെഎസ്ടിപി റോഡിനോടു ചേർന്നാണ് ക്ഷേത്രം. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു തൊട്ടടുത്താണ് ക്ഷേത്ര ഭണ്ഡാര വീട്. പൂജാരി, കാരണവന്മാർ, ആയത്താർമാർ, വെളിച്ചപ്പാടൻ, കളക്കാരൻ, കലശക്കാരൻ, നാലീട്ടുകാരന്മാർ, തറയിൽ അച്ചന്മാർ തുടങ്ങിയവരും വീട്ടുകാരും ഉപതറയിൽ വീട്ടുകാരും പൂരക്കളി പണിക്കരും ചേർന്നാണ് അനുഷ്ഠാനങ്ങളും ക്ഷേത്രാചാരങ്ങളും നിർവഹിക്കുന്നത്.
അറബിക്കടലിലൂടെ പോയ പാണ്ഡ്യ രാജാവിന്റെ കപ്പൽപട തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനു നേരെ വെടിയുതിർത്തപ്പോൾ കൊടുങ്ങല്ലുരമ്മ തന്റെ ദൂതനെ തൃക്കണ്ണാടിലേക്കു അയച്ചുവെന്നും കൊടിയിലയിൽ കത്തിച്ച ദീപം വാങ്ങി കപ്പൽപടയെ നശിപ്പിച്ചെന്നും രക്ഷയ്ക്കായെത്തിയ പൊൻമകൾ കുറുംബയെ തന്റെ വലംഭാഗത്തു(പാലക്കുന്ന്) കുടിയിരുത്തിയെന്നുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം. തെറ്റിനു പ്രായശ്ചിത്തമായി പാണ്ഡ്യരാജാവ് കുറുന്തോട്ടിയുടെ കടഭാഗം തൃക്കണ്ണാടിലും കൊടിമരത്തിന് കൊടി ഭാഗം പാലക്കുന്നിലും സമർപ്പിച്ചുവത്രേ.
കർക്കടകത്തിൽ അടച്ച തിരുനട ചിങ്ങം സംക്രമത്തിനു തുറന്നാൽ ഭണ്ഡാര വീട്ടിൽ നന്ദാർ ദീപവും പ്രാർഥന കൂട്ടവും അടിച്ചു തളി ദീപാരാധനയും തുടങ്ങും. അന്നദാനം പ്രസാദമായി നൽകുന്ന സവിശേഷ നേർച്ചയാണ് 'കൂട്ടവും' 'അടിച്ചുതളി'യും.
തുലാ മാസത്തിലെ പത്താമുദയം, ധനു മാസത്തിലെ മറുപുത്തരി, തൃക്കണ്ണാട് ആറാട്ടുത്സവത്തിന്റെ തുടർച്ചയായെത്തുന്ന ഭരണിയും മീനമാസത്തിലെ പൂരവുമാണ് ക്ഷേത്രത്തിൽ കുല കൊത്തി നടത്തുന്ന പ്രധാന ഉത്സവങ്ങൾ. കർക്കടകത്തിലെ രാമായണ പഠനസത്രവും പ്രധാനമാണ്.
English Summary : Significance of Palakunnu Bhagavathi Temple